ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിന്റെ ആവേശ ഫൈനലിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം പൊടിപൊടിക്കുമെന്നുറപ്പ്. രണ്ട് ടീമും തോല്‍വി അറിയാതെ ഫൈനലിലെത്തിയവരാണ്. അതുകൊണ്ടുതന്നെ മുന്‍തൂക്കം ആര്‍ക്കും നല്‍കാനാവില്ല. ഫൈനല്‍ കളിച്ച അനുഭവസമ്പത്ത് കൂടുതല്‍ ഇന്ത്യക്കാണ്. ദക്ഷിണാഫ്രിക്കയുടെ കന്നി ലോകകപ്പ് ഫൈനലാണിത്. ഇന്ത്യക്കാണ് കൂടുതല്‍ പേരും മുന്‍തൂക്കം നല്‍കുന്നത്.
എന്നാല്‍ ഫൈനലിന് മുമ്പ് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നത് വിരാട് കോലിയുടെ ഫോമാണ്. ഐപിഎല്ലിലെ മിന്നല്‍ പ്രകടനം വിലയിരുത്തി ഇന്ത്യ കോലിയെ ഓപ്പണറാക്കി. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് വെറും 75 റണ്‍സാണ്. 10.71 മാത്രമാണ് കോലിയുടെ ശരാശരി. ഫൈനലില്‍ കോലി ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം.
എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മറ്റ് പ്രമുഖരുമെല്ലാം ഇപ്പോള്‍ കോലിയെ പിന്തുണക്കുകയാണ്. കോലി ഫൈനലില്‍ തിളങ്ങുമെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. ഇപ്പോഴിതാ എംഎസ് ധോണിയുടെ 2011ലെ ലോകകപ്പ് ഫൈനലിലെ പ്രകടനം 2024ലെ ടി20 ലോകകപ്പില്‍ കോലി ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രണ്ട് പേരും ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്‌ളോപ്പായിരുന്നു.
എന്നാല്‍ ധോണി 2011ലെ ലോകകപ്പ് ഫൈനലില്‍ പുറത്താവാതെ 91 റണ്‍സുമായി ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറി. നുവാന്‍ കുലശേഖരയെ സിക്‌സര്‍ പറത്തി കോലി ലോകകപ്പ് നേടിത്തന്നത് ആരും മറന്നിട്ടില്ല. ഇത് കോലി ആവര്‍ത്തിക്കുമെന്നാണ് കൈഫ് പറയുന്നത്. ഇതുവരെയുള്ള മത്സരങ്ങളില്‍ കോലി ഫ്‌ളോപ്പായിരുന്നെങ്കിലും ഫൈനലില്‍ കോലി വിശ്വരൂപം കാട്ടുമെന്നാണ് കൈഫ് പ്രതീക്ഷിക്കുന്നു. കോലി മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാനാവില്ല.

കോലി മികച്ച ഷോട്ടുകള്‍ കളിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനിലെ മാറ്റമാണ്. മൂന്നാമനായിരുന്ന കോലിയെ ഓപ്പണിങ്ങിലേക്കെത്തിച്ചത് ഐപിഎല്ലിലെ ഫോം വിലയിരുത്തിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായപ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കാതെ പോയി. ഇത് താരത്തെ സമ്മര്‍ദ്ദത്തിലാക്കി. വലിയ ഷോട്ട് കളിക്കാന്‍ കോലി ശ്രമം നടത്തുമ്പോള്‍ വിക്കറ്റായി മാറുന്നു.
ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടുമെല്ലാം കോലി പുറത്തായത് വലിയ ഷോട്ടിന് ശ്രമിച്ചാണ്. തുടക്കത്തിലേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കോലിക്ക് കഴിവില്ല. അല്‍പ്പനേരം പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ കോലിക്ക് ഇങ്ങനെ കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഓപ്പണറാവുമ്പോള്‍ പവര്‍പ്ലേ മുതലാക്കേണ്ടതായുണ്ട്. അതിന് തുടക്കം മുതല്‍ കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിന് കോലി ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. കാരണം മികച്ച ബൗളിങ് കരുത്തുള്ള ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, മാര്‍ക്കോ യാന്‍സന്‍ എന്നിവരുടെ പേസാക്രമണത്തെ നേരിടാന്‍ കോലിയെപ്പോലെ സാങ്കേതിക തികവുള്ള താരത്തെ ഇന്ത്യക്കാവശ്യമാണ്. പെട്ടെന്ന് കീഴടങ്ങാന്‍ മനസില്ലാത്ത താരമാണ് കോലി.
ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ കോലി മികച്ച പ്രകടനത്തോടെ ഫോമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. റിഷഭ് പന്തും ശിവം ദുബേയും ഫോമിലേക്കെത്തേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. ദുബെ മധ്യനിരയില്‍ നിരാശപ്പെടുത്തുകയാണ്. പക്ഷെ ഇന്ത്യ ഫൈനലില്‍ ദുബെക്ക് പകരക്കാരനായി ആരേയും ഇറക്കിയേക്കില്ല. വിജയ കൂട്ടുകെട്ട് തന്നെ ഇന്ത്യ തുടരാനാണ് സാധ്യത കൂടുതല്‍.