17ാമത് ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ രണ്ടാംറൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍ കൂടിയാണ് ഈ ടൂര്‍ണമെന്റ്. ഏപ്രില്‍ 30നാണ് ലോകകപ്പ് സ്‌ക്വാഡിന്റെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുള്ള അവസാനത്തെ തിയ്യതി. ഐപിഎല്ലില്‍ അതുവരെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്കു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ടൂര്‍ണമെന്റിലെ ആദ്യത്തെ ആഴ്ചയിലെ മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ലോകകപ്പ് ടീമില്‍ സീറ്റുറപ്പിച്ചിരുന്ന പല താരങ്ങളും ഫ്‌ളോപ്പായിരുന്നുവെന്നു കാണാം. ഇതു തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യവുമാണ്. മറുഭാഗത്ത് ചില താരങ്ങള്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ കൈയടി നേടുകയും ചെയ്തു. ഐപിഎല്ലിലെ ആദ്യത്തെ ആഴ്ചയിലെ പ്രകടനം കണക്കിലെടുത്ത് ലോകകപ്പിനായി ഒരു ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

നേരത്തേ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുമെന്നു കരുതിയിരുന്ന യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഐപിഎല്ലില്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്കൊന്നും ടീമില്‍ ഇടം ലഭിച്ചിട്ടുമില്ല. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയവരെ പരിഗണിച്ചൊരു സ്‌ക്വാഡിനെ തിരഞ്ഞെടുത്താല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍നിരയിലുണ്ടാവുക വിരാട് കോലി, തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരായിരിക്കും.
രണ്ടു ഫിഫ്റ്റികളടക്കം നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് കോലി. ശരാശരി 90ഉം സ്‌ട്രൈക്ക് റേറ്റ് 141നു മുകളിലുമാണ്. രോഹിത്തിനു വലിയ സ്‌കോറുകളില്ലെങ്കിലും 168 സ്‌ട്രൈക്ക് റേറ്റുണ്ട്. തിലകും അഭിഷേകും മിന്നുന്ന ഫോമിലാണ്. ഫിഫ്റ്റികള്‍ നേടിയ ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് 167ഉം 226ഉം ആണ്.
മധ്യനിരയിലും വലിയ മാറ്റങ്ങളുണ്ട്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഇനിയും കളിച്ചിട്ടില്ലാത്തിനാല്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണില്‍ ഉജജ്വല പ്രകടനം നടത്തിയിട്ടുള്ള യുവതാരം റിയാന്‍ പരാഗ് ലോകകപ്പ് ടീമിലേക്കു വരും. കൂടാതെ ശിവം ദുബെ, മലയാളി താരം സഞ്ജു സാംസണ്‍, വെറ്ററന്‍ താരമായ ദിനേശ് കാര്‍ത്തിക് എന്നിവരും ലോകകപ്പ് ടീമിന്റെ ഭാഗമാവും.
ദുബെ, പരാഗ്, സഞ്ജു എന്നിവരെല്ലാം ഓരോ ഫിഫ്റ്റികള്‍ നേടിക്കഴിഞ്ഞു. കാര്‍ത്തികാവട്ടെ മൂന്നു മല്‍സരങ്ങളിലും ആര്‍സിബിക്കായി സൂപ്പര്‍ ഫിനിഷിങാണ് നടത്തിയത്. പരാഗിന്റെ സ്‌ട്രൈക്ക് റേറ്റ് 171ന് മുകളിലും ദുബെയുടേത് 166ഉം സഞ്ജുവിന്റേത് 147ഉം ഡിക്കെയുടേത് 195ഉം ആണ്.

ഓള്‍റൗണ്ടര്‍മാരില്‍ ദീപക് ചാഹറും ഹര്‍പ്രീത് ബ്രാറും ലോകകപ്പ് ടീമിലേക്കു വരും. ദുബെ, അഭിഷേക്, പരാഗ് എന്നിവരെല്ലാം ബാറ്റിങിനൊപ്പം ബൗളിങിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. ചാഹറും ബ്രാറും സീസണില്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. പവര്‍പ്ലേയില്‍ ചാഹര്‍ മിടുക്കനാണെങ്കില്‍ മധ്യ ഓവറുകള്‍ റണ്ണൊഴുക്ക് തടയാന്‍ ബ്രാറിനും സാധിക്കും.
ബൗളിങില്‍ നാലു പേരാണ് ഐപിഎല്ലില്‍ കസറിയിട്ടുള്ളത്. യുസ്വേന്ദ്ര ചാഹല്‍ ലോകകപ്പ് സ്‌ക്വാഡിലെ പ്രധാന സ്പിന്നറാവുമ്പോള്‍ പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മോഹിത് ശര്‍മ, ടി നടരാജന്‍, ഹര്‍ഷിത് റാണ എന്നിവരും ടീമിലേക്കു വരും. ബുംറയെക്കുറിച്ച് വിശേഷണം ആവശ്യമില്ല. മോഹിത് ഡെത്ത് ഓവല്‍ സ്‌പെഷ്യലിസ്റ്റാണെങ്കില്‍ ഇടംകൈയന്‍ പേസറെന്ന ഓപ്ഷന്‍ നടരാജന്‍ നല്‍കുകയും ചെയ്യുന്നു.
ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചുള്ള ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ, വിരാട് കോലി, അഭിഷേക് ശര്‍മ, തിലക് വര്‍മ, റിയാന്‍ പരാഗ്, ശിവം ദുബെ, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷിത് റാണ, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മോഹിത് ശര്‍മ, ടി നടരാജന്‍.