T20 World Cup 2024: ടി20 ലോകകപ്പ് ആര് നേടും? ഇന്ത്യക്ക് സാധ്യതയില്ല! യുവരാജ് പ്രവചിക്കുന്നു
മൊഹാലി: ഏകദിന ലോകകപ്പിന്റെ ആവേശം അവസാനിച്ച് ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ഇനി ആറ് മാസം മാത്രമാണുള്ളത്. എല്ലാ ടീമുകളും ഇതിനോടകം ശക്തമായ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെല്ലാം തന്നെ ടി20യില്‍ കപ്പിലേക്കെത്താന്‍ കരുത്തുള്ളവരാണ്.
ഇന്ത്യ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പും കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആരാവും ടി20 ലോകകപ്പ് കിരീടം ചൂടുകയെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും നല്‍കാനുണ്ടാവുക. പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനം നടത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് തന്റെ പ്രവചനം പങ്കുവെച്ചിരിക്കുകയാണ്.

ടി20 ലോകകപ്പ് കിരീടം ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമൊന്നും നേടില്ലെന്നും ദക്ഷിണാഫ്രിക്കയാവും കപ്പടിക്കുകയെന്നുമാണ് യുവരാജ് പറയുന്നത്. 'പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാവും ഇക്കാര്യത്തില്‍ ഉണ്ടാവുക. എന്നാല്‍ ദക്ഷിണാഫ്രിക്ക കപ്പ് നേടുമെന്നാണ് കരുതുന്നത്. ഇതുവരെ ഐസിസി ട്രോഫി നേടാന്‍ അവര്‍ക്കായിട്ടില്ല. ഏകദിന ലോകകപ്പിലെ അവരുടെ പ്രകടനം ഗംഭീരമായിരുന്നു. പാകിസ്താനേയും ലോകകപ്പില്‍ കരുതിയിരിക്കണം'- യുവരാജ് പറഞ്ഞു.
ഇത്തവണ എല്ലാ ടീമും ഒന്നിനൊന്ന് മെച്ചമാണ്. മികച്ച ടീം കരുത്ത് എല്ലാവര്‍ക്കും അവകാശപ്പെടാം. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ നായകന്റെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണ്. ഏപ്രില്‍ അവസാനത്തോടെയേ ഹാര്‍ദിക് മടങ്ങിവരാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യ രോഹിത് ശര്‍മയെ നായകനാക്കിത്തന്നെ ടി20 ലോകകപ്പിനിറങ്ങാനാണ് സാധ്യത.
മികച്ച യുവതാരങ്ങളെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാനായിട്ടുണ്ട്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നിവരെല്ലാം ടി20യില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവരാണ്. ഇവരെല്ലാം സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ടി20 ലോകകപ്പില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയേക്കും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലേയും അമേരിക്കയിലേയും സാഹചര്യം പല യുവതാരങ്ങള്‍ക്കും അറിയത്തില്ല. അനുഭവസമ്പത്തിന്റെ കുറവ് ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത.
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയെ ഭയക്കണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി നിരവധി പ്രതിഭകളുണ്ട്. സംതുലിതമായ താരനിരയാണ് ഓസ്‌ട്രേലിയക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ ഓസീസ് നിരയേയും ഭയക്കണം. നിലവിലെ ടി20 ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെ ഭയക്കണം. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, മാര്‍ക്ക് വുഡ്, ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍ തുടങ്ങി ടി20 സ്‌പെഷ്യലിസ്റ്റുകളുടെ നിരയാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ എല്ലാ വമ്പന്മാര്‍ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നുറപ്പാണ്. ഏകദിന ലോകകപ്പിലെ ക്ഷീണം ടി20 ലോകകപ്പില്‍ തീര്‍ക്കാനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക.
ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പവും മികച്ച താരനിരയാണുള്ളത്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, തബ്രൈസ് ഷംസി, ജെറാള്‍ഡ് കോയിറ്റ്‌സി, ഡേവിഡ് മില്ലര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ അവരും കരുത്തരാണ്. എന്നാല്‍ പാകിസ്താനെ വന്‍ ശക്തികളെന്ന് പറയാനാവില്ല. സമീപകാലത്തെ ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. അതുകൊണ്ടുതന്നെ പാകിസ്താനില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications