ഡല്ലാസ്: ടി20 ലോകകപ്പില്‍ ഇത്തവണ 100 റണ്‍സ് പോലും ചേസ് ചെയ്തു ജയിക്കുക വലിയ വെല്ലുവിളി തന്നെ ആയിരിക്കുമെന്നു തെളിയിച്ചിരിക്കുകയാണ് ഗ്രൂപ്പ് ഡിയില്‍ നടന്ന നെതര്‍ലാന്‍ഡ്‌സ്- നേപ്പാള്‍ മല്‍സരം. അവസാന ഓവറുകള്‍ വരെ സസ്‌പെന്‍സ് തുടര്‍ന്ന ഈ പോരാട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സ് കഷ്ടിച്ചു ജയവുമായി രക്ഷപ്പെടുകയും ചെയ്തു. എട്ടു ബോളുകള്‍ ശേഷിക്കെ ആറു വിക്കറ്റിന്റെ വിജയമാണ് ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്. അമേരിക്കയിലെ ഡല്ലാസില്‍ നടന്ന കളിയില്‍ ഡച്ച് ടീമിനെ ശരിക്കും വെള്ളം കുടിപ്പിക്കാന്‍ നേപ്പാളിനു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
107 റണ്‍സ് മാത്രമേ നെതര്‍ലാന്‍ഡ്‌സിനു ഈ മല്‍സരം ജയിക്കാന്‍ ആവശ്യമായിരുന്നുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ചില അട്ടിമറി വിജയങ്ങള്‍ കുറിച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ ഡച്ച് ടീം ഇതു അനായാസം ചേസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ വിജയത്തിലെത്താന്‍ നെതര്‍ലാന്‍ഡ്‌സ് ടീം നന്നായി വിയര്‍ക്കുക തന്നെ ചെയ്തു. 19ാമത്തെ ഓവറിലെ നാലാമത്തെ ബോളിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ നെതര്‍ലാന്‍ഡ്‌സ് വിജയ റണ്‍സ് കുറിച്ചത്.

അപരാജിത ഫിഫ്റ്റി കുറിച്ച മാക്‌സ് ഒഡൗഡാണ് ഡച്ച് ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 48 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 54 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ വംശജനായ വിക്രംജിത്ത് സിങ് മൂന്നാം നമ്പറില്‍ ഇറങ്ങി 22 റണ്‍സ് നേടി. മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല. നേപ്പാളിനായി ആറു പേരാണ് ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത്. നെതര്‍ലാന്‍ഡ്‌സിനെ അവസാനം വരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബൗളിങ് നിരയ്ക്കു സാധിക്കുകയും ചെയ്തു.
നേരത്തേ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട നേപ്പാള്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് 106 റണ്‍സിനു കൂടാരം കയറിയത്. ക്യാപ്റ്റന്‍ രോഹിത് പൗഡേലിന്റെ (35) ഇന്നിങ്‌സാണ് വലിയ നാണക്കേടില്‍ നിന്നും അവരെ രക്ഷിച്ചത്. 37 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറുകളടിച്ചു. മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ഡച്ച് ബൗര്‍മാര്‍ അനുവദിച്ചില്ല. വാലറ്റത്ത് കെസി കരണ്‍ (17), ഗുല്‍സന്‍ ജാ (14) എന്നിവരാണ് ടീം ടോട്ടല്‍ 100 കടത്തിയത്.

ഡച്ച് ടീമിനായി ബൗളിങ് നിര ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ബൗള്‍ ചെയ്ത അഞ്ചു പേരില്‍ ഒരാളൊഴികെ ബാക്കി നാലു നേരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി. മൂന്നു വിക്കറ്റുകള്‍ വീതം പിഴുത ടിം പ്രിംഗിളും ലോഗന്‍ വാന്‍ബീക്കുമാണ് നേപ്പാളിന്റെ അന്തകരായത്. പോള്‍ വാന്‍ മീക്കെറനും ബാസ് ഡി ലീഡെയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
നെതര്‍ലാന്‍ഡ്‌സ്- മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, വിക്രംജീത്ത് സിങ്, സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്, ബാസ് ഡി ലീഡെ, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തേജ നിദാമനൂരു, ലോഗന്‍ വാന്‍ ബീക്ക്, ടിം പ്രിംഗിള്‍, പോള്‍ വാന്‍ മിക്കെറന്‍, വിവിയന്‍ കിംഗ്മ.
നേപ്പാള്‍- കുശാല്‍ ഭുര്‍ട്ടെല്‍, ആസിഫ് ഷെയ്ഖ്, അനില്‍ സാ, രോഹിത് പൗഡേല്‍, കുശാല്‍ മല്ല, ദീപേന്ദ്ര സിങ് എയ്‌റി, ഗുല്‍സന്‍ ജാ, സോംപാല്‍ കാമി, അഭിനാശ് ബൊഹാറ, സാഗര്‍ ധക്കല്‍.