മുംബൈ: ടി20 ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. 20 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി പങ്കെടുക്കുന്ന ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തം. കപ്പിലേക്കെത്താനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മയുടെ നായകനായുള്ള അവസാന ലോകകപ്പായിരിക്കും ഇത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ രോഹിത് പുറത്തെടുത്തേക്കും. ഐസിസി ട്രോഫികളില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. ഇത്തവണത്തെ ടി20 ലോകകപ്പിലും രോഹിത് മികവ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ചില വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം ടി20 ലോകകപ്പിലൂടെ രോഹിത്തിന് ലഭിക്കുന്നുണ്ട്.
അത് എന്തൊക്കെയാണെന്ന് അറിയാം. ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനായാല്‍ 2 ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കെത്താന്‍ രോഹിത് ശര്‍മക്കാവും. 2007ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ രോഹിത് ശര്‍മയും ടീമിന്റെ ഭാഗമായിരുന്നു. 2007ലെ ടി20 ലോകകപ്പിന്റെ ടീമിന്റെ ഭാഗമായവരില്‍ രോഹിത് ശര്‍മ മാത്രമാണ് 2024ലെ ടി20 ലോകകപ്പ് കൡക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ടി20 ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മയെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കാന്‍ കാരണം അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ്. അനായാസം സിക്‌സര്‍ പറത്താന്‍ രോഹിത്തിന് അസാധ്യ മികവാണുള്ളത്.

ടി20യില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. 151 മത്സരത്തില്‍ നിന്ന് 190 സിക്‌സുകള്‍ രോഹിത് പറത്തി. 10 സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 200 സിക്‌സര്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ രോഹിത് ശര്‍മക്കാവും. അത്ര പെട്ടെന്നൊന്നും രോഹിത്തിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാനാവില്ലെന്ന് പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു വമ്പന്‍ സിക്‌സര്‍ റെക്കോഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.
600 സിക്‌സര്‍ ക്ലബ്ബിലേക്കെത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 472 മത്സരത്തില്‍ നിന്ന് 597 സിക്‌സുകളാണ് രോഹിത് നേടിയത്. മൂന്ന് സിക്‌സുകളകലെയാണ് ഈ വമ്പന്‍ റെക്കോഡ് രോഹിത്തിനെ കാത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 553 സിക്‌സുകളാണ് പറത്തിയിട്ടുള്ളത്. നായകനെന്ന നിലയിലും വമ്പന്‍ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനാവും. ടി20യില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ ജയമെന്ന റെക്കോഡില്‍ നിലവില്‍ എംഎസ് ധോണിക്കൊപ്പമാണ് രോഹിത് ശര്‍മയുള്ളത്.
54 ടി20യില്‍ 41ലും ടീമിനെ ജയിപ്പിക്കാന്‍ രോഹിത്തിനായി. ടി20 ലോകകപ്പില്‍ മികവ് കാട്ടി ഇന്ത്യ കപ്പിലേക്കെത്തിയാല്‍ ടി20യില്‍ ഇന്ത്യക്ക് 50 ജയം നേടിക്കൊടുക്കുന്ന ആദ്യത്തെ നായകനാവാന്‍ രോഹിത്തിനാവും. 46 ജയമുള്ള പാകിസ്താന്റെ ബാബര്‍ ആസമാണ് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ ജയമുള്ള നായകന്‍. ടി20 സെഞ്ച്വറിയിലും രോഹിത്തിനെ വമ്പന്‍ നേട്ടം കാത്തിരിക്കുന്നു. അന്താരാഷ്ട്ര ടി20യില്‍ അഞ്ച് സെഞ്ച്വറികളാണ് രോഹിത് നേടിയിട്ടുള്ളത്.
നിലവില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പമാണ് രോഹിത്തുള്ളത്. ടി20 ലോകകപ്പില്‍ ഒരു സെഞ്ച്വറി നേടാനായാല്‍ ടി20യിലെ സെഞ്ച്വറി വേട്ടക്കാരില്‍ ഒന്നാമനാവാന്‍ രോഹിത്തിന് സാധിക്കും. ഐപിഎല്‍ 17ാം സീസണില്‍ ഒരു സെഞ്ച്വറി നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു.