T20 World Cup 2024: ഇഷാനും ജിതേഷുമല്ല, ലോകകപ്പില്‍ സഞ്ജു കീപ്പറാവണം- റെയ്‌ന പറയുന്നു
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയിട്ടുണ്ട്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര ഉറപ്പിക്കാനുറച്ചാവും ഇന്ത്യ കളത്തിലിറങ്ങുക. ടി20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന പദ്ധതിയാണ് ഇന്ത്യ അഫ്ഗാന്‍ പരമ്പരയില്‍ നടപ്പിലാക്കുന്നത്.
മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇവരുടെയെല്ലാം ടി20 ലോകകപ്പിലെ സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ അഫ്ഗാന്‍ പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. ടി20 ലോകകപ്പില്‍ പല റോളിലും ഇന്ത്യ ആരെ കളിപ്പിക്കണമെന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പല ചോദ്യങ്ങളും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. അതിലൊന്ന് വിക്കറ്റ് കീപ്പറായി ആരെന്നതാണ്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് അവസരം തേടുന്നത്.
പരിക്കേറ്റ് വിശ്രമത്തിലുള്ളതിനാല്‍ റിഷഭ് പന്ത് ഈ സ്ഥാനത്തിനായി മത്സരിക്കുന്നില്ല. നിലവില്‍ ഇന്ത്യ ഇഷാനും ജിതേഷിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സഞ്ജുവും രാഹുലും ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. എന്നാല്‍ ഇന്ത്യ ടി20 ലോകകപ്പില്‍ പരിഗണിക്കേണ്ടത് സഞ്ജു സാംസണെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. അതിന്റെ കാരണവും റെയ്‌ന പറയുന്നു.
'വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. റിഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരാന്‍ പോവുകയാണ്. കെ എല്‍ രാഹുല്‍ മികച്ച ഫോമില്‍ കളിക്കുന്നു. സഞ്ജു സാംസണും ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനും നിലവില്‍ ടീമില്‍ സജീവമാണ്. വളരെ നിര്‍ണ്ണായകമായ റോളാണിത്. സഞ്ജു സാംസണെ എഴുതിത്തള്ളാനാവില്ല. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു. വിക്കറ്റിന് പിന്നില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള സഞ്ജുവിനെ നായകനെന്ന നിലയിലും ഉപയോഗിക്കാം.

അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവന് സാധിക്കുന്നുണ്ട്. ജിതേഷും രാഹുലും ഇഷാനുമെല്ലാം അവിടെയുണ്ട്. എന്നാല്‍ മധ്യനിരയില്‍ സഞ്ജു സാംസണ്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിക്കപ്പ് ഷോട്ടുകള്‍ നന്നായി കളിക്കാന്‍ സഞ്ജുവിനാവും. അഫ്ഗാനിസ്ഥാന്‍ പരമ്പരയും ഐപിഎല്ലും ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജുവിന് നല്‍കുന്നത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് സഞ്ജു'- റെയ്‌ന പറഞ്ഞു.
എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജു കളിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ജിതേഷ് ശര്‍മയെയാണ് കളിപ്പിച്ചത്. സഞ്ജു സാംസണെ പ്ലേയിങ് 11ന് പുറത്തിരുത്തുകയും ചെയ്തു. സഞ്ജുവിന്റെ സ്ഥിരതയാണ് പ്രശ്‌നം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന സെഞ്ച്വറി നേടിയതോടെ സഞ്ജുവിന് കൂടുതല്‍ പരിഗണന ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ടി20 ടീമില്‍ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല.
ഇന്ത്യക്കായി ടി20 കളിച്ചപ്പോള്‍ സഞ്ജുവിന് പ്രതീക്ഷിച്ച മികവ് കാട്ടാനായിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ സഞ്ജു പുലിയാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം ലഭിച്ച അവസരങ്ങളെല്ലാം സഞ്ജു നശിപ്പിച്ചു. നിലവില്‍ ഇഷാനും ജിതേഷിനുമാണ് ഇന്ത്യയുടെ ടി20 ടീമില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നത്.
സഞ്ജു ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജു ടി20 ലോകകപ്പിനുള്ള ടീമില്‍ പോലും ഇടം ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications