ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. നിലവില്‍ നായകന്‍ രോഹിത് ശര്‍മയും യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണിങ് റോളിലേക്കു ഫേവറിറ്റുകള്‍. പക്ഷെ രോഹിത്തിനൊപ്പം ജയ്‌സ്വാളല്ല മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഓപ്പണ്‍ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കോലി വലിയ മല്‍സരങ്ങളുടെ താരമാണെന്നും ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ഈ ഐപിഎല്‍ സീസണില്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരമാണ് കോലി. ഇതിനെക്കുറിച്ച് പരാമര്‍ശിക്കാനും പോണ്ടിങ് മറന്നില്ല. കോലിയെ ടീമിലെടുക്കാതിരിക്കാന്‍ ചിലര്‍ എല്ലായ്‌പ്പോഴും കാരണങ്ങള്‍ കണ്ടെത്തുകയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

ലോകകപ്പില്‍ ആരൊക്കെ ടീമിനായി ഓപ്പണ്‍ ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യക്കു ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം യശസ്വി ജയ്‌സ്വാള്‍ ടീമിലുണ്ട്. ഒരുപാട് ഇടംകൈയന്‍മാര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നതു എടുത്തു പറയണം. അതുകൊണ്ടു തന്നെ ജയ്‌സ്വാളിന്റെ കാര്യത്തില്‍ അവര്‍ക്കു ഒരു തീരുമാനം എടുത്തേ തീരൂ. ഓപ്പണര്‍മാരായി രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയാവും ഇന്ത്യ തിരഞ്ഞെടുക്കുകയെന്നു തനിക്കുറപ്പാണെന്നും പോണ്ടിങ് വ്യക്തമാക്കി.
വലിയ വേദികളില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്താറുള്ള താരമാണ് കോലി. പക്ഷെ ഇന്ത്യയിലെ ആളുകള്‍ എല്ലായ്‌പ്പോഴും വിരാടിനെ ടീമിലെടുക്കാതിരിക്കാന്‍ ഒരു കാരണം കണ്ടെത്തുകയാണ്. അല്ലെങ്കില്‍ ടി20യില്‍ മറ്റേതെങ്കിലും ഒരു താരത്തിന്റെ അത്ര മിടുക്കില്ലെന്നു അവര്‍ വിരാടിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക വിരാടിനെയാണ്. തന്റെ റോള്‍ ഏറ്റവും നന്നായി തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു കഴിയും.
സൂര്യകുമാര്‍ യാദവിനെപ്പോലെയൊരു താരത്തെ ലഭിക്കുകയും രോഹിത് ശര്‍മ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുകയും ചെയ്താല്‍ ടീമിലെ മറ്റു താരങ്ങള്‍ക്കു അവരുടേതായ ശൈലിയില്‍ കളിക്കാന്‍ സാധിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കോലി ഏറെക്കുറെ ഉറപ്പിച്ചു. 14 മല്‍സരങ്ങളില്‍ നിന്നും 63.36 ശരാശരിയില്‍ 708 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 155.60 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു കോലി. ആറു മല്‍സരങ്ങളില്‍ നിന്നും 98.66 എന്ന ഗംഭീര ശരാശരിയില്‍ 296 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ചിരവൈരികളായ പാകിസ്താനെതിരായ ആദ്യ പോരാട്ടത്തില്‍ പുറത്താവാതെ 82 റണ്‍സെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
വരാനിരിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ബദ്ധവൈരികളായ പാകിസ്താനും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. അയര്‍ലാന്‍ഡ്, കാനഡ, ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇവരില്‍ പാകിസ്താനുമായുള്ള പോരാട്ടമായിരിക്കും ഇന്ത്യക്കു ഏറ്റവും വലിയ അഗ്നിപരീക്ഷ. ജൂണ്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ എല്‍ ക്ലാസിക്കോ പോരാട്ടം. ഇന്ത്യയുടെ ആദ്യ മല്‍സരം അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ്.