അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഒരു മാസം ദൈര്‍ഘ്യമുള്ള ലോകകപ്പില്‍ ഇത്തവണ 20 ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ക്കു മാത്രമാണ് അമേരിക്ക ആതിഥേയത്വം വഹിക്കുന്നത്. ഫൈനലുള്‍പ്പെടെ നോക്കൗട്ട് റൗണ്ടിലെ പോരാട്ടങ്ങളെല്ലാം വിന്‍ഡീസിലാണ്.
പിടിഐയോടു സംസാരിക്കവെയാണ് ഇത്തവണ സെമി ഫൈനലിലെത്തുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു കൈഫ് പ്രവചിച്ചത്. രോഹിത് ശര്‍മയും സംഘവും ഉറപ്പായും സെമിയിലുണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസിലാന്‍ഡ്, മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയും സെമിയില്‍ കാണാമെന്ന് പ്രവചിച്ച കൈഫ് അവസാന ടീമിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.

ന്യൂസിലാന്‍ഡ് എങ്ങനെയെങ്കിലും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാനുള്ള വഴി കണ്ടെത്തും. ഐസിസി ടൂര്‍ണമെന്റുകളില്‍ നിങ്ങള്‍ക്കു അവരെ എഴുതിതള്ളാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെ സെമി ഫൈനലിലെ ടീമുകളിലേക്കു കൂട്ടിച്ചേര്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസും സെമി ഫൈനലിലുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. സ്വന്തം നാട്ടില്‍ കളിക്കുന്നതിനാല്‍ തന്നെ അവര്‍ അപകടകാരികളുമായിരിക്കുമെന്നും കൈഫ് നിരീക്ഷിച്ചു.
സെമി ഫൈനലിലെ നാലാമത്തെയും അവസാനത്തെയും ടീം ആരാവുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അതു ഓസ്‌ട്രേലിയയോ, പാകിസ്താനോ ആയിരിക്കാം. ഇവരിലൊരാള്‍ക്കു സെമിയില്‍ കടക്കാം. പാകിസ്താന്‍ എത്തുകയും നമ്മള്‍ അവരെ സെമിയിലോ, ഫൈനലിലോ നേരിടുകയും ചെയ്താല്‍ അതു മഹത്തായ കാര്യം തന്നെയായിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍ എന്തുകൊണ്ടു സംഭവിച്ചു കൂടായെന്നും കൈഫ് ചോദിക്കുന്നു.
ഇത്തവണ ഇന്ത്യന്‍ ടീമിന്റെ കിരീടസാധ്യതകളെക്കുറിച്ചും അദ്ദേഹം വിശകലനം നടത്തി. 2022ലെ കഴിഞ്ഞ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കു സാധ്യതകള്‍ കൂടുതലാണെന്നാണ് കൈഫിന്റെ വിലയിരുത്തല്‍. ഇതിന്റെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
കളിഞ്ഞ എഡിഷനിലെ ലോകകപ്പ് അപേക്ഷിച്ച് ഇന്ത്യയുടെ ബൗളിങ് ആക്രമണം കൂടുതല്‍ മികച്ചതാണ്. യുസ്വേന്ദ്ര ചഹല്‍ കഴിഞ്ഞ തവണ നമ്മുടെ ടീമിലുണ്ടായിരുന്നു. പക്ഷെ ആദ്യ ഇലവനില്‍ കളിപ്പിച്ചില്ല. ഈ വര്‍ഷം നമുക്കു കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാമുണ്ട്. ഇവരെല്ലാം മികച്ച സ്പിന്നര്‍മാരാണ്. വളരെ അനുഭവസമ്പത്തുളള്ള, വിക്കറ്റ് വേട്ടക്കാരുമാണ്.

തങ്ങളുടേതായ ദിവസം മല്‍സരം മാറ്റിമറിക്കാന്‍ ഇവര്‍ക്കു സാധിക്കും. ജസ്പ്രീത് ബുംറ കഴിഞ്ഞ തവണത്തെ ടി20 ലോകകപ്പില്‍ കളിച്ചില്ല. ഇത്തവണ അദ്ദേഹവും ടീമിലുണ്ട്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും ബുംറയെന്നും താന്‍ കരുതുന്നതായി കൈഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓസ്‌ട്രേലിയ വേദിയായ കഴിഞ്ഞ ലോകകപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ടീം ഇത്തവണ മികച്ച പ്രകടനത്തിനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സെമി ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കായിരുന്നെങ്കിലും ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
2007ലെ പ്രഥമ എഡിഷനിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കു പിന്നീടൊരിക്കലും ടി20 ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഈ കാത്തിരിപ്പ് രോഹിത്തിനും സംഘത്തിനും ഇത്തവണ അവസാനിപ്പിച്ചേ തീരൂ. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.