ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടാവുക ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ്. ജൂണ്‍ രണ്ടിനു ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം 29നാണ്. ബദ്ധവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ മല്‍സരങ്ങളും അമേരിക്കയിലാണ്.
ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ജൂണ്‍ ഒമ്പതിനാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്. 12നു അമേരിക്കയെയും 15നു കാനഡയെയും ഇന്ത്യ നേരിടും. ആദ്യത്തെ മൂന്നു മല്‍സരങ്ങളും ന്യൂയോര്‍ക്കിലും അവസാന കളി ഫ്‌ളോറിഡയിലുമാണ്.

ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട ബാറ്റര്‍ ആരാണെന്നു പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, ഇതിഹാസ താരമായ വിരാട് കോലിയോ, ലോകതത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവോ അല്ല ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് പീറ്റേഴ്‌സന്റെ വിലയിരുത്തല്‍.
പകരം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യം പോലും സംശയത്തിലുള്ള യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെയാണ് അദ്ദേഹം നിര്‍ണായക താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട താരമാണ് ഗില്ലെന്നും വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനാവുമെന്നും പീറ്റേഴ്‌സന്‍ വിലയിരുത്തി.
യശസ്വി ജയ്‌സ്വാളിന്റെ വരവോടെ ടി20 പ്ലെയിങ് ഇലവനില്‍ ഗില്ലിനു അടുത്തിടെ സ്ഥാനം പോലും നഷ്ടമായിരുന്നു. മാത്രമല്ല ടി20 ഫോര്‍മാറ്റിലേക്കു രോഹിത്തും മടങ്ങിയെത്തിയതോടെ ഗില്ലിന്റെ സാധ്യതകള്‍ക്കു കൂടുതല്‍ മങ്ങലുമേറ്റിട്ടുണ്ട്. ഇതിനിടെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍ ഗില്ലായിരിക്കുമെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ടി20 ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍ ഇന്ത്യയിലേതിനു സമാനമാണെന്നാണ് പീറ്റേഴ്‌സന്റെ നിരീക്ഷണം. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നമ്മള്‍ കാണാറുള്ള സാഹചര്യങ്ങളുമായി വളരെ സാമ്യമുള്ളതാണ് വിന്‍ഡീസിലേത്. വളരെ താഴ്ന്ന ബൗണ്‍സുള്ള വിക്കറ്റുകളായിരിക്കും അവിടുത്തേത്. അല്‍പ്പം സ്പിന്‍ ചെയ്യുമെങ്കിലും മനോഹരമായ വിക്കറ്റുകളായിരിക്കും വിന്‍ഡീസിലേതെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിനു ഏകദിനത്തിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഇപ്പോള്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാനമായി കളിച്ച 11 ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലും താരം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ആദ്യ ടെസ്റ്റിലും ഗില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ടി20യിലാവട്ടെ മോശം സ്‌ട്രൈക്ക് റേറ്റും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കാതെ പോവുന്നതും അദ്ദേഹത്തിനു തിരിച്ചടിയാണ്.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള സാധ്യത കൂടുതലാണെന്നു പീറ്റേഴ്‌സന്‍ പറയുന്നു. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.
കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ ട്രേഡ് വിന്‍ഡോയില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു തിരികെ പോയിരുന്നു. ഇതേ തുടര്‍ന്നാണ് ഗില്ലിനു ക്യാപ്റ്റനായി നറുക്കുവീണത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മാരക ഫോമിലായിരുന്നു താരം. 890 റണ്‍സ് വാരിക്കൂട്ടിയ ഗില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി മാറുകയും ചെയ്തിരുന്നു.
ഏകദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ ശരാശരി പ്രകടനം മാത്രമണ് ഗില്ലിനു കാഴ്ചവയ്ക്കാനായിട്ടുള്ളത്. ഏകദിനത്തില്‍ 29 മല്‍സരങ്ങളില്‍ നിന്നും 63.36 ശരാശരിയില്‍ 1584 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. പക്ഷെ ടി20 ക്രിക്കറ്റില്‍ 14 മല്‍സരങ്ങളില്‍ നിന്നും 26 ശരാശരിയില്‍ വെറും 335 റണ്‍സ് മാത്രമാണ് ഗില്ലിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ.