മുംബൈ: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഹാട്രിക് ജയത്തോടെ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക ടീമുകളെ തകര്‍ത്ത ഇന്ത്യക്ക് ഗ്രൂപ്പിലെ അവസാന എതിരാളികള്‍ കാനഡയാണ്. അനായാസം ഇന്ത്യ കാനഡയേയും തോല്‍പ്പിക്കുമെന്നുറപ്പാണ്. പാകിസ്താനെയടക്കം തോല്‍പ്പിച്ച് മുന്നേറാന്‍ ഇന്ത്യക്കായെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുന്നുണ്ട്. അതിലൊന്ന് വിരാട് കോലിയുടെ മോശം ഫോമാണ്.
ഓപ്പണിങ്ങിലേക്ക് കോലി മാറിയ ശേഷം തിളങ്ങാനായിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു ഗോള്‍ഡന്‍ ഡെക്കും ഉള്‍പ്പെടും. ഇപ്പോഴിതാ വരുന്ന മത്സരങ്ങളില്‍ ഇന്ത്യ വരുത്തേണ്ട പ്രധാന മാറ്റം എന്താണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് തിരികെ മാറ്റണമെന്നാണ് കൈഫ് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.
'വിരാട് കോലി മൂന്നാം നമ്പറിലേക്ക് തിരികെ വരണം. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് കോലി. അമേരിക്കയിലെ പേസ് പിച്ചില്‍ ന്യൂബോളില്‍ കളിക്കുകയെന്നത് വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ കോലിക്ക് അല്‍പ്പം സമയം നല്‍കേണ്ടത് അത്യാവശ്യമാണ്. പുറത്ത് നിന്ന് അല്‍പ്പനേരം മത്സരം കണ്ട് വിലയിരുത്താനുള്ള സമയം അനുവദിക്കണം. ഉദാഹരണമായി പറഞ്ഞാല്‍ സൗരഭ് നേത്രാവല്‍ക്കറിനെ ഇതിന് മുമ്പ് കോലി നേരിട്ടിട്ടില്ല.
ആദ്യ പന്ത് തന്നെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. അല്‍പ്പനേരം പുറത്ത് നില്‍ക്കുമ്പോള്‍ പിച്ചിന്റെ സ്വഭാവവും ബൗളറുടെ പദ്ധതിയും കോലിയെപ്പോലെ അനുഭവസമ്പന്നനായ താരത്തിന് മനസിലാക്കാന്‍ സാധിക്കും. അതിനനുസരിച്ച് കോലിക്ക് ബാറ്റിങ് ശൈലി മാറ്റാം. ഐപിഎല്ലിലെ പിച്ചുകള്‍ ഫ്‌ളാറ്റാണ്. അതുകൊണ്ടുതന്നെ ഓപ്പണറാവുമ്പോള്‍ ഇതുപോലെ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരില്ല.

200 റണ്‍സുകള്‍ പിറക്കുന്ന പിച്ചില്‍ കോലിയെ ഓപ്പണറാക്കാം. എന്നാല്‍ ആ പ്രകടനം വിലയിരുത്തി ഇത്തരം പിച്ചുകളില്‍ ഓപ്പണറാവാന്‍ സാധിക്കില്ല' കൈഫ് പറഞ്ഞു. ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ കോലി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ എക്‌സ്ട്രാ ബൗണ്‍സുള്ള അമേരിക്കയിലെ പിച്ചില്‍ മികവ് കാട്ടുക പ്രയാസമാണ്. എന്നാല്‍ ഇനി വെസ്റ്റ് ഇന്‍ഡീസിലാണ് മത്സരം നടക്കാന്‍ പോകുന്നത്. അവിടുത്തെ പിച്ച് സ്പിന്നിന് അനുകൂലമാണ്.
കോലിക്ക് കളിച്ച് അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ടുതന്നെ കോലിക്ക് തിളങ്ങാന്‍ സാധിച്ചേക്കും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ കോലിക്ക് കാര്യങ്ങള്‍ കടുപ്പമാണ്. കോലിയെ ഇന്ത്യ നിര്‍ബന്ധിച്ച് ഓപ്പണറാക്കുമ്പോള്‍ ഈ റോളില്‍ പയറ്റിത്തെളിഞ്ഞ യശ്വസി ജയ്‌സ്വാള്‍ പുറത്തിരിക്കുകയാണ്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. അനായാസം റണ്‍സ് നേടാന്‍ ജയ്‌സ്വാളിന് ശേഷിയുണ്ട്. പക്ഷെ ഇന്ത്യ കോലിക്കായി ജയ്‌സ്വാളിനെ പുറത്തിരുത്തിയിരിക്കുകയാണ്.
ജയ്‌സ്വാളിനെ ഓപ്പണറാക്കുമ്പോള്‍ ഇന്ത്യക്ക് ഇടത് വലത് ഓപ്പണിങ് കൂട്ടുകെട്ടും ലഭിക്കുന്നു. നിലവില്‍ രണ്ട് വലം കൈയന്‍ ഓപ്പണര്‍മാര്‍ ഇറങ്ങുമ്പോള്‍ എതിര്‍ ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുന്നു. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വേറെ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കില്ല. ശിവം ദുബെ ഫോം കണ്ടെത്തിയതിനാല്‍ സഞ്ജു സാംസണിനെ ഇനി പരിഗണിച്ചേക്കില്ല.
ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കാര്യമായ മികവ് പുലര്‍ത്താന്‍ അമേരിക്കന്‍ പിച്ചില്‍ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ അക്ഷര്‍ പട്ടേലിനെ നിലനിര്‍ത്തിയേക്കും. രവീന്ദ്ര ജഡേജ മോശം ഫോമിലാണെങ്കിലും സീനിയര്‍ താരമെന്ന പരിഗണന ലഭിക്കുന്നു. എന്തായാലും നിലവിലെ പ്ലേയിങ് 11 ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നതിനാല്‍ വലിയ പൊളിച്ചെഴുത്തിലേക്ക് നായകന്‍ രോഹിത് ശര്‍മ കടന്നേക്കില്ലെന്നുറപ്പാണ്.