ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീടസാധ്യതയുള്ള രണ്ടു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ മിസ്ബാഹുല്‍ ഹഖ്. 20 ടീമുകളാണ് ഇത്തവണ ലോക കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. ഇത്രയുമധികം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു മിസ്ബ പ്രവചിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തഴഞ്ഞ അദ്ദേഹം ഇന്ത്യയെയും ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല.
മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, തന്റെ ടീമായ പാകിസ്താന്‍ എന്നിവരെയാണ് ലോകകപ്പിലെ രണ്ടു ഫേവറിറ്റുകളായി മിസ്ബ തിരഞ്ഞെടുത്തത്. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഏറ്റവും സുരക്ഷിതമായി ബെറ്റ് വയ്ക്കാവുന്ന ടീം ഓസ്‌ട്രേലിയയാണ്. എങ്ങനെ ജയിക്കണമെന്നു അവര്‍ക്കറിയാം. ഏതു തരത്തിലുള്ള സാഹചര്യമാണെങ്കിലും ഓസ്‌ട്രേലിയക്കു അതൊരു വിഷയമല്ലെന്നും മിസ്ബ അഭിപ്രായപ്പെട്ടു.

ഏഷ്യയില്‍ ടി20 ലോകകപ്പ് കളിക്കാനെത്തിയ ശേഷം ഒരു സ്പിന്നറെ മാത്രം വച്ച് ജേതാക്കളായ ടീമാണ് ഓസ്‌ട്രേലിയ. ഒരു ലോകകപ്പിലും നിങ്ങള്‍ക്കു ഓസീസിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ഓസീസ് കഴിഞ്ഞാല്‍ രണ്ടാമത്തെ ഫേവറിറ്റിനെ തിരഞ്ഞെടുക്കുക അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും പാകിസ്താനെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ഞങ്ങള്‍ക്കു പാകിസ്താനില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ പാക് ടീമിനെ പിന്തുണച്ചേ തീരൂ. ഇന്ത്യയുടെ ടീമും വളരെ ശക്തമാണെന്നും മിസ്ബ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അപ്രവചനീയമായ ടീമുകളിലൊന്നാണ് പാകിസ്താന്‍. തങ്ങളുടേതായ ദിവസം ഏതു വമ്പന്‍ ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള അവര്‍ ഏതു കുഞ്ഞന്‍ ടീമിനോടും ചില ദിവസങ്ങളില്‍ തോല്‍ക്കുകയും ചെയ്യും. സമീപകാലത്തു കളിച്ച പരമ്പരകളിലെല്ലാം പാകിസ്താനു തിരിച്ചടികള്‍ നേരിട്ടിരുന്നു. ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമിനോടു ടി20 പരമ്പരയില്‍ അവര്‍ പരാജയം സമ്മതിച്ചിരുന്നു. അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ 2-2നു പിരിഞ്ഞ പാക് പട അവസാനമായി ഇംഗ്ലണ്ടിനോടു ടി20 പരമ്പര 0-2നു തോല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലും ശ്രദ്ധേയമായ പ്രകടനമാണ് പാകിസ്താന്‍ നടത്തിയത്. 2021ലെ എഡിഷനില്‍ സെമി ഫൈനലിലെത്താന്‍ അവര്‍ക്കായിരുന്നു. 2022ലെ അവസാനത്തെ എഡിഷനിലാവട്ടെ ഫൈനലിലെത്താനും പാകിസ്താനു സാധിച്ചു. പക്ഷെ കലാശക്കളിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. ബാബര്‍ ആസമിന്റെ കീഴില്‍ തന്നെയാണ് ഈ ലോകകപ്പിലും പാകിസ്താന്‍ ഇറങ്ങുക. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് അവരുടെ സ്ഥാനം. ആറിനു അമേരിക്കയ്‌ക്കെതിരേയാണ് ടൂര്‍ണമെന്റില്‍ പാകിസ്താന്റെ ആദ്യ മല്‍സരം.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ മോശം പ്രകടനത്തെ തുടര്‍ന്നു നായകസ്ഥാനത്തു നിന്നും ബാബര്‍ രാജിവച്ചിരുന്നു. തുടര്‍ന്നു തുടര്‍ന്നു ടി20യില്‍ പുതിയ ക്യാപ്റ്റനായി സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ അവര്‍ നിയമിക്കുകയും ചെയ്തു. പക്ഷെ ഒരേയൊരു പരമ്പരയില്‍ മാത്രമാണ് ഷഹീനു കീഴില്‍ പാക് പട കളിച്ചത്.
ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ പാക് ടീം 1-4നു നാണംകെടുകയും ചെയ്തു. ഇതേ തുടര്‍ന്നു ഷഹീനെ നായകസ്ഥാനത്തു നിന്നും നീക്കിയ പാകിസ്താന്‍ വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. പക്ഷെ നായകനായുള്ള രണ്ടാം വരവില്‍ അദ്ദേഹത്തിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടേണ്ടി വരികയും ചെയ്തു. അതിനു ശേഷമാണ് പാക് ടീം ഇപ്പോള്‍ ലോകകപ്പിനു എത്തിയിരിക്കുന്നത്.