മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യ ഇതിനോടകം അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ബാറ്റിങ്ങിലും ബൗളിങ്ങിലും അതി ശക്തമായ നിരയാണുള്ളത്. എന്നാല്‍ ഐസിസി കിരീടം നേടാന്‍ ഏറെ നാളുകളായി ഇന്ത്യക്ക് സാധിക്കുന്നില്ല. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്.
ഇത്തവണ വലിയ പ്രതീക്ഷ ഇന്ത്യക്കുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്രയില്‍ ചില താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവും. ബാറ്റിങ് നിരയിലേക്ക് വരുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് വിരാട് കോലി തന്നെയാണ്. ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടിയാണ് കോലി ടി20 ലോകകപ്പിലേക്കെത്തുന്നത്. 15 മത്സരത്തില്‍ നിന്ന് 741 റണ്‍സാണ് കോലി നേടിയത്. ടി20 ലോകകപ്പിലെ കോലിയുടെ കണക്കുകള്‍ മികച്ചതാണ്.
ഈ മികവ് വരുന്ന ടി20 ലോകകപ്പിലും കാട്ടേണ്ടത് അത്യാവശ്യമാണ്. കോലിയുടെ ഫോമാവും ഇന്ത്യയുടെ നട്ടെല്ല്. കോലി ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. നിലവില്‍ ടി20യില്‍ ഏറ്റവും മികവ് കാട്ടുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവാണ്. എന്നാല്‍ സ്ഥിരതയോടെ കളിക്കാനും പ്രധാന മത്സരങ്ങളില്‍ മികവ് കാട്ടാനും സൂര്യക്ക് സാധിക്കേണ്ടതായുണ്ട്.
ഇത്തവണത്തെ ടി20 ലോകകപ്പില്‍ സ്പിന്നിന് അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും സ്പിന്നിന് മുന്‍തൂക്കമുള്ളതിനാല്‍ മിക്ക ടീമുകളും സ്പിന്നാക്രമണത്തിന് പ്രാധാന്യം നല്‍കുന്നു. സൂര്യക്ക് സ്പിന്നര്‍മാര്‍ക്കെതിരേ മധ്യ ഓവറുകളില്‍ കടന്നാക്രമിക്കാനാവും. ശിവം ദുബെയും ഇക്കാര്യത്തില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ഇവരുടെയെല്ലാം സമീപകാല ഫോം അല്‍പ്പം മോശമാണ്.

ഇന്ത്യയുടെ രണ്ട് സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാവും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. അതുകൊണ്ടുതന്നെ രണ്ട് പേരുടേയും ബൗളിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി ഉപയോഗിച്ച് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അക്ഷര്‍ പട്ടേലും പ്ലേയിങ് 11ല്‍ ഇടം നേടിയെടുത്തേക്കും. ഇവരുടെയെല്ലാം പ്രകടനം വളരെ നിര്‍ണ്ണായകമാവും.
ബാറ്റിങ് നിരയില്‍ ആശങ്കപ്പെടുത്തുന്നത് രോഹിത് ശര്‍മയുടെ മോശം ഫോമാണ്. ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ രോഹിത്തിനായില്ല. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഫോം ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പേസ് ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ കുന്തമുന. താരം ഫോമിലേക്കെത്തിയാല്‍ ഇന്ത്യ രക്ഷപെട്ടു.
എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ ബുംറക്ക് കാര്യമായ മികവ് അവകാശപ്പെടാനാവില്ല. ഇത് ഇത്തവണയും ഇന്ത്യക്ക് മുന്നില്‍ വലിയ ചോദ്യമുയര്‍ത്തുന്ന കാര്യമാണ്. ഇന്ത്യയെ ഭയപ്പെടുത്തുന്ന മറ്റൊരു പ്രശ്‌നം രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള ഉടക്കാണ്. ഐപിഎല്ലില്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക് മുംബൈയുടെ നായകനായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഇത് ടി20 ലോകകപ്പിനേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
ഹാര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഫോം കണ്ടത്തേണ്ടത് ഇന്ത്യക്ക് ലോകകപ്പില്‍ വളരെ നിര്‍ണ്ണായകമാണ്. അതിന് സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. എന്തായാലും ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.