ബ്രിഡ്ജ്ടൗണ്‍: കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പിന്റെ ഫൈനല്‍ എത്തുകയാണ്. കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കൂട്ടിയാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തോല്‍വി അറിയാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ കന്നി ടി20 ലോകകപ്പ് ഫൈനലാണിത്.
അതേ സമയം ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടമെന്ന മോഹത്തോടെയാണ് ഫൈനലിനിറങ്ങുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയാണ് അലമാരയിലെത്തിച്ചത്. പിന്നീട് പല തവണ ഫൈനലിലും സെമിയിലുമെല്ലാം എത്താന്‍ ഇന്ത്യക്കായെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയ കിരീട പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. പൊതുവേ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടം നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ ഫൈനലിലെ ഫേവറേറ്റുകള്‍ ഇന്ത്യയല്ല ദക്ഷിണാഫ്രിക്കയാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്താണ്. ഇന്ത്യയുടെ ബൗളിങ് നിരയെക്കാളും ശക്തം ദക്ഷിണാഫ്രിക്കയുടേതാണ്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ മാത്രമാണ് സ്ഥിരതയോടെ പന്തെറിയുന്നത്. അര്‍ഷ്ദീപ് സിങ്ങിന് സെമിയില്‍ വിക്കറ്റ് നേടാനായിട്ടില്ല.
7 മത്സരത്തില്‍ നിന്ന് 15 വിക്കറ്റുമായി വിക്കറ്റ് നേട്ടക്കാരില്‍ അര്‍ഷ്ദീപ് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ നിര്‍ണ്ണായക സെമിയില്‍ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഹാര്‍ദിക്കിനും സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ല. അതേ സമയം ദക്ഷിണാഫ്രിക്കന്‍ പേസ് നിരയില്‍ എല്ലാവരും ശക്തമാണ്. മാര്‍ക്കോ യാന്‍സന്‍, ആന്റിച്ച് നോക്കിയേ, കഗിസോ റബാഡ എന്നിവര്‍ സ്ഥിരതയോടെ പന്തെറിയുന്നു.

ഇവരുടെ തകര്‍പ്പന്‍ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. സെമിയില്‍ അഫ്ഗാനെ തകര്‍ത്തടുക്കിയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ഇന്ത്യ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതേ മികവുള്ള സ്പിന്നര്‍ ദക്ഷിണാഫ്രിക്കയ്ക്കുമുണ്ട്. അത് തബ്രൈസ് ഷംസിയാണ്. താരം മികച്ച പ്രകടനം നടത്തുന്നത് ഇന്ത്യക്ക് വലിയ ഭീഷണിയാണ്. രണ്ടാമത്തെ കാരണം ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ്.
ചില താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവര്‍ ഫോമിലല്ല. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജം നല്‍കുന്നത്. ഇവര്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യ പതറാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമിനെക്കാള്‍ കൂടുതല്‍ മാച്ച് വിന്നര്‍മാരുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമാണ്. ക്വിന്റന്‍ ഡീകോക്ക്, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ടി20യില്‍ മികച്ച റെക്കോഡുള്ളവരാണ്.
എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ് എന്നിവരേയും ഭയക്കണം. ഇന്ത്യയെ വിറപ്പിക്കാനുള്ള ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 26 ടി20യില്‍ 14 മത്സരവും ജയിച്ചത് ഇന്ത്യയാണ്. 11 തവണയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. എന്നാല്‍ പേസിന് മുന്‍തൂക്കമുള്ള വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് മുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം അവകാശപ്പെടാന്‍ സാധിക്കും.
ഇത് ഇന്ത്യ കരുതിയിരിക്കേണ്ടതാണ്. എല്ലാവരും ദക്ഷിണാഫ്രിക്കയുടെ ഭാഗ്യക്കേടിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഭാഗ്യക്കേട് അതിലും മുകളിലാണ്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഫൈനലില്‍ ഇന്ത്യയെ നിര്‍ഭാഗ്യം വേട്ടയാടാന്‍ സാധ്യത കൂടുതലാണ്. സ്വന്തം തട്ടകത്തില്‍ ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സുവര്‍ണ്ണാവസരം ലഭിച്ചതാണ്. എന്നാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചില്ല.
ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. 2013ന് ശേഷം കപ്പിനും ചുണ്ടിനുമിടയില്‍ നിരവധി തവണ ഇന്ത്യക്ക് കപ്പ് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക ആദ്യമായാണ് ടി20 ലോകകപ്പ് ഫൈനലിലേക്കെത്തുന്നത്. ഇത്തവണ പല തവണ ദക്ഷിണാഫ്രിക്കയെ ഭാഗ്യം തുണച്ചു. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ഇന്ത്യയെക്കാള്‍ കിരീട സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണെന്ന് അനുമാനിക്കാം.