Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രാഹുലിനെ എന്തിന് തഴഞ്ഞു? ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചു, കാരണങ്ങള്‍ അറിയാം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ട പ്രധാന താരങ്ങളിലൊരാളാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. അദ്ദേഹത്തെ പിന്തള്ളി റിഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വരികയായിരുന്നു. പക്ഷെ ലോകകപ്പില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച താരങ്ങളിലൊരാളാണ് രാഹുലെന്നു നിസംശയം പറയാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്തുള്ള രാഹുലിനെപ്പോലെയൊരാളെ ലോകകപ്പില്‍ ടീമിനു ആവശ്യമായിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ബാറ്റിങിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പില്‍ ഉറപ്പായും രാഹുല്‍ ടീമില്‍ ഇടം പിടിക്കേണ്ടത് തന്നെയായിരുന്നു. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ക്ലാസ് ബാറ്ററാണ് രാഹുല്‍ എന്നതാണ് ആദ്യത്തെ കാരണം. ടി20 ലോകകപ്പ് വേദികളായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലെ പിച്ചുകളില്‍ ഇതുപോലെയൊരു ബാറ്റര്‍ ഏതൊരു ടീമിനു മുതല്‍ക്കൂട്ടാവും. വിന്‍ഡീസിലെ പിച്ചുകള്‍ അല്‍പ്പം കുഴപ്പം പിടിച്ചതായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അമേരിക്കയിലെ പിച്ചുകളെപ്പറ്റി കൃത്യമായ ധാരണകളുമില്ല.

ഇങ്ങനെയൊരു വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഏതു തരത്തിലുള്ള പിച്ചുകളിലും തിളങ്ങാന്‍ സാധിക്കുന്ന ഒരു ബാറ്ററെയായിരുന്നു ഇന്ത്യക്കു ആവശ്യം. രാഹുലിനു പേസ്, സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയില്‍ നേരത്തേ കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. ഈ കാരണങ്ങളാല്‍ തന്നെ ലോകകപ്പ് ടീമില്‍ നിന്നും രാഹുലിനെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ പാടില്ലായിരുന്നു.

സമീപകാലത്തെ മികച്ച ബാറ്റിങ് പ്രകടനങ്ങളാണ് രാഹുല്‍ ലോകകപ്പ് ടീമില്‍ വേണമായിരുന്നുവെന്നതിന്റെ രണ്ടാമത്തെ കാരണം. പരിക്ക് ഭേദമായി കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയതു മുതല്‍ അദ്ദേഹം ബാറ്റിങില്‍ മികച്ച ഫോമിലാണ്. ഏഷ്യാ കപ്പില്‍ തിളങ്ങിയ രാഹുല്‍ തൊട്ടുപിന്നാലെ നടന്ന ഏകദിന ലോകകപ്പിലും ബാറ്റിങില്‍ കസറി.

ഇപ്പോള്‍ ഐപിഎല്ലിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും രാഹുല്‍ തന്നെയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 40.60 ശരാശരിയില്‍ 142.95 സ്‌ട്രൈക്ക് റേറ്റില്‍ 406 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഉള്‍പ്പെടെയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലേക്കു രാഹുല്‍ പരിഗണിക്കപ്പെടേണ്ടത് ആവശ്യവുമായിരുന്നു.

KL RAHUL

അനുഭവസമ്പത്താണ് രാഹുല്‍ ടി20 ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും വേണ്ടിയിരുന്നുവെന്നതിന്റെ മൂന്നാമത്തെ കാരണം. സഞ്ജു സാംസണിനെ സംബന്ധിച്ച് ഇതു കരിയറിലെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റാണ്. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടാവുമെന്ന കാര്യമുറപ്പാണ്. റിഷഭാവട്ടെ ഒരു വര്‍ഷത്തിലേറെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാതിരുന്ന ശേഷമാണ് ഇപ്പോള്‍ ലോകകപ്പില്‍ പാഡണിയുന്നത്. ഐപിഎല്ലിലെ ഫോം ലോകകപ്പിലും റിഷഭിനു ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതു കണ്ടറിയണം.

കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരൊന്നും ബാറ്റിങില്‍ ഫോമില്‍ അല്ലെന്നതും ലോകകപ്പില്‍ ഇന്ത്യക്കു ക്ഷീണമാണ്. അവിടെയാണ് രാഹുലിനെപ്പോലെ ഒരാളുടെ സേവനം ഇന്ത്യക്കു മുതല്‍ക്കൂട്ടാവുക. പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ രക്ഷിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പക്ഷെ രാഹുലിനെ തഴഞ്ഞതിലൂടെ വലിയൊരു അബദ്ധം തന്നെയാണ് ഇന്ത്യ കാണിച്ചിരിക്കുന്നത്.

Story first published: Friday, May 3, 2024, 14:48 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+