For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ കാണിച്ച വന്‍ മണ്ടത്തരങ്ങള്‍! വെറുതെയല്ല കപ്പില്ലാത്തത്, ഏതൊക്കെ?

ടി20 ലോകകപ്പില്‍ എല്ലാ തവണയും കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ തന്നെ ഇടം പിടിക്കാറുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. പക്ഷെ 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായതൊഴിച്ചു നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും കപ്പടിക്കാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായിട്ടില്ല. ഗ്രൂപ്പുഘട്ടമെന്ന കടമ്പ അനായാസം കടക്കാറുണ്ടെങ്കിലും നോക്കൗട്ടൗണ്ട് റൗണ്ടില്‍ കളി മറക്കുന്നത് പതിവു കാഴ്ചയാണ്. ഏറ്റവും അവസാനമായി 2022ലെ അവസാന എഡിഷനില്‍ സെമി ഫൈനലിലാണ് ഇന്ത്യയുടെ ചീട്ട് കീറിയത്.

കഴിഞ്ഞ 16 വര്‍ഷത്തിനിടെ എന്തുകൊണ്ടാണ് ഇന്ത്യക്കു വീണ്ടുമൊരു ടി20 ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കാതെ പോയത്? ടീം സെലക്ഷനിലെ ചില പിഴവുകളാണ് ഇന്ത്യയെ ഇതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയതെന്നു കാണാന്‍ സാധിക്കും. മുന്‍ ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം വരുത്തിയ മൂന്ന് പ്രധാനപ്പെട്ട അബദ്ധങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

INDIA

2014ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കാണിച്ച പ്രധാന മണ്ടത്തരം മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ ടീമിലുള്‍പ്പെടുത്തിയതായിരുന്നു. വലിയ മല്‍സരങ്ങളുടെ താരം തന്നെയാണ് യുവിയെങ്കിലും ഈ ലോകകപ്പിലേക്കു തിരഞ്ഞെടുക്കുന്ന സമയത്തു അദ്ദേഹം മോശം ഫോമിലായിരുന്നു. അപ്പോഴത്തെ ഫോം കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ യുവി സ്ഥാനം പോലുമര്‍ഹിച്ചില്ല. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തി.

ടൂര്‍ണമെന്റില്‍ നാലു മല്‍സരങ്ങിലാണ് യുവരാജിനെ ഇന്ത്യ കളിപ്പിച്ചത്. ഇവയില്‍ നിന്നും 98.03 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് വെറും 100 റണ്‍സ് മാത്രമാണ്. സെമി ഫൈനല്‍ വരെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. പക്ഷെ സെമിയില്‍ ശ്രീലങ്കയ്ക്കു മുന്നില്‍ ഇന്ത്യക്കു കാലിടറി.

ഇതിനു പ്രധാന കാരണക്കാരന്‍ യുവിയുമായിരുന്നു. 21 ബോളില്‍ 11 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. യുവിയുടെ സ്ലോ ബാറ്റിങ് ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍ പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ യുവിക്കു നേരിടേണ്ടി വരികയും ചെയ്തിരുന്നു.

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകപ്പില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ അബദ്ധം സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കിയതാണ്. ഉറപ്പായും ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ചഹലിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുക്കുകയായിരുന്നു. ലോകത്തിലെ നമ്പര്‍ സ്പിന്നറായിട്ടും ചഹലിനെ ഒഴിവാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

INDIA

ലോകകപ്പില്‍ വരുണ്‍ തികഞ്ഞ പരാജയമായി മാറി. യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു. യുഎഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ വരുണിനു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. 71 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു.

2022ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മണ്ടത്തരം മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയില്ലെന്നതാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യക്കു ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ അഭാവം നികത്തുന്നതിനായി മറ്റു മികച്ച പേസര്‍മാര്‍ ടീമില്‍ ആവശ്യവുമായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിക്കു അതിനു സാധിക്കാതെ പോയതോടെ ഇന്ത്യന്‍ ബൗളിങ് ദുര്‍ബലമായി തീര്‍ന്നു.

ഭുവനേശ്വര്‍ കുമാറായിരുന്നു ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളര്‍. കൂടാതെ മുഹമ്മദ് ഷമിയും ടീമിലുണ്ടായിരുന്നു. പക്ഷെ രണ്ടു പേരും അത്ര മികച്ച ഫോമിലായിരുന്നില്ല. ടൂര്‍ണമെന്റില്‍ ഇതു ടീമിനു ക്ഷീണമാവുകയും ചെയ്തു. ഒടുവില്‍ സെമിയില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ നാണംകെട്ടു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിക്കാതെ പോയ ഇന്ത്യ സെമിയില്‍ പത്തു വിക്കറ്റിനാണ് തകര്‍ന്നടിഞ്ഞത്.

Story first published: Saturday, June 1, 2024, 20:02 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+