ഐസിസിയുടെ ടി20 ലോകകപ്പിനു അടുത്ത മാസം ആരവം ഉയരവെ ടീം ഇന്ത്യക്കു തയ്യാറെടുപ്പിനു ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കന്നിയങ്കം. അതിനു മുമ്പ് രോഹിത് ശര്‍മയും സംഘവും കളിക്കുക ഒരേയൊരു സന്നാഹ മല്‍സരം മാത്രമാണ്. ജൂണ്‍ ഒന്നിനു ബംഗ്ലാദേശുമായാണ് സന്നാഹത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ലോകകപ്പ് തയ്യാറെടുപ്പ് അളക്കാന്‍ ടീമിനു ലഭിക്കുന്ന ഏക അവസരവും ഇതു മാത്രമാണ്. അതുകൊണ്ടു തന്നെ മികച്ച മാര്‍ജിനിലുള്ള വിജയം തന്നെയായിരിക്കും രോഹിത് ശര്‍മയും സംഘവും സന്നാഹത്തില്‍ ലക്ഷ്യമിടുന്നത്.
പക്ഷെ ഈ മല്‍സരത്തില്‍ തന്റെ ഫുള്‍ ടീമിനെ രോഹിത്തിനു ലഭിക്കില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഐപിഎല്ലിന്റെ പ്ലേഓഫ്, ഫൈനല്‍ മല്‍സരങ്ങളെ തുടര്‍ന്നാണിത്. ഇവയില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നവരെയാണ് സന്നാഹത്തില്‍ ഇന്ത്യക്കു നഷ്ടമാവുക. ഇക്കൂട്ടത്തില്‍ റണ്‍മെഷീന്‍ വിരാട് കോലി, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുമുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇവര്‍ മാത്രമല്ല യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, പേസര്‍ മുഹമ്മദ് സിറാജ്, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരെയും സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ കണ്ടേക്കില്ല. ഐപിഎല്‍ പ്ലേഓഫില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ ഭാഗമായ താരങ്ങള്‍ക്കാണ് സന്നാഹം നഷ്ടമാവുക.
പ്ലേഓഫിലെ നാലാമത്തെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ആരും തന്നെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനവും നേടിയിട്ടില്ല.
രണ്ടു ബാച്ചുകളിലായിട്ടാണ് ലോകകപ്പിനു വേണ്ടി ഇന്ത്യന്‍ ടീം അമേരിക്കയിലേക്കു പറക്കുക. നായകന്‍ രോഹിത്തുള്‍പ്പെടയുള്ളവരാണ് ആദ്യ ബാച്ചിലുള്ളത്. ഇവര്‍ ഈ മാസം 25നു അര്‍ധരാത്രിയോടെ അമേരിക്കയിലെത്തും. രണ്ടാമത്തെ ബാച്ച് ഈ മാസം 28നാണ് ന്യൂയോര്‍ക്കിലെത്തുക. കോലിയും സഞ്ജുവുമെല്ലാം ഈ സംഘത്തിലാണുണ്ടാവുക. ഇവരെ ധൃതി പിടിച്ച് സന്നാഹത്തില്‍ കളിപ്പിക്കാതെ വിശ്രമം നല്‍കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ നീക്കം.
21, 22, 24 തിയ്യതികളിലാണ് ഐപിഎല്ലിലെ പ്ലേഓഫ് പോരാട്ടങ്ങള്‍. ഫൈനല്‍ 26നുമാണ്. ഫൈനല്‍ കാണാതെ ആര്‍സിബി, റോയല്‍സ് ടീമുകള്‍ പുറത്തായാല്‍ കോലി, സഞ്ജു എന്നിവര്‍ രോഹിത്തിനൊപ്പം ആദ്യ ബാച്ചില്‍ തന്നെ ലോകകപ്പിനായി യാത്ര തിരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 22നു ആര്‍സിബിയും റോയല്‍സും തമ്മിലാണ് എലിമിനേറ്ററില്‍ കൊമ്പുകോര്‍ക്കുക. ഇതില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യും.

ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തില്‍ എങ്ങനെയാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനെന്നു നമുക്കു നോക്കാം. ജയ്‌സ്വാളില്ലെങ്കില്‍ രോഹിത്തിനൊപ്പം കോലിയാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക. മൂന്നാം നമ്പറില്‍ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ നാലാമന്‍ ശിവം ദുബെയായിരിക്കും. റിഷഭ് പന്തായിരിക്കും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുക. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ.
ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് കളിക്കുക. പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതെങ്കില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു കൂടി ഇന്ത്യ അവസരം നല്‍കും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസാക്രണമത്തിനു നേതൃത്വം നല്‍കുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും.
സന്നാഹത്തില്‍ ഇന്ത്യന്‍ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍/ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.