വീണ്ടുമൊരു ഐസിസി ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഒരു മാസം നീളുന്ന ക്രിക്കറ്റ് പൂരത്തില്‍ അണിനിരക്കുക 20 ടീമുകളാണ്. ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് നിലവിലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ.
കിരീട ഫേവറിറ്റുകളായി അദ്ദേഹം തിരഞ്ഞെടുത്ത ടീമുകളില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പകരമൊരു സര്‍പ്രൈസ് ടീമിനെയാണ് ജയ് ഷാ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രോഹിത് ശര്‍മയുടെ ടീം ഇന്ത്യ, മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, ഇതുവരെ ചാംപ്യന്‍മാരായിട്ടില്ലാത്ത ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം സംയുക്ത ആതിഥേയരായ വിന്‍ഡീസിനെയാണ് അദ്ദേഹം ഫേവറിറ്റായി തിരഞ്ഞെടുത്തത്.

രണ്ടു തവണ ചാംപ്യന്‍മാരായ ടീമാണ് വിന്‍ഡീസെങ്കിലും നിലവില്‍ അവര്‍ അത്ര മികച്ച ക്രിക്കറ്റല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെ തഴഞ്ഞ് പകരം വെസ്റ്റ് ഇന്‍ഡീസിനെ ഫേവറിറ്റുകളിലൊന്നായി തിരഞ്ഞടുത്ത ജയ് ഷായുടെ തീരുമാനം ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
ടി20 സ്‌പെഷ്യലിസ്റ്റുകളുടെ വലിയൊരു നിര തന്നെ കരീബിയന്‍ ടീമിനുണ്ട്. കൂടാതെ ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നതും അവര്‍ക്കു അനുകൂലമാണ്. ഇതു തന്നെയാവാം വിന്‍ഡീസിനെ തിരഞ്ഞടുക്കാന്‍ ജയ് ഷായെ പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2012, 16 വര്‍ഷങ്ങളിലാണ് ടി20 ലോകകപ്പില്‍ വിന്‍ഡീസ് ജേതാക്കളായിട്ടുള്ളത്. ഇംഗ്ലണ്ടിനെക്കൂടാതെ ലോകകപ്പില്‍ ഒന്നിലേറെ തവണ ചാംപ്യന്‍മാരായ ഏക ടീമും അവര്‍ തന്നെയാണ്. ഇംഗ്ലണ്ടും രണ്ടു തവണയാണ് ലോകകപ്പുയര്‍ത്തിയത്. 2010ലായിരുന്നു അവരുടെ കന്നിക്കിരീടം.
അതിനു ശേഷം 2022ലെ അവസാന ടൂര്‍ണമെന്റിലും ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടു. ഓസ്‌ട്രേലിയ വേദിയായ ടൂര്‍ണമെന്റില്‍ പാകിസ്താനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു ജോസ് ബട്‌ലറിനു കീഴില്‍ ഇംഗ്ലണ്ടിന്റെ കിരീടധാരണം.
അതേസമയം, 2007ലെ പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ഇന്ത്യ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ലോകകപ്പില്‍ ഇത്തവണ മുത്തമിടാമെന്ന ശുഭപ്രതീക്ഷയിലാണ്. രോഹിത്തും വിരാട് കോലിയുമുള്‍പ്പെടുന്ന സീനിയര്‍ താരങ്ങളോടൊപ്പം കളി ജയിപ്പിക്കാന്‍ ശേഷിയുള്ള യുവ താരങ്ങളും ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. കോച്ചെന്ന നിലയില്‍ ടീം ഇന്ത്യയോടൊപ്പം രാഹുല്‍ ദ്രാവിഡിന്റെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പ് നേട്ടത്തോടെ അദ്ദേഹത്തെ യാത്രയയക്കാനിയിരിക്കും താരങ്ങളുടെ ആഗ്രഹം.

ദ്രാവിഡിനെ മാത്രമല്ല രോഹിത്, കോലി എന്നിവരെയും വീണ്ടുമൊരു ടി20 ലോകകപ്പില്‍ കാണില്ല. അതിനാല്‍ ഇവര്‍ക്കും ഈ ലോകകപ്പ് വളരെ സ്‌പെഷ്യല്‍ തന്നെയാണ്. ലോക കിരീടത്തോടെയൊരു യാത്രയപ്പ് ഈ ഇതിഹാസ താരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു നാണംകെട്ടാണ് ഇന്ത്യ പുറത്തായത്.
ഇത്തവണ ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. അയര്‍ലാന്‍ഡ്, സംയുക്ത ആതിഥേയരായ അമേരിക്ക, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ കന്നിയങ്കം. 9ന് പാകിസ്താനെയും 12ന് അമേരിക്കയെയും 15ന് കാനഡയെയും ഇന്ത്യ നേരിടും.