For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിനെ മറികടന്ന് റിഷഭ് മൂന്നാമന്‍, കാരണം ഇതാണ്; മഞ്ജരേക്കര്‍ പറയുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വരവറിയിച്ചിരിക്കുന്നത്. ഇന്ത്യ ചില സര്‍പ്രൈസ് നീക്കങ്ങളോടെയാണ് അയര്‍ലന്‍ഡിനെതിരേ ഇറങ്ങിയത്. യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി പകരം രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് ഓപ്പണിങ്ങിലിറങ്ങി. കൂടാതെ മൂന്നാം നമ്പറില്‍ റിഷഭ് പന്തിനെ ബാറ്റിങ്ങിനിറക്കി.

ശിവം ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തി. സഞ്ജു സാംസണ്‍ അയര്‍ലന്‍ഡിനെതിരേ മികച്ച റെക്കോഡുള്ള താരമായിട്ടും അദ്ദേഹത്തെ ഇന്ത്യ പരിഗണിച്ചില്ല. അയര്‍ലന്‍ഡിനെതിരേ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടുകയും ദീപക് ഹൂഡക്കൊപ്പം റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്യാന്‍ സഞ്ജുവിനായി. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്താനും സഞ്ജുവിന് സാധിച്ചു.

എന്നിട്ടും ഇന്ത്യ മൂന്നാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കാതെ ഇടം കൈയന്‍ റിഷഭ് പന്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരേ സഞ്ജു ആരാധകരെല്ലാം രോഷത്തോടെ പ്രതികരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം ടീം മാനേജ്‌മെന്റ് വരുത്തിയതെന്ന് വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ന്യൂയോര്‍ക്ക് പിച്ചിന്റെ പ്രത്യേകതയും റിഷഭിന്റെ ടെസ്റ്റിലെ അനുഭവസമ്പത്തുമാണ് ഇതിന് കാരണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

'റിഷഭ് പന്ത് വിചിത്രമായ ഷോട്ടുകള്‍ കളിക്കുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ഇത്തരം അപൂര്‍വ്വ ഷോട്ടുകള്‍ കളിക്കാന്‍ റിഷഭിനെ സഹായിക്കുന്നത് ടെസ്റ്റിലെ അവന്റെ അനുഭവസമ്പത്തും മികച്ച റെക്കോഡുകളുമാണ്. പ്രയാസമുള്ള പിച്ചിലും മികച്ച ബൗളര്‍മാര്‍ക്കെതിരേയും അവന് തിളങ്ങാന്‍ സാധിക്കുന്നത് ടെസ്റ്റിലെ ഈ അനുഭവസമ്പത്തുകൊണ്ടാണ്. ടി20 ലോകകപ്പില്‍ അവന്റെ വ്യത്യസ്തമായ ഷോട്ടുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ അധികമാര്‍ക്കും സാധിക്കില്ല' മഞ്ജരേക്കര്‍ പറഞ്ഞു.

rohit sharma sanju samson

അയര്‍ലന്‍ഡിനെതിരേ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച റിഷഭിന്റെ ഷോട്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സഞ്ജു സാംസണെ കളിപ്പിച്ചാല്‍ ഇത്തരം ഷോട്ടുകള്‍ കളിക്കാനാവില്ല. ന്യൂയോര്‍ക്കിലെ പിച്ച് ടെസ്റ്റ് പിച്ചിന് സമാനമായതാണ്. അതുകൊണ്ടുതന്നെ തിളങ്ങാന്‍ മികച്ച സാങ്കേതിക ആവശ്യമാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം കളിച്ച് മികവ് കാട്ടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്.

അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കിലെ സാഹചര്യത്തിലും തിളങ്ങാന്‍ റിഷഭിന് സാധിക്കും. ഇത്തരമൊരു അനുഭവസമ്പത്ത് സഞ്ജുവിനില്ല. ന്യൂയോര്‍ക്കിലെ ബൗണ്‍സ് പിച്ചില്‍ സഞ്ജു പ്രയാസപ്പെടും. സ്വിങ്ങും എക്‌സ്ട്രാ ബൗണ്‍സും വിലയിരുത്തി ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തണം. എന്നാല്‍ സഞ്ജുവിന് ഇത് എളുപ്പമല്ല. പക്ഷെ പ്രയാസ സാഹചര്യങ്ങളില്‍ കളിച്ച് പരിചയമുള്ള റിഷഭിന് ന്യൂയോര്‍ക്കിലെ സാഹചര്യത്തിലും തിളങ്ങുക ബുദ്ധിമുട്ടാകില്ല.

വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കാനും സാധ്യത കുറവാണ്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാവും ഇന്ത്യ നിര്‍ണ്ണായക തീരുമാനമെടുക്കുക. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ സഞ്ജുവിന് ടി20 ലോകകപ്പില്‍ ഒരവസരം പോലും ലഭിച്ചേക്കില്ല. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ തിളങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ കുഞ്ഞന്‍ ടീമിനെതിരേ പോലും സഞ്ജു തഴയപ്പെട്ടേക്കും.

ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ പോലും ന്യൂയോര്‍ക്കിലെ പിച്ചില്‍ ബുദ്ധിമുട്ടുന്നതാണ് കാണാനായത്. വിരാട് കോലി അയര്‍ലന്‍ഡിനെതിരേ ഫ്‌ളോപ്പായിരുന്നു. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും തുടക്കത്തിലേ ഒരു ക്യാച്ചവസരം അയര്‍ലന്‍ഡ് നഷ്ടപ്പെടുത്തിയിരുന്നു. സൂര്യകുമാര്‍ യാദവും ഫ്‌ളോപ്പായിരുന്നു. എക്‌സ്ട്രാ ബൗണ്‍സേറ്റ് രോഹിത്തിന് പരിക്കേറ്റു. റിഷഭിന്റെ ശരീരത്തിലും പന്തടിച്ചു. ഇത്തരമൊരു പിച്ചില്‍ സഞ്ജു കളിച്ചാല്‍ ഫ്‌ളോപ്പാവാനാണ് സാധ്യത കൂടുതലെന്ന് പറയാം.

Story first published: Thursday, June 6, 2024, 15:31 [IST]
Other articles published on Jun 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+