T20 World Cup: ശ്രീശാന്തില്ല, രോഹിത് ഓപ്പണര്‍- ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് ടി20 ലോകകപ്പ് 11
മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ 29വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇനി അതിനായുള്ള മുന്നൊരുക്കത്തിന്റെ സമയമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. പ്രഥമ ടി20 ലോകകപ്പിന് ശേഷം മറ്റൊരു ടി20 ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല.
പുതിയൊരു ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് ടി20 ലോകകപ്പ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം. ഓപ്പണര്‍ റോളില്‍ വീരേന്ദര്‍ സെവാഗിന് സ്ഥാനമില്ല. രോഹിത് ശര്‍മയും ഗൗതം ഗംഭീറുമാണ് ഓപ്പണര്‍മാര്‍. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോള്‍ സെവാഗ് ഈ ടീമിന്റെ ഭാഗമായിരുന്നു. 36 ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമാണ് രോഹിത് ശര്‍മ. 963 റണ്‍സാണ് രോഹിത് നേടിയത്.
127.88 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ 16 പന്തില്‍ 30 റണ്‍സുമായി നിര്‍ണ്ണായക പ്രകടനം നടത്താന്‍ രോഹിത്തിനായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 21 ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 524 റണ്‍സാണ് ഗംഭീര്‍ നേടിയിട്ടുള്ളത്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ 75 റണ്‍സുമായി ഇന്ത്യയുടെ നട്ടെല്ലായത് ഗംഭീറായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഗംഭീര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
സുരേഷ് റെയ്‌നയാണ് മൂന്നാം നമ്പറില്‍. ഇന്ത്യക്കായി 26 ടി20 ലോകകപ്പ് മത്സരം കളിച്ച റെയ്‌ന 21 ഇന്നിങ്‌സില്‍ നിന്ന് 453 റണ്‍സാണ് നേടിയത്. പന്തുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്തിട്ടുള്ള റെയ്‌ന കൂടുതലും മധ്യനിരയിലാണ് തിളങ്ങിയിട്ടുള്ളത്. ടി20യിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് റെയ്‌ന. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. 27 മത്സരങ്ങളാണ് ടി20 ലോകകപ്പില്‍ കോലി കളിച്ചിട്ടുള്ളത്.

14 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1141 റണ്‍സാണ് അദ്ദേഹം നേടിയത്. 2014ലെ ടി20 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് 319 റണ്‍സാണ് കോലി അടിച്ചെടുത്തത്. വരുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായി വിരാട് കോലിയുണ്ടാവും. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചത് യുവിയുടെ മികവിലാണ്.
2007ലെ ടി20 ലോകകപ്പില്‍ 12 പന്തില്‍ ഫിഫ്റ്റി നേടി റെക്കോഡിട്ട യുവി ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പായിക്കുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡ് യുവിക്കുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള യുവി സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടുന്നവനാണ്. യൂസുഫ് പഠാന് ഈ 11ല്‍ ഇടമില്ല. ആറാം നമ്പറില്‍ നായകനും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണിയുണ്ട്. 33 ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 529 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.
ടി20 ലോകകപ്പിലൂടെയാണ് ധോണി ഇന്ത്യന്‍ ടീമിന്റെ ഐതിഹാസിക നായകനിലേക്കുള്ള ജൈത്ര യാത്ര ആരംഭിച്ചത്. ഏഴാം നമ്പറില്‍ ഇര്‍ഫാന്‍ പഠാനാണ് അവസരം. പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ 7 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് നേടിയത്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഷുഹൈബ് മാലിക്, ഷാഹിദ് അഫ്രീദി എന്നിവരുടെ വിക്കറ്റ് നേടാന്‍ ഇര്‍ഫാന് സാധിച്ചിരുന്നു. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ആര്‍ അശ്വിനാണ് അവസരം.
ടി20 ലോകകപ്പില്‍ 6 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജക്ക് ഈ പ്ലേയിങ് 11ല്‍ ഇടമില്ല. 2022ലെ ടി20 ലോകകപ്പിലും അശ്വിന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഒമ്പതാം നമ്പറില്‍ അമിത് മിശ്രക്കാണ് അവസരം. ടി20 ലോകകപ്പില്‍ 6 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അമിത് മിശ്ര നേടിയത്. ടി20യില്‍ ഇക്കോണമി കാത്ത് പന്തെറിയുന്ന മികച്ച താരമാണെങ്കിലും അര്‍ഹിച്ച പിന്തുണയും അവസരവും താരത്തിന് ലഭിച്ചിട്ടില്ല.
10ാം നമ്പറില്‍ ആര്‍പി സിങ്ങിനാണ് അവസരം. ഇടം കൈയന്‍ പേസറുടെ പ്രകടനം 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. ന്യൂബോളില്‍ കസറിയിരുന്ന താരം 7 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച ജോഗീന്ദര്‍ ശര്‍മക്ക് ഈ പ്ലേയിങ് 11ല്‍ സ്ഥാനമില്ല. ആശിഷ് നെഹ്‌റയാണ് 11ാമന്‍. 2010, 2016 വര്‍ഷങ്ങളിലെ ടി20 ലോകകപ്പുകളില്‍ നെഹ്‌റ ഇന്ത്യക്കായി തിളങ്ങിയിരുന്നു.
ഇന്ത്യയുടെ ബെസ്റ്റ് ടി20 ലോകകപ്പ് 11: രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, വിരാട് കോലി, യുവരാജ് സിങ്, എംഎസ് ധോണി, ഇര്‍ഫാന്‍ പഠാന്‍, ആര്‍ അശ്വിന്‍, അമിത് മിശ്ര, ആര്‍പി സിങ്, ആശിഷ് നെഹ്‌റ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications