ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്ത്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ് ജൂണില്‍ നടക്കാനിരിക്കുന്നത്. ഒരുപാട് സര്‍പ്രൈസുകളൊന്നും ശ്രീശാന്തിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലെന്നു കാണാന്‍ സാധിക്കും. സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, ഫിനിഷര്‍ റിങ്കു സിങ് എന്നിവരാണ് ശ്രീയുടെ ടീമില്‍ നിന്നും തഴയപ്പെട്ട പ്രധാന താരങ്ങള്‍.
ബാറ്റിങ് ലൈനപ്പെടുത്താല്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, 360 ബാറ്ററായ സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ശ്രീശാന്തിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടേ്. പക്ഷെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെ അദ്ദേഹം തഴയുകയായിരുന്നു.

ഓള്‍റൗണ്ടര്‍മാരായി മൂന്നു പേരാണ് ടീമിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വമ്പനടിക്കാരനായ ശിവം ദുബെയും ഓള്‍റൗണ്ടറായി ടീമിലിടം പിടിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഫ്‌ളേപ്പാണെങ്കിലും പരിചയസമ്പന്നനായ ഹാര്‍ദിക്കില്‍ വിശ്വാസമര്‍പ്പിക്കാന്‍ ശ്രീശാന്ത് തീരുമാനിക്കുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍മാരായി ശ്രീ തിരഞ്ഞെടുത്ത് റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെയാണ്. റിഷഭിനെയാണ് അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റന്റെ പുതിയ റോളും റിഷഭിനു ശ്രീ നല്‍കിയിരിക്കുകയാണ്. നിലവില്‍ ഹാര്‍ദിക്കാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അദ്ദേഹത്തെ ഈ റോളില്‍ നിന്നും നീക്കിയാണ് പകരം റിഷഭിനു ശ്രീശാന്ത് ചുമതല നല്‍കിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു രാഹുലും മല്‍സരരംഗത്തുണ്ടെങ്കിലും അദ്ദേഹത്തെ ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യമില്ലെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം.
പേസ് ബൗളിങ് ലൈനപ്പെടുത്താല്‍ അവിടെ നാലു പേരെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ ശ്രീശാന്ത് ഉള്‍പ്പെടുത്തിയത്. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസാക്രമണത്തില്‍ ഇടംകൈയന്‍ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പുതുമുഖം മായങ്ക് യാദവ് എന്നിവരാണുള്ളത്. ഈ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫാസ്റ്റ് ബൗളര്‍ മായങ്ക്. 150 കിമിക്കു മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് താരത്തെ സ്‌പെഷ്യലാക്കുന്നത്.

രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ ശ്രീശാന്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തുന്ന മിന്നുന്ന പ്രകടനമാണ് ചഹലിനു ലോകകകപ്പ് സ്‌ക്വാഡിലേക്കു വഴിയൊരുക്കിയത്. 2022ലെ അവസാന ടി20 ലോകകപ്പില്‍ ചഹല്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചിരുന്നില്ല.
ശ്രീശാന്ത് തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മായങ്ക് യാദവ്.