ടി20 ലോകകപ്പിനായി ഇത്തവണ തയ്യാറാക്കിയിരിക്കുന്ന പിച്ചുകളില്‍ റണ്ണൊഴുകില്ലെന്ന സൂചനകളാണ് ഇതുവരെയുള്ള മല്‍സരങ്ങള്‍ നല്‍കുന്നത്. റണ്ണെടുക്കാന്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍ പോലും പാടുപെടുമ്പോള്‍ ബൗളര്‍മാര്‍ക്കു ഈ പിച്ചുകളില്‍ നിന്നും വളരെ നല്ല സഹായവും ലഭിക്കുന്നുണ്ട്. ചെറിയ സ്‌കോറുകളായിരിക്കും ഇനിയുള്ള മല്‍സരങ്ങളിലും കാണാന്‍ സാധിക്കുകയെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീം കൂറ്റന്‍ സ്‌കോറുകള്‍ക്കു ഇത്തവണ ശ്രമിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
ബുധനാഴ്ച രാത്രി ഗ്രൂപ്പ് എയില്‍ അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ന്യൂയോര്‍ക്കിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വേദിയില്‍ നടന്ന കളിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വെറും 77 റണ്‍സിനാണ് ശ്രീലങ്ക ഓള്‍ഔട്ടായത്. റണ്‍ചേസില്‍ സൗത്താഫ്രിക്കയും അല്‍പ്പം വിഷമിക്കുന്നത് കാണാമായിരുന്നു. വിജയറണ്‍സ് കുറിക്കാന്‍ അവര്‍ക്കു 17 ഓവറുകള്‍ വേണ്ടി വരികയും ചെയ്തു. ഈ പിച്ചുകളില്‍ ഇന്ത്യക്കു ജയിക്കാവുന്ന സ്‌കോര്‍ എത്രയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇര്‍ഫാന്‍.

ഈ തരത്തിലുള്ള ദുഷ്‌കരമായ ബാറ്റിങ് പിച്ചുകളില്‍ വിരാട് കോലിക്കു സുപ്രധാന റോളുണ്ടായിരിക്കും. ഇവിടുത്ത സാഹചര്യങ്ങളില്‍ എത്രയാണ് മികച്ച സ്‌കോറെന്നു നിര്‍ണയിക്കുന്നതില്‍ കോലിക്കു നിര്‍ണായക പങ്കുണ്ട്. എല്ലാ മല്‍സരങ്ങളിലും 140-150 റണ്‍സ് നേടാനായിരിക്കും ഇന്ത്യ ശ്രമിച്ചേക്കുകയെന്നു നിങ്ങള്‍ക്കു കാണാന്‍ സാധിച്ചേക്കും.
200-210 റണ്‍സിനു മുകളിലേക്കു ഇന്ത്യ ഒരിക്കലും ലക്ഷ്യമിടുകയും ചെയ്യില്ല. അതിനു ടീമിനു കഴിഞ്ഞാല്‍ നല്ലതു തന്നെയാണ്. പക്ഷെ ഇന്ത്യയുടെ ഐഡിയ 150 റണ്‍സ് കടക്കുകയെന്നായിരിക്കുമെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും കോലിയുടെയുമെല്ലാം സ്‌ട്രൈക്ക് റേറ്റിനെ ചുറ്റിപ്പറ്റി ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ ഈ ലോകകപ്പില്‍ രണ്ടു പേരുടെയും അനുഭവസമ്പത്ത് ഏറെ മുതല്‍ക്കൂട്ടായി മാറുമെന്നാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍.
ലോകകപ്പുകളില്‍ നിങ്ങള്‍ക്കു ആവശ്യം അനുഭവസമ്പത്താണ്. പ്രത്യേകിച്ചും പിച്ചില്‍ ബോള്‍ മൂവ് ചെയ്തു കൊണ്ടിരിക്കുന്ന കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഇതു വളരെ പ്രധാനം തന്നെയാണ്. ഇത്തരം സമയങ്ങളില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെയുള്ള കളിക്കാരെ നിങ്ങള്‍ക്കു ആവശ്യമായി വരും. വലിയ വേദികളില്‍ അവര്‍ മിടുക്ക് തെളിയിച്ചു കഴിഞ്ഞവരാണ്.

വളരെ പക്വതയുള്ള താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമൊന്നും സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചിന്തിക്കാറില്ല. ടീമിനു വേണ്ടി കളി ജയിപ്പിക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 120 ആയാലും 150 ആയാലും അതു അവര്‍ക്കൊരു വിഷയമല്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. കോലിയുടെയും രോഹിത്തിന്റെയും കരിയറിലെ അവസാനത്തെ ടി20 ലോകകപ്പ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ കിരീട നേട്ടവുമായി അതു അവിസ്മരണീയമാക്കാനായിരിക്കും ഇരുവരുടെയും ശ്രമം.
2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി29 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. അന്നു പുതിയ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ സര്‍പ്രൈസ് ചാംപ്യന്‍മാരായത്. അതിനു ശേഷം പിന്നീടൊരു എഡിഷനിലും ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായിട്ടില്ല. ഏറ്റവും അവസാനമായി 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്.