മുംബൈ: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8നോടടുത്ത് നില്‍ക്കുകയാണ്. പാകിസ്താനേയും അയര്‍ലന്‍ഡിനേയും തോല്‍പ്പിച്ച ഇന്ത്യ ഇന്ന് അമേരിക്കയേയും തോല്‍പ്പിച്ച് സൂപ്പര്‍ 8ലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിങ്ങും ശുബ്മാന്‍ ഗില്ലുമടക്കം റിസര്‍വ് താരങ്ങളായാണ് പരിഗണിക്കപ്പെട്ടത്.
അത്രത്തോളം താരസമ്പന്നമാണ് ഇന്ത്യന്‍ ടീമെന്ന് പറയാം. ഇന്ത്യയുടെ ടി20 ലോകകപ്പ് ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ചില താരങ്ങള്‍ ഒരു മത്സരം മാത്രം കളിക്കുകയും പിന്നീട് ഒരു അവസരം പോലും ലഭിക്കാതിരിക്കുകയും ചെയ്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രാഹുല്‍ ചഹാറാണ്. ലെഗ് സ്പിന്നറായ രാഹുല്‍ ചഹാര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയെടുത്ത താരമാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചഹാറുമുണ്ടായിരുന്നു.
നമീബിയക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല. ഇതോടെ തഴയപ്പെട്ടു. ഐപിഎല്ലില്‍ തുടരുന്ന രാഹുല്‍ ചഹാര്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്. ഇനിയൊരു തിരിച്ചുവരവ് രാഹുല്‍ ചഹാറിന് എളുപ്പമല്ല. ആരാധകര്‍ ചെണ്ടയെന്ന് വിളിക്കുന്ന പേസറാണ് അശോക് ഡിന്‍ഡ. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് ഡിന്‍ഡ. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് ഡിന്‍ഡ കളിച്ചത്.
2012ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഡിന്‍ഡ കളിച്ചത്. ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള താരം മികച്ച ഇക്കോണമി അവകാശപ്പെടാന്‍ സാധിക്കുന്ന പേസറല്ല. അധികം വൈകാതെ ഡിന്‍ഡ തഴയപ്പെട്ടു. ഇതിനോടകം അദ്ദേഹം വിരമിച്ചിട്ടുണ്ട്. മറ്റൊരു താരം ദീപക് ഹൂഡയാണ്. ടി20യില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ഹൂഡ. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ ഹൂഡ ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് കളിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഹൂഡ കളിച്ചത്. ഡെക്കിന് പുറത്താവുകയും ചെയ്തു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ താരമായ ഹൂഡക്ക് ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനും ഒരു മത്സരമാണ് ടി20 ലോകകപ്പില്‍ കളിച്ചത്. ഇത്തവണ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട ഇഷാന്റെ സമീപ കാല പ്രകടനങ്ങളെല്ലാം മോശമാണ്.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷനെന്ന് പറയാം. മനീഷ് പാണ്ഡെയാണ് മറ്റൊരു താരം. ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടിയ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ അവസരം മനീഷിന് ലഭിച്ചിട്ടില്ല. മനീഷ് ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പിന്റെ സെമിയിലാണ് മനീഷ് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരാ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ മനീഷ് പാണ്ഡെക്ക് അവസരം ലഭിച്ചില്ല.
വിനയ് കുമാറാണ് മറ്റൊരു താരം. 2010ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് വിനയ് കുമാര്‍ കളിച്ചത്. 2 വിക്കറ്റ് അദ്ദേഹം നേടുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അധികം അവസരം വിനയ് കുമാറിന് ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ വലിയ അവസരം വിനയ് കുമാറിന് ലഭിച്ചിരുന്നില്ല. ഇതിനോടകം ക്രിക്കറ്റ് കരിയറിന് വിനയ് കുമാര്‍ വിരാമമിട്ടിട്ടുണ്ട്.