മുംബൈ: ടി20 ലോകകപ്പില്‍ ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും മുത്തമിട്ടിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് രണ്ടാം കിരീടത്തിനായി ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞതിനൊടുവിലാണ് ഇന്ത്യയുടെ ആവേശ ജയം. ഇന്ത്യ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി കളിച്ചതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.
ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം ലോകകപ്പിന് മുമ്പ് തന്നെ പരിഹരിച്ചു. ലോകകപ്പില്‍ ഇന്ത്യയെന്ന ഒറ്റ വികാരത്തോടെ കളിച്ചതാണ് ടീമിനെ കപ്പിലേക്കെത്തിച്ചത്. ഇത്തവണ ഇന്ത്യ മികച്ച പ്രകടനത്തോടെ കൈയടി നേടിയപ്പോള്‍ പാകിസ്താന്‍ നിരാശപ്പെടുത്തി. വലിയ പ്രതീക്ഷയോടെ വന്ന പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി. ഇപ്പോഴിതാ ഇത്തവണ പാകിസ്താനെ ചതിച്ചത് ടീമിലെ തമ്മിലടിയാണെന്ന ആരോപണം ശക്തമാവുകയാണ്.
പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യയെ മാതൃകയാക്കണമെന്നാണ് ഒരു ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമെല്ലാം തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുമായിരുന്നു. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയതും ആ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചതും വലിയ വിവാദമായി മാറിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു.
രോഹിത്തിനെ അനുകൂലിച്ചാണ് ബുംറയും സൂര്യകുമാറും നിന്നത്. ഐപിഎല്ലിലെ ഈ പ്രശ്‌നം ഇന്ത്യന്‍ ടീമിലേക്കും എത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിലേക്കെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ പ്രശ്‌നങ്ങളെല്ലാം മറന്ന് ലോകകപ്പ് കിരീടമെന്ന ഒറ്റ വികാരത്തോടെ പോരാടി. ഫൈനലില്‍ രോഹിത് ശര്‍മ അവസാന ഓവര്‍ എറിയാന്‍ നല്‍കിയത് ഹാര്‍ദിക്കിനാണ്. ശത്രുക്കളെന്ന് വിശേഷിപ്പിച്ചവര്‍ ഏറെയാണെങ്കിലും ഹാര്‍ദിക് തന്റെ വിശ്വസ്തനാണെന്ന് തെളിയിക്കുകയാണ് രോഹിത് ചെയ്തത്.

ഹാര്‍ദിക് പാണ്ഡ്യയെ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചുമെല്ലാം രോഹിത് എപ്പോഴും ഒപ്പമുണ്ടായിരുന്നു. നാളെ ഐപിഎല്ലിലേക്കെത്തിയാല്‍ ഈ ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീണേക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇവര്‍ തമ്മില്‍ ഇപ്പോള്‍ അടുത്ത സൗഹൃദമാണുള്ളത്. മറ്റ് പ്രശ്‌നങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നല്ല വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.
എന്നാല്‍ ഈ ഒരുമ പാകിസ്താന്‍ താരങ്ങള്‍ക്കില്ല. ഇത്തവണത്തെ പാകിസ്താന്‍ ടീമിന്റെ തകര്‍ച്ചക്ക് കാരണം ടീമിലെ ഒത്തിണക്കമില്ലായ്മയും ഈഗോ പ്രശ്‌നങ്ങളുമാണ്. അവസാന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ നിരാശപ്പെടുത്തിയപ്പോള്‍ പാകിസ്താന്‍ ബാബറിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ബാബറിനെ ഒഴിവാക്കി പകരം ടി20 നായകനായി പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയെ നിയമിച്ചു. പക്ഷെ ഷഹീന് ഈ സീറ്റില്‍ അധികം മുന്നോട്ട് പോകാനായില്ല.
പ്രകടനം മോശമായതോടെ ഷഹീനെ മാറ്റി വീണ്ടും നായകസ്ഥാനത്തേക്ക് ബാബറെത്തി. ലോകകപ്പില്‍ ബാബറിന് കീഴിലാണ് പാകിസ്താന്‍ ഇറങ്ങിയതും. ഇതില്‍ ഷഹീന് അതൃപ്തിയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഈഗോ പ്രശ്‌നം പ്രകടനത്തേയും ബാധിച്ചു. സീനിയര്‍ പേസര്‍ മുഹമ്മദ് അമീറിനെ വിരമിക്കല്‍ പിന്‍വലിപ്പിച്ച് ടീമിലേക്ക് തിരികെ എത്തിച്ചതിലും ബാബറിന്റെ ഇഷ്ടക്കാരെ ടീമില്‍ കുത്തിക്കയറ്റിയതിലും പല താരങ്ങള്‍ക്കും അതൃപ്തിയുണ്ടായിരുന്നു.
ടീമെന്ന നിലയില്‍ കപ്പിലേക്കെത്തണമെന്ന ആഗ്രഹം പാകിസ്താന്‍ താരങ്ങള്‍ക്കുണ്ടായില്ല. പലരും ലോകകപ്പിലൂടെ വ്യക്തിപരമായി കണക്കുവീട്ടാനാണ് ശ്രമിച്ചത്. ഇതാണ് പാകിസ്താനെ തകര്‍ത്തത്. ഇത്തവണ മികച്ച പോരാട്ടം പോലും കാഴ്ചവെക്കാന്‍ പാകിസ്താന് സാധിച്ചില്ലെന്നതാണ് സത്യം. എന്തായാലും പാക് ടീമില്‍ വലിയ അഴിച്ചുപണി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.