ടി20 ലോകകപ്പില്‍ പോരാട്ടങ്ങള്‍ സൂപ്പര്‍ എട്ടിലേക്കു കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച എട്ടു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി സെമി ഫൈനല്‍ ബെര്‍ത്തിനു വേണ്ടി ഇപ്പോള്‍ പോരടിക്കുന്നത്. തീപാറുന്ന ചില പോരാട്ടങ്ങള്‍ക്കു ഗ്രൂപ്പുഘട്ടം സാക്ഷിയായിരുന്നു. വിവിധ ടീമുകള്‍ക്കു വേണ്ടി ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു സംയുക്ത പ്ലെയിങ് ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും?
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ഒരു താരം പോലും ഈ ഇലവനിലുണ്ടാവില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും ചാംപ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു കുതിച്ചെങ്കിലും അസാധാരണ പ്രകടനം നടത്തിയ ഒരു താരത്തെ എടുത്തുകാണിക്കാനില്ല. ഗ്രൂപ്പുഘട്ടത്തിലെ ബെസ്റ്റ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ഓസ്‌ട്രേിയയുടെ ട്രാവിസ് ഹെഡും അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഇലവനു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക. സ്വന്തം ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കായിരുന്നു. ഐപിഎല്ലിലെ ഫോം ലോകകപ്പിലും തുടര്‍ന്ന ഹെഡ് 157.44 സ്‌ട്രൈക്ക് റേറ്റില്‍ 148 റണ്‍സാണ് നാലു കളിയില്‍ നിന്നും നേടിയത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയ ഗുര്‍ബാസാവട്ടെ രണ്ടു ഫിഫ്റ്റികളടക്കം 167 റണ്‍സാണ് അടിച്ചെടുത്തത്.
ഇലവന്റെ മധ്യനിരയെടുത്താല്‍ മൂന്ന് മതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍, ഈ ടൂര്‍ണമെന്റിലെ കണ്ടെത്തലുകളിലൊന്നായി മാറിയ അമേരിക്കയുടെ ആരോണ്‍ ജോണ്‍സ്, ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരാണുള്ളത്. ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരമായിരുന്നു പൂരന്‍. 164 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്രൂപ്പുഘട്ടത്തിലെ ബെസ്റ്റ് ഇലവനെ നയിക്കുന്നതും പൂരന്‍ തന്നെയാണ്.
നാലാം നമ്പറിലാണ് അമേരിക്കന്‍ താരം ജോണ്‍സ് കളിക്കുക. അഗ്രസീവ് ബാറ്ററായ അദ്ദേഹം കാനഡയ്‌ക്കെതിരായ ആദ്യ കളിയില്‍ 40 ബോളില്‍ വാരിക്കൂട്ടിയത് 94 റണ്‍സാണ്. 10 കൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെടെയാണിത്. പാകിസ്താനെതിരായ ആദ്യ കളിയില്‍ അമേരിക്ക അട്ടിമറി ജയം കൊയ്തപ്പോള്‍ 36 റണ്‍സും ജോണ്‍സ് നേടി. സ്‌റ്റോയ്‌നിസാവട്ടെ ഓസീസിനായി ഗംഭീര ഫോമിലാണ്. 190.24 സ്‌ട്രൈക്ക് റേറ്റിലാണ് ഗ്രൂപ്പുഘട്ടത്തില്‍ അദ്ദേഹം റണ്‍സ് അടിച്ചുകൂട്ടിയത്.

ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, വിന്‍ഡീസിന്റെ തന്നെ അക്കീല്‍ ഹൊസെയ്ന്‍ എന്നിവരുണ്ട്. ഫിനിഷിങില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഗ്രൂപ്പുഘട്ടത്തില്‍ മില്ലര്‍ കാഴ്ചവച്ചിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ സൗത്താഫ്രിക്കയെ സൂപ്പര്‍ എട്ടിലെത്തിക്കുന്നതിലും മില്ലര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ചില അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ച റസ്സല്‍ ബൗളിങിലും തിളങ്ങി. അക്കീലാവട്ടെ ഒമ്പതു വിക്കറ്റും ഗ്രൂപ്പുഘട്ടത്തില്‍ വീഴ്ത്തി.
ഇലവന്റെ ബൗളിങ് ലൈനപ്പിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഓസ്‌ട്രേലിയയുടെ ആദം സാംപയാണ്. പേസര്‍മാരായി അഫ്ഗാനിസ്താന്റെ ഫസല്‍ഹഖ് ഫാറൂഖിയും സൗത്താഫ്രിക്കയുടെ ആന്‍ട്രിച്ച് നോര്‍ക്കിയയും ഇലവനിലെത്തി. ഒമ്പത് വിക്കറ്റുകളെടുത്ത സാംപയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്നര്‍. ഫാറൂഖിയാവട്ടെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുണ്ട്. 12 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്. നോര്‍ക്കിയ ഒമ്പതു വിക്കറ്റുകളും നേടി.
ഗ്രൂപ്പുഘട്ടത്തിലെ ബെസ്റ്റ് 11
ട്രാവിസ് ഹെഡ്, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഡേവിഡ് മില്ലര്‍, ആന്ദ്രെ റസ്സല്‍, അക്കീല്‍ ഹൊസെയ്ന്‍, ആദം സാംപ, ആന്‍ട്രിച്ച് നോര്‍ക്കിയ, ഫസല്‍ഹഖ് ഫാഖൂറി.