ഐസിസി ട്രോഫിക്കു വേണ്ടിയുള്ള 11 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ടീം ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പില്‍ മുത്തമിട്ടത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ രോഹിത് ശര്‍മയും സംഘവും ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി കുട്ടി ക്രിക്കറ്റിലെ സിംഹാസനം കൈക്കലാക്കുകയായിരുന്നു. നിരവധി താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളാണ് ലോകകപ്പെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയെ സഹായിച്ചതെന്നു കാണാം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതാണ്. എന്നാല്‍ ടൂര്‍ണമെന്റില്‍ എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടും കാര്യമായ സംഭാവനകളൊന്നും നല്‍കാതെ തന്നെ ചുളുവില്‍ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ടീമിലെ ഏറ്റവും ഫ്‌ളോപ്പുകളെന്നു വിളിക്കാവുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്ന താരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേഡയാണ്. ബാറ്റിങിലോ, ബൗളിങിലോ യാതൊരു സംഭാവനയും ടൂര്‍ണമെന്റിലുടനീളം നല്‍കാന്‍ സാധിക്കാതെ പോയ അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ഫീല്‍ഡറായാണ് കളിച്ചതെന്നു പരിഹാസങ്ങളുമുയര്‍ന്നിരുന്നു.
ഇന്ത്യയുടെ എട്ടു മല്‍സരങ്ങളിലും ജഡ്ഡു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. അഞ്ചു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 11.66 ശരാശിയില്‍ വെറും 35 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 17 റണ്‍സുമാണ്. ബൗളിങില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇതിനേക്കാള്‍ പരിതാപകരമായിരുന്നു.
ഏഴിന്നിങ്‌സുകളിലായി 14 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരേയൊരു വിക്കറ്റാണ് ജഡ്ഡുവിനു വീഴ്ത്താനായത്. ഇത്ര ദയനീയമായൊരു ടൂര്‍ണമെന്റ് അദ്ദേഹത്തിന്റെ കരിയറിലുമുണ്ടായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ നിന്നു ജഡ്ഡു വിരമിക്കലും പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ ടീമിലെ രണ്ടാമത്തെ ഫ്‌ളോപ്പ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനവും ലോകകപ്പിനു മുന്നോടിയായി സന്നാഹ മല്‍സത്തിലെ ഫിഫ്റ്റിയും കണ്ടപ്പോള്‍ ടൂര്‍ണമെന്റിലും അദ്ദേഹം കസറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി റിഷഭ് മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ അദ്ദേഹത്തിനു ഈ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല.
ഫൈനലിലും സെമി ഫൈനലിലുമടക്കം നിര്‍ണായക മല്‍സരങ്ങളിലെല്ലാം ഫ്‌ളോപ്പായ റിഷഭിനു ഒരു ഫിഫ്റ്റി പോലും ടൂര്‍ണമെന്‍റില്‍ നേടാനായില്ല. എട്ടു മല്‍സരങ്ങളില്‍ നിന്നും 24.42 ശരാശരിയില്‍ 171 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഫൈനലില്‍ ഡെക്കായ റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സാണ്.

ഇന്ത്യന്‍ നിരയിലെ മൂന്നാമത്തെ ഫ്‌ളോപ്പ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ഫൈനലിലെ മോശമല്ലാത്ത ഒരു ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം ബാറ്റിങില്‍ തികഞ്ഞ പരാജയമായിരുന്നു. അഞ്ചാം നമ്പറില്‍ എട്ടു മല്‍സരങ്ങളിലും ബാറ്റ് ചെയ്തിട്ടും ദുബെയ്ക്കു നേടാനായത് 133 റണ്‍സാണ്.
22.16 എന്ന മോശം ശരാശിയും 114.65 സ്‌ട്രൈക്ക് റേറ്റും മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. 34 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മീഡിയം പേസറായ ദുബെയെ ബൗളിങില്‍ രോഹിത്ത് കാര്യമായി ഉപയോഗിച്ചതുമില്ല. ഒരോവര്‍ മാത്രമേ ടൂര്‍ണമെന്റില്‍ അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചുള്ളൂ. 11 റണ്‍സ് വിട്ടുകൊടുത്ത ദുബെയ്ക്കു വിക്കറ്റൊന്നും ലഭിച്ചതുമില്ല.