ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദി ടെലഗ്രാഫാണ് ഇന്ത്യന്‍ ടീമിനെക്കുറിച്ച നിര്‍ണായക നിര്‍ണായക സൂചനകള്‍ നല്‍കിയത്. ലോകകപ്പ് വേദികളായ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലെ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണെന്നും സ്പിന്നര്‍മാര്‍ക്കെതിരേ കോലി ഇപ്പോള്‍ അത്ര മികവ് പുലര്‍ത്തുന്നില്ലെന്നതുമാണ് ഇതിനു കാരണം.
രോഹിത് ശര്‍മയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതേക്കുറിച്ച് നേരത്തേ പ്രഖ്യാപനം നടത്തിയത്. രോഹിത്തിനോടൊപ്പം പരിചയസമ്പന്നനായ കോലിയും ടീമിന്റെ ഭാഗമാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തെ തഴയാനാണ് ബിസിസിഐയുടെ നീക്കം.

കോലി പുറത്താവുന്നതിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022ലെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ല. പക്ഷെ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു രാഹുലിനാണ് പ്രഥമ പരിഗണനയെന്നാണ് വ്യക്തമായിരിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയിരിക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മധ്യനികയിലാണ് രാഹുല്‍ ബാറ്റ് ചെയ്യുന്നത്. ലോകകപ്പില്‍ മധ്യനിര ബാറ്ററെയാണ് വിക്കറ്റ് കീപ്പറായി ഇന്ത്യ തിരയുന്നത് എന്നതാണ് രാഹുലിന്റെ ഈ മാറ്റത്തിനു പിന്നില്‍.
ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറുടെ റോളിലേക്കു മൂന്നു പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിക്തഴിഞ്ഞു. രാഹുലിനെക്കൂടാതെ ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനമനുസരിച്ചായിരിക്കും ഇവരില്‍ ആരൊക്കെ വേണമെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുക.
ജൂണ്‍ ഒന്നിനാണ് ലോകകപ്പിനു തുടക്കാവുന്നത്. 20 ടീമുകളാണ് ലോകകിരീടത്തിനായി പോരടിക്കുന്നത്. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. സംയുക്ത ആതിഥേയരായ അമേരിക്ക, അയര്‍ലാന്‍ഡ്, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനു അട്ടിമറികള്‍ക്കു ശേഷിയുള്ള അയര്‍ലാന്‍ഡിനെതിരേയാണ്. ന്യൂയോര്‍ക്കിലാണ് മല്‍സരം. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോയും ജൂണ്‍ ഒമ്പതിനു ഇതേ വേദിയില്‍ തന്നെയാണ്.

കോലിയില്ലാതെ ഒരു സ്‌ക്വാഡിനെയാണ് ലോകകപ്പിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുക്കുകയെങ്കില്‍ ആരൊക്കെയാവും ടീമില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ശുഭ്മന്‍ ഗില്ലിനെ ഓവര്‍ടേക്ക് ചെയ്ത് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു. ബാക്കപ്പ് ഓപ്പണറായി ഗില്ലും ടീമിന്റെ ഭാഗമാവും.
മധ്യനിരയില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവ്, യുവ ഫിനിഷര്‍ റിങ്കു സിങ് എന്നിവരുണ്ടാവും. കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ സൂര്യയാരിക്കും ബാറ്റ് ചെയ്യുക. റിങ്കുവിനു ആറാം നമ്പറായിരിക്കും. വിക്കറ്റ് കീപ്പറുടെ റോളിലേക്കു പ്രഥമ പരിഗണന രാഹുലിനാണ്. ബാക്കപ്പായി ജിതേഷ്, ജുറേല്‍ എന്നിവരിലൊരാള്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്യും.
ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വമ്പനടിക്കാരനായ ശിവം ദുബെ, പരിചയസമ്പന്നായ രവീന്ദ്ര ജഡേജ എന്നിവരായിരിക്കും. സ്പിന്നര്‍മാായി ടീമിലെത്തുക കുല്‍ദീപ് യാദവും രവി ബിഷ്‌നോയിയുമാണ്. ഫാസ്റ്റ് ബൗളിങിനു ജസ്പ്രീത് ബുംറ ചുക്കാന്‍ പിടിക്കുമ്പോള്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമിലിടം പിടിച്ചേത്തും.
ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ / ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.