Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ചരിത്രം വഴിമാറും, ഇത്തവണ കിരീടം അവര്‍ക്ക്! ഹുസൈന്റെ വന്‍ പ്രവചനം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏക ടൂര്‍ണമെന്റായ ടി20 ലോകകപ്പിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ജൂണിലാണ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ്. മുന്‍നിര ടീമുകളെല്ലാം ഇതിനുള്ള പടയൊരുക്കം ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആരു പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് ടീമിനെയാണ് ടി20 ലോകകപ്പിലെ ചാംപ്യന്‍മാരായി ഹുസൈന്‍ പ്രവചിച്ചത്.

നിലവിലെ ചാംപ്യന്‍മാരും തന്റെ രാജ്യവുമായ ഇംഗ്ലണ്ടോ, കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള ഇന്ത്യയോ, ഓസ്‌ട്രേലിയയോ ആവില്ല ഇത്തവണ ടി20 ലോകകപ്പിലെ വിശ്വവിജയികളാവുകയെന്നാണ് ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു വരെ ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ജേതാക്കളായിട്ടില്ലാത്ത, ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്നു വിളിക്കപ്പെടുന്ന സൗത്താഫ്രിക്കയെയാണ് ഹുസൈന്‍ വിജയികളായി പ്രവചിച്ചത്.

SOUTH AFRICA

ടി20 ലോകകപ്പില്‍ അടുത്ത തവണ ആരായിരിക്കും ചാംപ്യന്‍മാരാവുക എന്നതിനെക്കുറിച്ചു യഥാര്‍ഥത്തില്‍ ഞാന്‍ ഒരുപാടൊന്നും ചിന്തിച്ചിട്ടില്ല. പക്ഷെ ഞാന്‍ ഇത്തവണ സൗത്താഫ്രിക്കന്‍ ടീമിനോടൊപ്പമാണന്നും ഐസിസിയോടു സംസാരിക്കവെ ഹുസൈന്‍ വ്യക്തമാക്കി.

നിലവിലെ ചാംപ്യന്‍മാര്‍ ഇംഗ്ലണ്ടാണ്. പക്ഷെ ഇപ്പോള്‍ അത്ര മികച്ച പ്രകടനമല്ല അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ എത്തുമോയെന്നറിയില്ല. സൗത്താഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഫൈനലെന്നു താന്‍ കരുതുന്നതായും ഹുസൈന്‍ പറഞ്ഞു.

ഫൈനലില്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാല്‍ ആരാവും ജയിക്കുകയെന്നു ഞാന്‍ ഉറപ്പിച്ചു പറയില്ല. കാരണം കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയായിരിക്കും ചാംപ്യന്‍മാരാവുകയെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ ഇന്ത്യക്കു അതു സാധിച്ചില്ലെന്നു ഹുസൈന്‍ നിരീക്ഷിച്ചു.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഞാന്‍ ഉറ്റുനോക്കുന്ന താരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ്. പക്ഷെ ബട്‌ലറായിരിക്കും ടൂര്‍ണമെന്റിലെ കേമനെന്നു ഞാന്‍ പറയില്ല. കാരണം ബട്‌ലര്‍ ഫോമിലേക്കു തിരിച്ചെത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

ലോക കിരീടം ഇംഗ്ലണ്ട് നിലനിര്‍ത്തണമെന്നും എനിക്കു ആഗ്രഹമുണ്ട്. പക്ഷെ ടൂര്‍ണമെന്റില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കേണ്ട താരം റാങ്കിങില്‍ തലപ്പത്തുള്ള ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ്. ഇതുപോലെ ബാറ്റ് ചെയ്യുന്ന മറ്റൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി.

SURYAKUMAR YADAV

മിസ്റ്റര്‍ 360യെന്നതു ക്ലീഷേയായി മാറിയിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ ചില ഷോട്ടുകള്‍ അതിശയിപ്പിക്കുന്നതാണ്. ഏകദിന ക്രിക്കറ്റില്‍ എപ്പോഴാണ് താന്‍ അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കേണ്ടതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അദ്ദേഹത്തിനറിയില്ല. പക്ഷെ ടി20 ക്രിക്കറ്റില്‍ എന്താണ് താന്‍ ചെയ്യേണ്ടതെന്നു സ്‌കൈയ്ക്കു നന്നായി അറിയാം. ടി20യില്‍ സ്‌കൈയുടെ ബാറ്റിങ് കാണുകയെന്നതു നല്ല രസമാണന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

പേസര്‍മാരായ ആന്‍ട്രിച്ച് നോര്‍ക്കിയ, സിസാന്‍ഡ മഗാല എന്നിവരുടെ മടങ്ങിവരവ് ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. സൗത്താഫ്രിക്കയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടി20 ടൂര്‍ണമെന്റായ എസ്എ20യുടെ വരവ് ദേശീയ ടീമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

സമീപകാലത്തു സൗത്താഫ്രിക്കന്‍ ടീം മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ കഴിഞ്ഞാല്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു അവര്‍. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് സൗത്താഫ്രിക്ക സെമി ഫൈനലിലേക്കു കുതിച്ചത്. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കളി മറന്ന അവര്‍ ഒരിക്കല്‍ക്കൂടി പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു.

Story first published: Wednesday, January 3, 2024, 12:01 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+