ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗംഭീര ജയത്തോടെ ഇന്ത്യ കരുത്തുകാട്ടിയിരിക്കുകയാണ്. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 96 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും നായകന്‍ രോഹിത് ശര്‍മയുടെ (52) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
അയര്‍ലന്‍ഡിനെ ഇന്ത്യ തകര്‍ത്തെങ്കിലും ഇനി നേരിടാന്‍ പോകുന്നത് കരുത്തരായ പാകിസ്താനെയാണ്. 9ന് ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാക് പോരാട്ടം. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ കരുത്തുകാട്ടിയെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുകയാണ്. അത് എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ പ്രശ്‌നം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിലാണ്. ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് യശ്വസി ജയ്‌സ്വാളെ മാറ്റിയത് മണ്ടത്തരമാണെന്ന് പറയാം.
രോഹിത് ശര്‍മയും വിരാട് കോലിയും ഓപ്പണര്‍മാരാവുമ്പോള്‍ രണ്ട് പേരും സമ്മര്‍ദ്ദത്തിലാവുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രണ്ടാളും പ്രയാസപ്പെടുന്നതാണ് കണ്ടത്. അയര്‍ലന്‍ഡിനെതിരേ 5 പന്തില്‍ 1 റണ്‍സാണ് കോലിക്ക് നേടാനായത്. പിച്ചിന്റെ ഗതി മനസിലാക്കാനാവാതെ കോലി പ്രയാസപ്പെടുന്നതാണ് കാണാനായത്. പാകിസ്താനെതിരേ കോലി ഓപ്പണറാവുകയും ഇതേ പ്രകടനം തുടരുകയും ചെയ്താല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ കോലി-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പാകിസ്താനെതിരേ ഇന്ത്യ ജയ്‌സ്വാളിനെ തിരികെ വിളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ഈ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. പാകിസ്താനെതിരേ ഇതേ ഓപ്പണിങ് കൂട്ടുകെട്ട് തുടര്‍ന്നാല്‍ ഇന്ത്യ പ്രയാസപ്പെടാനുള്ള സാധ്യതയാണ് കൂടുതലെന്ന് നിസംശയം പറയാം.

രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ബൗളിങ് നിരയിലാണ്. ഇന്ത്യയുടെ ന്യൂബോളിലെ പ്രകടനം അതി ഗംഭീരമാണ്. അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് 50 റണ്‍സെന്ന നിലയിലേക്ക് ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ പിന്നീടുള്ള 2 വിക്കറ്റില്‍ 46 റണ്‍സാണ് അയര്‍ലന്‍ഡ് കൂട്ടിച്ചേര്‍ത്തത്. ഇത് ഇന്ത്യയുടെ ദൗര്‍ബല്യത്തെ തുറന്ന് കാട്ടുന്നതാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ വാലറ്റ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചൂളുന്നത് ഏറെ നാളുകളായി കണ്ട് വരുന്ന പ്രശ്‌നമാണ്. അത് ഇതുവരെയായും മാറിയിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ടി20 ലോകകപ്പില്‍ ഇനി വലിയ മത്സരങ്ങള്‍ വരാനിരിക്കെ ഇന്ത്യന്‍ ബൗളര്‍മാരുടെ നിലവിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. പാകിസ്താനെതിരേ ഇന്ത്യക്ക് ഓരോ റണ്‍സും വളരെ പ്രധാനപ്പെട്ടതാണ്. എതിര്‍ ടീം ബൗളര്‍മാര്‍ ഇത്രയും റണ്‍സ് നേടുന്നത് തടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. പാകിസ്താനെതിരേ ഡെത്തോവറിലെ ഇന്ത്യയുടെ ബൗളിങ് വളരെ നിര്‍ണ്ണായകമാവും.
മറ്റൊരു പ്രശ്‌നം ശിവം ദുബെയാണ്. ടീമില്‍ ഓള്‍റൗണ്ടറായാണ് ദുബെയെ പരിഗണിക്കുന്നത്. ദുബെയ്ക്കായാണ് ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് ജയ്‌സ്വാളിനെ മാറ്റിയതെന്ന് പറയാം. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ദുബെക്ക് ഓവര്‍ നല്‍കിയിട്ടില്ല. ബാറ്റിങ്ങിനിറങ്ങി 2 പന്ത് നേരിട്ട താരത്തിന് റണ്‍സൊന്നും നേടാനായതുമില്ല.
അതുകൊണ്ടുതന്നെ ദുബെയുടെ ടീമിലെ റോള്‍ കൃത്യമായി രോഹിത് വ്യക്തമാക്കേണ്ടതായുണ്ട്. പന്തെറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ദുബെയെ ഇന്ത്യ കളിപ്പിക്കേണ്ടെന്നും സഞ്ജു സാംസണോ യശ്വസി ജയ്‌സ്വാളിനോ അവസരം നല്‍കണമെന്നുമാണ് ആരാധക പക്ഷം. എന്നാല്‍ രോഹിത്തും ദ്രാവിഡും ദുബെയില്‍ വിശ്വസിക്കുന്നു. പിച്ചിന്റെ സ്വഭാവം വിലയിരുത്തുമ്പോള്‍ നല്ല ബൗണ്‍സുണ്ടായേക്കും. അതുകൊണ്ടുതന്നെ പുള്‍ഷോട്ട് കളിക്കേണ്ടത് സ്‌കോര്‍ നേടാന്‍ നിര്‍ണ്ണായകമാണെന്ന് പറയാം.