ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 9ന് ന്യൂയോര്‍ക്കിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും പാകിസ്താനെ സംബന്ധിച്ചും മത്സരം അഭിമാന പ്രശ്‌നമാണ്. അവസാന നേര്‍ക്കുനേര്‍ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താന്‍ കണക്കുവീട്ടാനുറച്ചാവും ഇത്തവണ ഇറങ്ങുക. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യ തന്ത്രങ്ങള്‍ മെനഞ്ഞ് ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.
ഇന്ത്യക്കാണ് കണക്കുകളിലും മാനസികമായും മുന്‍തൂക്കം. എന്നാല്‍ പാകിസ്താനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ഇപ്പോഴിതാ ഇന്ത്യ ഭയക്കേണ്ട പാക് താരം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഒറ്റക്ക് കളി ജയിപ്പിക്കാന്‍വരെ ശേഷിയുള്ള താരം നസീം ഷായാണെന്നാണ് കൈഫ് പറയുന്നത്. യുവ പേസറുടെ ബൗളിങ്ങിനെ ഇന്ത്യ കരുതലോടെ ഇറങ്ങണമെന്നാണ് കൈഫ് പറയുന്നത്. ' പാകിസ്താന് മികച്ച പേസര്‍മാരുണ്ട്.

ഷഹിന്‍ ഷാ അഫ്രീദി, നസിം ഷാ എന്നിവര്‍ മികച്ചവരാണ്. നസീം ഏകദിന ലോകകപ്പ് കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് അവന്‍ പുറത്തിരുന്നത്. ന്യൂയോര്‍ക്കിലേത് ബൗണ്‍സ് നിറഞ്ഞ പിച്ചാണ്. നസീം ഷാ മികച്ച പേസ് ബൗളറാണ്. മെല്‍ബണില്‍ കോലിയുടെ ക്യാച്ചവസരം തുടക്കത്തിലേ സൃഷ്ടിച്ച ബൗളറാണ് നസീം. അവന്റെ വേഗത്തെ കരുതിയിരിക്കണം. പാകിസ്താന്റെ ബാറ്റിങ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് എല്ലാവര്‍ക്കും അറിയാം.
ഫഖര്‍ സമാന്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. അവന്‍ ശോഭിച്ചാല്‍ ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ ഫഖറിന് കഴിവുണ്ട്. ഇഫ്തിഖര്‍ അഹമ്മദും അല്‍പ്പം വേഗത്തില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. മറ്റ് താരങ്ങളെല്ലാം 120, 125 സ്‌ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്. പാകിസ്താന്റെ ബാറ്റിങ് ദുര്‍ബലമാണെങ്കിലും ബൗളിങ് നിരയെയാണ് ഭയക്കേണ്ടത്' കൈഫ് പറഞ്ഞു. ഇടം കൈയന്‍ ബൗളര്‍മാരെ നേരിടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്.
പല തവണ പാകിസ്താന്‍ പേസര്‍മാര്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിരയെ തകര്‍ത്തിട്ടുണ്ട്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നിവര്‍ ന്യൂബോളില്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങള്‍ കരുതിത്തന്നെ ഇറങ്ങണം. രോഹിത് ശര്‍മ മോശം ഫോമിലാണ് ഐപിഎല്ലില്‍ കളിച്ചത്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലും രോഹിത്തിന്റെ മോശം ഫോം ഇന്ത്യയെ വേട്ടയാടാനുള്ള സാധ്യതയുണ്ട്.
വിരാട് കോലി മികച്ച ഫോമിലാണ് ഐപിഎല്‍ കളിച്ചത്. ഇതേ ഫോം ഇന്ത്യക്കായി ലോകകപ്പിലും തുടര്‍ന്നാല്‍ ഇന്ത്യയുടെ കിരീടത്തിലേക്കുള്ള കുതിപ്പ് വേഗത്തിലാവും. എന്നാല്‍ പാകിസ്താന്റെ ന്യൂബോളിലെ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. പാകിസ്താന്‍ പേസാക്രമണത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇന്ത്യ സ്പിന്നാക്രമണത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചത്. സന്നാഹ മത്സരങ്ങളില്‍ നിന്ന് പിച്ചില്‍ മികച്ച ടേണുണ്ടെന്ന് വ്യക്തം. ഇതിനെ മുതലാക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പേസര്‍മാര്‍ക്ക് മികച്ച സ്വിങ്ങും ബൗണ്‍സും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് പറയാം.