ടി20 ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനു കച്ചമുറുക്കുന്ന ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്ത്. അയര്‍ലാന്‍ഡുമായി ബുധനാഴ്ച രാത്രിയാണ് ന്യൂയോര്‍ക്കില്‍ വച്ച് രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടുന്നത്. വിജയത്തോടെ തന്നെ ടൂര്‍ണമെന്റ്‌നു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ ഇന്ത്യ.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ശ്രീശാന്ത് തന്റെ ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. പകരം റിഷഭ് പന്തിനെയാണ് അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ സഞ്ജു ബാറ്റിങില്‍ ഫ്ളോപ്പായിരുന്നു. ഓപ്പണറായെത്തിയ അദ്ദേഹം ഒരു റണ്‍സ് മാത്രമാണ് നേടിയത്. റിഷഭാവട്ടെ ഫിഫ്റ്റിയോടെ ടീമിന്‍റെ ടോപ്സ്കോററുമായി മാറി.

വമ്പനടിക്കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയും ശ്രീയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് ഇന്ത്യന്‍ ഇലവനെ ശ്രീശാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ നായകന്‍ വിരാട് കോലി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനകളാണ് വരുന്നതെങ്കിലും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി യശസ്വി ജയ്‌സ്വാള്‍ മതിയെന്നാണ് ശ്രീയുടെ അഭിപ്രായം.
കോലി തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ കളിക്കണം. നാലാം നമ്പര്‍ സൂര്യകുമാര്‍ യാദവിനാണ്. റിഷഭ് പന്തിന്റെ പൊസിഷന്‍ അഞ്ചാം നമ്പറാണെന്നും ശ്രീ ചൂണ്ടിക്കാട്ടി. രണ്ടു മുന്‍നിര സ്പിന്നര്‍മാര്‍ പ്ലെയിങ് ഇലനവനില്‍ വേണമെന്നു അഭിപ്രായപ്പെട്ട അദ്ദേഹം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കുകയും ചെയ്തു.
ആറാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കണമെന്നാണ് ശ്രീശാന്ത് പറയുന്നത്. ഏഴാമനായി മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും അദ്ദേഹം ഉള്‍പ്പെടുത്തി.
ജഡേജ, അക്ഷര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ നാലു സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ലോകകകപ്പ് സ്‌ക്വാഡിലുള്ളത്. ഇവരില്‍ കുല്‍ദീപും ചഹലും പ്ലെയിങ് ഇലവനില്‍ വേണമെന്നാണ് ശ്രീയുടെ വിലയിരുത്തല്‍. ഫാസ്റ്റ് ബൗളര്‍മാരായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങിനെ അദ്ദേഹം ഇലവനിലുള്‍പ്പെടുത്തി. മുഹമ്മദ് സിറാജിനെ തഴഞ്ഞാണ് ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപിനെ ശ്രീ പരിഗണിച്ചത്.

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം നോക്കിയാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് ചഹലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി 15 മല്‍സരങ്ങളില്‍ നിന്നും 9.41 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. രണ്ടാമതെത്തിയത് കുല്‍ദീപ് യാദവാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി 8.65 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. ഡിസിക്കു വേണ്ടി തന്നെ ഇറങ്ങിയ അക്ഷര്‍ 7.85 ഇക്കോണമി റേറ്റില്‍ 11ഉം വിക്കറ്റ് നേടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ജഡേജയ്ക്കു നേടാനായത് എട്ടു വിക്കറ്റുകള്‍ മാത്രമാണ്. 7.85 ആയിരുന്നു ഇക്കോണമി റേറ്റ്.
ശ്രീശാന്ത് തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.