ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പോര് മുറുകവെ ഏറ്റവും ബെസ്റ്റ് ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. നിലവില്‍ ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു പിടിവലി. കെഎല്‍ രാഹുലിനും നേരിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്.
പക്ഷെ ഇവരൊന്നുമല്ല റിഷഭ് പന്താണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവേണ്ടതെന്നാണ് റെയ്‌നയുടെ അഭിപ്രായം. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. നിലവില്‍ കളിക്കളത്തിനു പുറത്താണ് റിഷഭ്. 2022 ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ ശേഷം താരം കളിച്ചിട്ടില്ല. പരിക്കില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി മുക്തനായിക്കഴിഞ്ഞെങ്കിലും മാച്ച് ഫിറ്റ്‌നസിലേക്കു ഇനിയുമെത്തിയിട്ടില്ല.

മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്ലിലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് തിരിച്ചുവന്നേക്കുമെന്നാണ് വിവരം. എങ്കിലും താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെയാണ് 26 കാരനായ റിഷഭ് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ വേണമെന്നു റെയ്‌ന ചൂണ്ടിക്കാട്ടിയത്.
തീര്‍ച്ചയായും റിഷഭ് പന്ത് ഇന്ത്യന്‍ സ്‌ക്വാഡില്‍ വേണമെന്നു ഞാന്‍ കരുതുന്നു. അവനെ ഉറപ്പായും ടീമിലേക്കു പരിഗണിക്കണം. റിഷഭ് ഗെയിം ചേഞ്ചറാണ്. മുമ്പ് അവന്‍ അതു ചെയ്തിട്ടുമുള്ളതാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരമാണ് റിഷഭെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.
പക്ഷെ റിഷഭ് പന്തിന്റെ ഫിറ്റ്‌നസ് ചിത്രത്തിലേക്കു വരിക തന്നെ ചെയ്യും. ടി20 ലോകകപ്പിന്റെ സയത്തു റിഷഭ് എത്ര മാത്രം ഫിറ്റാണെന്നതും ഫോമിലാണെന്നതും പ്രധാനമായിരിക്കും. ഇതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. റിഷഭ് ഫിറ്റാണെങ്കില്‍ അവന്‍ ലോകകപ്പ് ടീമില്‍ വേണമെന്നും റെയ്‌ന നിരീക്ഷിച്ചു.
2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ മിര്‍പൂരില്‍ നടന്ന ടെസ്റ്റിലാണ് റിഷഭ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയത്. ഇന്ത്യക്കായി താരം ഇതിനകം 66 ടി20കളിലും 30 ഏകദിനങ്ങളിലും 33 ടെസ്റ്റുകളിലും കളിച്ചിട്ടുണ്ട്.
ഐപിഎല്ലിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് റിഷഭായിരിക്കുമെന്നു ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു കഴിഞ്ഞു. പക്ഷെ സീസണിലെ ആദ്യത്തെ മല്‍സരം മുതല്‍ താരം കളിക്കുമോയന്നും മുഴുവന്‍ മല്‍സരങ്ങളിലും സേവനം ലഭിക്കുമോയെന്ന കാര്യത്തിലും ഇനിയും ഉറപ്പില്ല.

ദിവസങ്ങള്‍ക്കു മുമ്പ് അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ ടീമംഗങ്ങളെ സന്ദര്‍ശിക്കാന്‍ റിഷഭ് എത്തിയിരുന്നു. നെറ്റ്‌സില്‍ സഹതാരങ്ങളോടൊപ്പം അല്‍പ്പസമയം പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനമാണ് റിഷഭ് നാട്ടിലും വിദേശത്തുമെല്ലാം നേരത്തേ കാഴ്ചവച്ചിട്ടുള്ളതെങ്കിലും ടി20യിലെ പ്രകടനം അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു. ടി20യില്‍ 66 മല്‍സരങ്ങളിലായി 56 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 22.43 ശരാശരിയില്‍ 987 റണ്‍സാണ് റിഷഭിനു നേടാനായത്.
വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ 50ലേറെ ഇന്നിങ്‌സുകള്‍ കളിച്ചിട്ടും താരത്തിന്റെ പേരിലുള്ളൂവെന്നതു പോരായ്മയാണ്. 126.54 എന്ന അത്ര ആകര്‍ഷകമല്ലാത്ത സ്‌ട്രൈക്ക് റേറ്റുമാണ് റിഷഭിനുള്ളത്. ടെസ്റ്റില്‍ 43.67 ശരാശരിയും ഏകദിനത്തില്‍ 34.6 ശരാശരിയും അദ്ദേഹത്തിനുണ്ട്. പക്ഷെ ടി20യില്‍ ഇതേ മികവ് താരം ഇതുവരെ പുറത്തെടുത്തിട്ടില്ല.