അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നിലവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത് അദ്ദേഹമാണ്.
പക്ഷെ അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദിക്കല്ല, മറിച്ച് രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ക്യാപ്റ്റനായി വരണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം ഇന്ത്യക്കു ഈ ടൂര്‍ണമെന്റില്‍ ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ല. ഈ കാത്തിരിപ്പ് അടുത്ത വര്‍ഷം അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. കൂടാതെ 10 വര്‍ഷത്തിലേറെയായി ഒരു ഐസിസി ട്രോഫി പോലും നേടിയിട്ടില്ലെന്ന നാണക്കേടും ഇന്ത്യക്കു തീര്‍ക്കേണ്ടതുണ്ട്.

2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യ ജേതാക്കളായിട്ടില്ല. ഇത്തവണ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഈ ലക്ഷ്യത്തിനു തൊട്ടിരികില്‍ വരെയെത്തിയെങ്കിലും ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ കാലിടറി വീഴുകയായിരുന്നു.
രോഹിത്തിനെയും വിരാട് കോലിയെയും തീര്‍ച്ചയായും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെടുക്കണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടൂര്‍ണമെന്റില്‍ രോഹിത്തിനെ നായകനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ ടി20യില്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും അടുത്ത ടി20 ലോകകപ്പില്‍ രോഹിത് തന്നെയാവണം ടീമിനെ നയിക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി.
സമാപിച്ച ഏകദിന ലേകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. രോഹിത് ശര്‍മയെ ടി20 ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെടുത്തിയാല്‍ വിരാട് കോലിയെയും സ്വാഭാവികമായി തന്നെ ടീമിലെടുക്കും. ടി20 കളിക്കാന്‍ രോഹിത് തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ബാറ്ററായി മാത്രം ടീമിലുള്‍പ്പെടുത്താന്‍ പാടില്ല. ക്യാപ്റ്റന്‍സി കൂടെ നല്‍കണമെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ടി20 ഫോര്‍മാറ്റില്‍ രോഹിത്തും കോലിയും തുടര്‍ന്നു കളിക്കുമോയെന്നാ കാര്യം ഇപ്പോഴും സംശയമാണ്. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റ് ഇന്ത്യ പുത്തായതിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും ഇരുവരും വിട്ടുനില്‍ക്കുകയാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മാത്രമേ അതിനു ശേഷം രോഹിത്തും കോലിയും കളിച്ചിട്ടുള്ളൂ. ഭാവിയെക്കുറിച്ച് ഇരുവരുമായി ബിസിസിഐ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതിനു അനുസരിച്ചായിരിക്കും ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം തയ്യാറെടുപ്പ് നടത്തുക.
രോഹിത് ടി20യിലേക്കു മടങ്ങിവരാന്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കില്‍ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കു കീഴില്‍ തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക. ടി20, ഏകദിനം എന്നിവ മതിയാക്കി ടെസ്റ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രോഹിത് ആലോചിക്കുന്നതായും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ 2025ലാണ് അവസാനിക്കുന്നത്. അതു വരെ ടെസ്റ്റില്‍ കളിച്ച ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ലോകകപ്പിനു ശേഷം രോഹിത്തും കോലിയും ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇരുവരും ടീമിന്റ ഭാഗമല്ല. അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയായിരിക്കും ഇവര്‍ ദേശീയ ടീമില്‍ മടങ്ങിയെത്തുകയെന്നാണ് വിവരം.