മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മെയ് 1ന് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇത്തവണ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. സ്ലോ പിച്ചാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിങ്ങില്‍ ആരൊക്കെ? വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ആര്? ബൗളിങ്ങില്‍ നിരയില്‍ ആരൊക്കെ തുടങ്ങി നിരവധി ആശയക്കുഴപ്പങ്ങളാണ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളത്.
ഇതിനോടകം പലരും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വെങ്കടേഷിന്റെ പ്രതികരണം. 'ശിവം ദുബെക്ക് സ്പിന്നര്‍മാര്‍ക്കെതിരേ ഗംഭീര പ്രകടനം നടത്താന്‍ കഴിവുണ്ട്. റിങ്കു സിങ്ങിന് ഫിനിഷര്‍ റോളിലും കസറാനാവും. സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. ഈ മൂന്ന് പേര്‍ക്കും ടി20 ലോകകപ്പ് പ്ലേയിങ് 11ല്‍ ഇടമുണ്ടാകും.
രോഹിത്തും വിരാടും തീര്‍ച്ചയായും കളിക്കണം. വിക്കറ്റ് കീപ്പറായി ആരെന്നത് മാത്രമാണ് തീരുമാനിക്കേണ്ടത്' എന്നാണ് വെങ്കടേഷ് എക്‌സില്‍ കുറിച്ചത്. വിക്കറ്റ് കീപ്പര്‍ റോളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിലെ സാധ്യത പ്രകാരം റിഷഭ് പന്തിനും സഞ്ജു സാംസണിനുമാണ് മുന്‍തൂക്കം. ജിതേഷ് ശര്‍മക്ക് പ്രതീക്ഷിച്ച ഫോമില്ല. അതുകൊണ്ടുതന്നെ നിലവിലെ സാധ്യതയില്‍ സഞ്ജുവും ജിതേഷും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടേക്കും.
വിരാട് കോലിയുടെ സ്ഥാനം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി കോലി കുതിക്കുകയാണ്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയും കോലി സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. 150ല്‍ താഴെയാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. അതുകൊണ്ടുതന്നെ കോലി ടി20 ലോകകപ്പില്‍ വേണോയെന്ന ചോദ്യം ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്. അതേ സമയം കോലി അനുഭവസമ്പന്നനായ താരമാണ്.

അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഒറ്റക്ക് മത്സരഫലത്തെ മാറ്റി മറിക്കാന്‍ കോലിക്ക് ശേഷിയുണ്ട്. നായകനായും ഓപ്പണറായും രോഹിത് ശര്‍മ ഉണ്ടാകുമെന്ന് നേരത്തെ ബിസിസി ഐ വൃത്തങ്ങളടക്കം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്ക് ബാധിച്ചതോടെ ഹാര്‍ദിക്കിനെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യ ടി20 നായകസ്ഥാനത്തേക്ക് തിരികെ വിളിക്കുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ വേണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്. എന്നാല്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായക റോള്‍ ടീമിലുണ്ടാവും. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഒപ്പമുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഹാര്‍ദിക്കിനെ ഒഴിവാക്കി ശിവം ദുബെയെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയില്ല. മുന്‍തൂക്കം ഹാര്‍ദിക്കിനാവുമുള്ളത്. കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന രാഹുലിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്നുറപ്പാണ്. രാഹുലിനെ കളിപ്പിച്ചാല്‍ ബാക്കപ്പ് ഓപ്പണറാക്കാം. എന്നാല്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നിരിക്കെ ഇന്ത്യ പരിഗണിച്ചേക്കില്ല. പേസ് നിരയിലും ആശങ്കകളുണ്ട്. മുഹമ്മദ് സിറാജ് തല്ലുകൊള്ളിയാണ്. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരോടൊപ്പം ആരൊക്കെയാണ് വേണ്ടതെന്നതാണ് പ്രസക്തമായ ചോദ്യം.
ദീപക് ചഹാര്‍ അവസരം തേടുന്നു. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ് എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കുന്നു. ഇതില്‍ നിന്ന് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.