Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഷ്ടപ്പെട്ട് വളര്‍ന്നവനാണ്, എന്നിട്ടും അവന്‍ കൂവല്‍വരെ നേരിട്ടു! ഹാര്‍ദിക്കിനെ വാഴ്ത്തി ക്രുണാല്‍

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ട് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ഓരോ ഇന്ത്യന്‍ താരത്തിനും ആരാധകര്‍ക്കും അത് അഭിമാന നിമിഷമാണ്. വലിയ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഐസിസി ട്രോഫിയിലേക്കെത്തുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പല തവണ കിരീടത്തിന് തൊട്ടടുത്തുവരെ ഇന്ത്യ എത്തിയെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എല്ലാ കടമ്പകളും കടന്ന് ഇന്ത്യ കപ്പില്‍ മുത്തമിട്ടു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ച താരങ്ങളിലൊരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അവസാന ഓവര്‍ എറിയുകയും ഡേവിഡ് മില്ലറിന്റെ വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തത് ഹാര്‍ദിക്കാണ്. കൂടാതെ ഹെന്റിച്ച് ക്ലാസന്റെ നിര്‍ണ്ണായക വിക്കറ്റും നേടിയെടുക്കാന്‍ ഹാര്‍ദിക്കിനായി. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ടീമിന്റെ കിരീട നേട്ടത്തില്‍ നട്ടെല്ലായി മാറാന്‍ ഹാര്‍ദിക്കിനായി.

ഹാര്‍ദിക്കിനെ സംബന്ധിച്ച് ഈ ലോകകപ്പ് കിരീട നേട്ടം മധുര പ്രതികാരമായിരുന്നു. അവസാന ഐപിഎല്‍ സീസണ്‍ മുതല്‍ നേരിട്ട വലിയ അപമാനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ഹീറോയാകാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായി. ഇപ്പോഴിതാ തന്റെ സഹോദരന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇപ്പോള്‍ ഹീറോയായി നില്‍ക്കുന്നതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ക്രുണാല്‍ പാണ്ഡ്യ. വലിയ നിരാശയിലൂടെ കടന്ന് പോയാണ് ഹാര്‍ദിക് തിരിച്ചുവരവ് നടത്തിയതെന്നാണ് ക്രുണാല്‍ പറയുന്നത്.

'ഹാര്‍ദിക് പാണ്ഡ്യയും ഞാനും പ്രൊഫഷനല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ സ്വപ്‌നം പോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വലിയ നേട്ടത്തില്‍ ഏതൊരാളെപ്പോലെയും ഞാന്‍ സന്തോഷിക്കുന്നു. അതോടൊപ്പം എന്റെ സഹോദരന്‍ ഈ നേട്ടത്തിന്റെ ഭാഗമായതില്‍ വലിയ അഭിമാനവും തോന്നുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള സമയമായിരുന്നു.

hardik pandya krunal pandya

അവന്‍ നേരിട്ട അപമാനങ്ങള്‍ ഓര്‍ക്കുമ്പോള്‍ സഹോദരനെന്ന നിലയില്‍ എനിക്ക് വലിയ നിരാശയുണ്ട്. മറ്റെല്ലാം മറന്നാലും അവനൊരു മനുഷ്യനാണെന്ന പരിഗണന നല്‍കണമായിരുന്നു. എല്ലാ പ്രശ്‌നങ്ങളെയും ചിരികൊണ്ട് നേരിടാനാണ് അവന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ ചിരിക്കുക പ്രയാസമാണെന്ന് എനിക്കറിയാം. ലോകകപ്പ് നേടാനായി എന്താണ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും അതിനായി കഠിന പ്രയത്‌നം നടത്തുകയും ചെയ്തിരുന്നു.

ആറാം വയസ് മുതല്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കുകയും കപ്പ് നേടുകയും ചെയ്യണമെന്നത് അവന്റെ സ്വപ്‌നമാണ്. അവന്‍ ഇന്ത്യന്‍ ടീമിനായി നല്‍കിയത് വിസ്മരിക്കാനാവാത്ത സംഭാവനകളാണ്. അവനെ എഴുതിത്തള്ളിയപ്പോഴെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത് തിരിച്ചുവരാന്‍ അവന് സാധിച്ചു. അവനെയോര്‍ത്ത് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. വൈകിയാണെങ്കിലും അധ്വാനത്തിന്റെ ഫലം അവന് ലഭിച്ചു' ക്രുണാല്‍ പറഞ്ഞു.

അവസാന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ എത്തിയപ്പോള്‍ മുതലാണ് ആരാധക പ്രതിഷേധം ശക്തമായത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. ഇതോടെ വലിയ പ്രതിഷേധം ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നു. ആരാധകര്‍ അദ്ദേഹത്തെ കൂവുന്ന സാഹചര്യം പോലുമുണ്ടായി. മുംബൈയിലെ ആരാധകര്‍ നായ ഗ്രൗണ്ടില്‍ വന്നപ്പോള്‍ ഹാര്‍ദിക്കെന്ന് വിളിച്ച് അപമാനിച്ചു.

എന്നാല്‍ ഇതിനോടൊന്നും വൈകാരികമായി പ്രതികരിക്കാതെ തന്റെ ലക്ഷ്യത്തിനായി പോരാടി ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഇന്ത്യന്‍ ടീമിന്റെ കിരീട നേട്ടത്തിന്റെ ആഘോഷ പരിപാടി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ ഹാര്‍ദിക്കിനായി വലിയ ആരവമാണുയര്‍ന്നത്. ഇത് ഹാര്‍ദിക്കിന് കിട്ടുന്ന അംഗീകാരമാണ്. വിമര്‍ശകര്‍ക്ക് പ്രകടനംകൊണ്ട് മറുപടി നല്‍കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു.

Story first published: Saturday, July 6, 2024, 12:56 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+