മുംബൈ: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരം പൂര്‍ത്തിയായിരിക്കുകയാണ്. ബംഗ്ലാദേശിനെ 60 റണ്‍സിന് തകര്‍ത്ത് ഇന്ത്യ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് കരുത്ത് വ്യക്തമാക്കുന്ന പ്രകടനമാണ് സന്നാഹത്തില്‍ ടീം കാഴ്ചവെച്ചത്. ഇന്ത്യ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ സന്നാഹത്തില്‍ നടത്തിയിരുന്നു. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനെ കളിപ്പിച്ചില്ല.
പകരം രോഹിത് ശര്‍മയും സഞ്ജു സാംസണുമാണ് ഓപ്പണിങ്ങില്‍ ഇറങ്ങിയത്. റിഷഭ് പന്ത് മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാനെത്തി. ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പിലെ പ്ലേയിങ് 11 ഏറെക്കുറെ വ്യക്തമായിരിക്കുകയാണെന്നും വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ സഞ്ജയ് ബംഗാര്‍. 'യശ്വസി ജയ്‌സ്വാള്‍ പ്ലേയിങ് 11 വേണ്ടെന്ന് ടീം തീരുമാനിച്ചുവെന്നാണ് തോന്നുന്നത്.
ജയ്‌സ്വാള്‍ ടീമിന്റെ പദ്ധതിയിലുണ്ടായിരുന്നെങ്കില്‍ സന്നാഹത്തില്‍ അവന്‍ തീര്‍ച്ചയായും കളിക്കുമായിരുന്നു. ജയ്‌സ്വാളില്ലാത്ത പക്ഷം ഇന്ത്യ വിരാട് കോലിയെ ഓപ്പണറാക്കും. രോഹിത്തും കോലിയും രണ്ട് സൂപ്പര്‍ താരങ്ങളാണ്. ഇവര്‍ക്ക് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ തിളങ്ങാനാവില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ഇവര്‍ നിരവധി റണ്‍സ് നേടിയിട്ടുണ്ട്. പിച്ചിന്റെ സ്വഭാവം മനസിലാക്കി പദ്ധതിയൊരുക്കുകയാണ് ചെയ്യേണ്ടത്' സഞ്ജയ് ബംഗാര്‍ പറഞ്ഞു.
വിരാട് കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതിലും നല്ലത് ഓപ്പണിങ്ങിലാണെന്ന് സഞ്ജയ് ബംഗാറും പറഞ്ഞു. 'വിരാട് കോലിയെ ടീമിലെടുത്തത് ഓപ്പണറാക്കുക എന്ന ഉദ്ദേശത്തോടെയാവും. മൂന്നാം നമ്പറില്‍ കോലിക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ കോലി ഓപ്പണറാവണം. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ കളിക്കുന്നത് മികച്ച നീക്കമാണ്. എന്നാല്‍ മത്സരത്തില്‍ ഇത്തരമൊരു നീക്കമുണ്ടാവുമോയെന്ന് ഉറപ്പില്ല.

ജയ്‌സ്വാള്‍ സന്നാഹം കളിക്കാത്തതില്‍ നിന്ന് അവന്‍ പ്ലേയിങ് 11ലുണ്ടാകില്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്' മഞ്ജരേക്കര്‍ പറഞ്ഞു. കോലിയും രോഹിത്തും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കോലി ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാനാണ്. രോഹിത്തും കോലിയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുകയും രണ്ട് പേരും പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോകുമെന്നുറപ്പാണ്.
കോലി പതിയെ നിലയുറപ്പിച്ച് ആക്രമിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് പവര്‍പ്ലേയില്‍ മികച്ചതല്ല. ഇക്കാരണത്താല്‍ത്തന്നെ പവര്‍പ്ലേ വേണ്ടവിധം മുതലാക്കാന്‍ കോലി-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിന് സാധിക്കാതെ പോയേക്കും. എന്നാല്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവുകയാണെങ്കില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കാന്‍ സാധിച്ചേക്കും. ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് ലഭിക്കുകയും ചെയ്യും.
റിഷഭ് പന്തിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. രോഹിത്, കോലി ഓപ്പണിങ് കൂട്ടുകെട്ടാണെങ്കില്‍ മൂന്നാം നമ്പറില്‍ ഇടം കൈയനായ റിഷഭ് പന്താവും ഉണ്ടാവുക. നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. ആറാം നമ്പറില്‍ ശിവം ദുബെയെ കളിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി. അങ്ങനെ വരുമ്പോള്‍ ബൗളിങ് നിരയില്‍ പരീക്ഷിക്കാന്‍ ഒരു താരത്തെക്കൂടി ലഭിക്കും.
പിന്നീടങ്ങോട്ട് ബൗളര്‍മാരാവും ഉണ്ടാവുക. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം അക്ഷര്‍ പട്ടേലും പ്ലേയിങ് 11ലെത്താന്‍ സാധ്യതയുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനാണ് കൂടുതല്‍ സാധ്യത. സഞ്ജു സാംസണിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം ലഭിക്കില്ലെന്നുറപ്പാണ്. സഞ്ജു സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.