ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ആരൊക്കെയാവും വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നതിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ ഏറെക്കുറെ ചിത്രം വ്യക്തമാണെങ്കിലും വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ മാത്രം സസ്‌പെന്‍സ് തുടരുകയാണ്.
മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവരടക്കം അഞ്ചു പേരാണ് മല്‍സരരംഗത്തുള്ളത്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത റിഷഭ് പന്തും ഇപ്പോള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യ അവസാനമായി കളിച്ച ടി20 ജനുവരിയില്‍ അഫ്ഗാനിസ്താനുമായിട്ടായിരുന്നു. ഈ പരമ്പരയില്‍ ജിതേഷും സഞ്ജുവുമായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍.

അതുകൊണ്ടു തന്നെ ടി20 ലോകകപ്പിലും ഇവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സഞ്ജു ലോകകപ്പില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ലെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള മൂന്നു വിക്കറ്റ് കീപ്പര്‍മാരുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞതായി ദി ടെലഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ ലിസ്റ്റ് പ്രകാരം സഞ്ജുവിനെക്കൂടാതെ ഇഷാന്‍, റിഷഭ് എന്നിവരും ലോകകപ്പിനുള്ള ചുരുക്ക പട്ടികയുടെ ഭാഗമല്ല. ബിസിസിഐ തയ്യാറാക്കിയ ചുരുക്ക പട്ടികയിലുള്ള മൂന്നു പേര്‍ ജിതേഷ്, രാഹുല്‍, ഇനിയും ടി20യില്‍ അരങ്ങേറിയിട്ടില്ലാത്ത ജുറേല്‍ എന്നിവരാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു പ്രഥമ പരിഗണന പരിചയസമ്പന്നനായ രാഹുലിലാണ്.
ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി രാഹുല്‍ മധ്യനിരയിലാണ് കളിക്കുന്നത്. ഈ റോളില്‍ മികച്ച പ്രകടനം നടത്തിയാല്‍ അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാവുമെന്നുറപ്പാണ്.
രാഹുല്‍ കഴിഞ്ഞാല്‍ ജിതേഷ്, ജുറേല്‍ എന്നിവരോടാണ് ബിസിസിഐയ്ക്കു താല്‍പ്പര്യം. രണ്ടു പേരും മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍മാരാണ്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടതും മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പറെയാണ്. ഈ കാരണത്താല്‍ തന്നെയാണ് ജിതേഷും ജുറേലും ബിസിസിഐയുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയത്. ഈ മൂന്നു പേരില്‍ രണ്ടു പേര്‍ക്കു മാത്രമേ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ജിതേഷ് കളിക്കുകയെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പമാണ് ജുറേല്‍. കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളാണ് ഇരുവര്‍ക്കും ഐപിഎല്ലില്‍ ലഭിച്ചത്. ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്താന്‍ ഇവര്‍ക്കായിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടി20 ലോകകപ്പിനുള്ള ഇന്ത്യയുട രണ്ട് വിക്കറ്റ് കീപ്പര്‍മാരെ തീരുമാനിക്കുക.
എന്നാല്‍ സഞ്ജു, ഇഷാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. ഈ കാരണത്താല്‍ തന്നെയാണ് ബിസിസിഐ തയ്യാറാക്കിയ മൂന്നു വിക്കറ്റ് കീപ്പര്‍മാരുടെ ചുരുക്കപ്പട്ടികയില്‍ നിന്നും ഇരുവരും തഴയപ്പെട്ടതെന്നാണ് വിവരം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഇഷാനും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവും വരാനിരിക്കുന്ന സീസണില്‍ മധ്യനിരയിലേക്കു മാറിയ ശേഷം മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളൂ.