രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി അടുത്ത മാസമാണ് ടൂര്‍ണമെന്‍റ്. 2007ലെ പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ രണ്ടാം കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. 2013നു ശേഷം ഒരു ഐസിസി ട്രോഫി പോലും നേടിയിട്ടില്ലെന്ന നാണക്കേട് കൂടി രോഹിത് ശര്‍മയ്ക്കും സംഘത്തിനു മായ്‌ക്കേണ്ടതുണ്ട്.
ഇതുവരെയുള്ള ടി20 ലോകകപ്പുകളെടുത്താല്‍ ഇന്ത്യക്കു വേണ്ടു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പല താരങ്ങളെയും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. രാജ്യത്തിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ഇന്ത്യയുടെ ഓള്‍ടൈം ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മറ്റൊരു മുന്‍ ഓപ്പണറും 2007ലെ ലോകകപ്പ് ഫൈനലിലെ ടോപ്‌സ്‌കോററുമായ ഗൗതം ഗംഭീറും ഇന്ത്യയുടെ ഓള്‍ടൈം ഇലവനിലുണ്ടാവില്ല. പകരം നിലവിലെ ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം മുന്‍ നായകന്‍ വിരാട് കോലിയായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഈ റോളിലേക്കു ഏറ്റവും അനുയോജ്യരായ താരങ്ങളാണ് ഇരുവരും. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത്തിനും കോലിക്കും ഒരുപോലെ സാധിക്കും.
സ്ഥിരം പൊസിഷനായ മൂന്നാം നമ്പര്‍ വിട്ട് കോലി ഓപ്പണിങിലേക്കു വരുന്നതോടെ മൂന്നാമനായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയായിരിക്കും ബാറ്റ് ചെയ്യുക. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ ടീമിനായി തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. മാത്രമല്ല കിടിലന്‍ ഫീല്‍ഡറും കൂടിയാണ്. റെയ്‌നയ്ക്കു ശേഷം നാലാം നമ്പറില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഭാഗ്യ താരമാണ് അദ്ദേഹം. രണ്ടു ലോകകപ്പ് വിജയങ്ങളില്‍ യുവി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ചു റെക്കോര്‍ഡിട്ട അദ്ദേഹം അദ്ദേഹം 2011ലെ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റുമായിരുന്നു.
ഓള്‍ടൈം ഇലവനില്‍ യുവിക്കു ശേഷം അഞ്ചാം നമ്പറില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഈ ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെ. രണ്ടു ലോകകപ്പുകളുള്‍പ്പെടെ മൂന്നു ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍ റോളുകളില്‍ ഇന്ത്യക്കു പകരം വയ്ക്കാനില്ലാത്ത താരവും കൂടിയാണ് അദ്ദേഹം.
ധോണിക്കു ശേഷം ഇലവനിലെ മറ്റുള്ളവര്‍ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനും നിലവില്‍ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജയുമാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തുക വെറ്ററന്‍ താരം കൂടിയായ ആര്‍ അശ്വിനാണ്. ബൗളിങിനൊപ്പം ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതുവരെ കളിച്ചിട്ടുള്ള ടി20 ലോകകപ്പുകളില്‍ 32 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ജഡേജ 21 വിക്കറ്റുകളും സ്വന്തമാക്കി.

പേസര്‍മാരായി ഓള്‍ടെം ഇലവനിലെത്തുക മൂന്നു പേര്‍ ആയിരിക്കും. ഇക്കൂട്ടത്തില്‍ മുന്‍ താരവും മലയാളി ഫാസ്റ്റ് ബൗളറുമായ ശ്രീശാന്തുമുണ്ട്. പ്രഥമ ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഇലവനിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ സ്വിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറും ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയുമാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍ടൈം 11
രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യൂസുഫ് പഠാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശ്രീശാന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.