മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തലപുകയ്ക്കുന്നത് വിക്കറ്റ് കീപ്പര്‍ ആരാവണമെന്ന കാര്യത്തിലാണ്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരടിക്കുന്നത്. ഇവരെല്ലാം മികച്ച റെക്കോഡുള്ള താരങ്ങളായതിനാല്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളുമെന്നതാണ് പ്രധാന ആശയക്കുഴപ്പം. ഇതില്‍ സഞ്ജു സാംസണ്‍-ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ക്കെ അവസരം ഉണ്ടാവുകയുള്ളൂവെന്ന് ഉറപ്പാണ്.
സഞ്ജു സാംസണെക്കാള്‍ ഇന്ത്യ ടി20യില്‍ കൂടുതല്‍ പിന്തുണ ജിതേഷിന് നല്‍കുന്നുണ്ട്. 2015ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ച താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് മലയാളി താരം. എന്നിട്ടും സഞ്ജുവിനെക്കാള്‍ പിന്തുണ പിന്നീടെത്തിയ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മക്കുമാണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് സഞ്ജുവിനെക്കാള്‍ ജിതേഷിന് ഇത്ര പിന്തുണ ലഭിക്കുന്നത്? കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ബാറ്റിങ് പൊസിഷനാണ്. സഞ്ജു സാംസണിന്റെ ടി20 കരിയര്‍ പരിശോധിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനങ്ങളെല്ലാം പിറന്നിരിക്കുന്നത് ടോപ് ഓഡറിലാണ്. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും കളിച്ചപ്പോഴാണ് സഞ്ജു സെഞ്ച്വറി പ്രകടനങ്ങള്‍ ഐപിഎല്ലില്‍ കാഴ്ചവെച്ചിട്ടുള്ളത്. മധ്യനിരയിലേക്കിറങ്ങുമ്പോള്‍ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യന്‍ ടി20 ടീമില്‍ ടോപ് ഓഡര്‍ താരങ്ങള്‍ നിരവധിയാണ്.
മധ്യനിരയില്‍ മികച്ച ഫിനിഷറായ വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കാവശ്യം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിനെക്കാള്‍ ബെസ്റ്റ് ജിതേഷ് ശര്‍മയാണ്. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെക്കാള്‍ ബെസ്റ്റ് ജിതേഷാണ്. ഇന്ത്യന്‍ ടീമിലെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ജിതേഷിനെപ്പോലൊരു ഫിനിഷറെയാണ് ആവശ്യം. അതുകൊണ്ടാണ് സഞ്ജുവിനെക്കാള്‍ പിന്തുണ ടീം മാനേജ്‌മെന്റ് ജിതേഷിന് നല്‍കുന്നത്.

മറ്റൊരു കാര്യം സഞ്ജുവിനെക്കാള്‍ മികച്ച സ്ഥിരത ജിതേഷിനുണ്ടെന്നാണ്. സഞ്ജുവിന് മികച്ച തുടക്കം ലഭിച്ചാലും അതിനെ വലിയ സ്‌കോറാക്കി മാറ്റുക പ്രയാസമാണെന്ന് പറയാം. പല ടി20യിലും സഞ്ജുവിന് വലിയ സ്‌കോര്‍ നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇതിനെ മുതലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജിതേഷ് സഞ്ജുവിനെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കുന്നു. പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള താരമാണ് ജിതേഷ്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും താരം തിളങ്ങിയിട്ടുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജിതേഷിന് കഴിവുണ്ട്. സഞ്ജുവിനെക്കാള്‍ ടീമിന് ഉപകാരിയായ താരം ജിതേഷ് ശര്‍മയാണെന്ന് പറയാം. എന്നാല്‍ വിക്കറ്റിന് പിന്നിലെ മികവില്‍ ജിതേഷിനെക്കാള്‍ മികച്ചവന്‍ സഞ്ജു സാംസണാണ്. എന്നാല്‍ നിലവിലെ ടീമിന്റെ ആവശ്യം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെക്കാള്‍ ടീമിന് അനുയോജ്യനായ താരം ജിതേഷ് ശര്‍മയാണെന്ന് പറയാം.
മൂന്നാമത്തെ കാര്യം സ്ഥിരതയാണ്. സഞ്ജുവിന് ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ടെങ്കിലും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. 24 ടി20യില്‍ നിന്ന് 374 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ശരാശരി 20ല്‍ താഴെയാണ്. ഒരു തവണ 77 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജുവിനെക്കാള്‍ ടീം മാനേജ്‌മെന്റിന് ജിതേഷിനെയാണ് വിശ്വാസം.
സഞ്ജു കേരളത്തിന്റെ താരമായതിനാല്‍ ഈ മേഖലയിലെ പ്രമുഖരുടെ പ്രശംസകളും പിന്തുണയും അദ്ദേഹത്തിന് അധികം ലഭിക്കുന്നില്ല. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചത് പോലും വളരെ വിരളമായാണ്. എന്നാല്‍ ജിതേഷിന് പ്രമുഖരുടെ പിന്തുണ ലഭിക്കുന്നു. സുനില്‍ ഗവാസ്‌ക്കറും വീരേന്ദര്‍ സെവാഗുമെല്ലാം ജിതേഷ് ടി20 ലോകകപ്പ് കളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. താരത്തിന്റെ ബാറ്റിങ് ഭയമില്ലാത്ത തരത്തിലാണ്.
സഞ്ജുവിനെക്കാളും ആക്രമണകാരിയാണ് ജിതേഷ് എന്ന് കണക്കുകള്‍ നോക്കുമ്പോള്‍ പറയാനാവില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണ ജിതേഷിനാണ്. ആക്രമണകാരിയായ ഫിനിഷറായി ജിതേഷ് തന്നെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയും സഞ്ജു തഴയപ്പെടുകയും ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍.