ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ജിതേഷ് ശര്‍മ ടീമില്‍ സ്ഥാനമുറപ്പിച്ചതായി മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കരിയറെടുത്താല്‍ വെറും 68 ബോളുകള്‍ മാത്രമേ ജിതേഷ് കളിച്ചിട്ടുള്ളൂ. പക്ഷെ ചില കാര്യങ്ങള്‍ അദ്ദേഹത്തിനെ ഈ റോളില്‍ ഫേവറിറ്റാക്കി മാറ്റുന്നതായും അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതായും പാര്‍ഥീവ് പറയുന്നു.
അഫ്ഗാനിസ്താനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് ജിതേഷാണ്. മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ജിതേഷിനു ഇന്ത്യ പ്രഥമ പരിഗണന നല്‍കിയത്. പക്ഷെ ബാറ്റിങില്‍ വലിയൊരു ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായിട്ടില്ല. ആദ്യ കളിയില്‍ 20 ബോളില്‍ 31 റണ്‍സ് നേടിയെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ അദ്ദേഹം ഡെക്കായി ക്രീസ് വിടുകയായിരുന്നു.

ടി20 ലോകകപ്പില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യന്‍ ടീമിനു ആവശ്യം. അതുകൊണ്ടു തന്നെ അപകടകാരിയായ ഒരു ബാറ്ററെയാണ് വിക്കറ്റ് കീപ്പറായി വേണ്ടി വരിക. ജിതേഷ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതി കാണുമ്പോള്‍ ഈ റോളിലേക്കു അദ്ദേഹം വളരെ നല്ലൊരു ഓപ്ഷനാണ്. ടി20 ലോകകപ്പിനുള്ള ടിക്കറ്റ് ജിതേഷ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞെന്നു തനിക്കു തോന്നുന്നതായി ജിയോ സിനിമയുടെ ഷോയില്‍ പാര്‍ഥീവ് നിരീക്ഷിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും ടി20 ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവോടെ ലോകകപ്പ് ടീം സെലക്ഷന്‍ കൂടുതല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. മുന്‍നിരയില്‍ ഇരുവരുമുള്ളപ്പോള്‍ മറ്റു താരങ്ങള്‍ അവസരങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെയും പ്രതീക്ഷകള്‍ക്കു ഇതു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
ഫിനിഷറായി കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ഇനി വേണ്ടത്. ഈ റോളില്‍ സഞ്ജു, ഇഷാന്‍ ഇവരേക്കാള്‍ പെര്‍ഫെക്ടാണ് ജിതേഷെന്നു പാര്‍ഥീവ് പട്ടേല്‍ പറയുന്നു. സഞ്ജുവും ഇഷാനും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണെങ്കില്‍ ജിതേഷ് ഫിനിഷറുടെ റോളിലാണ് വിവിധ ടീമുകളില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ടീമിലും ഇതു ജിതേഷില്‍ ഭദ്രമാണെന്നും പാര്‍ഥീവ് വിലയിരുത്തി.
ടി20 കരിയറെടുത്താല്‍ സഞ്ജുവിനും താഴെയാണ് ജിതേഷ്. 21 ഇന്നിങ്‌സുകളില്‍ നിന്നും 19.68 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം സഞ്ജു 374 റണ്‍സെടുത്തപ്പോള്‍ ജിതേഷ് ഒമ്പതിന്നിങ്‌സില്‍ 14.29 എന്ന മോശം ശരാശരിയില്‍ 100 റണ്‍സ് മാത്രമാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സുമാണ്.
വലിയ സ്‌കോറുകള്‍ കുറിക്കാനായിട്ടില്ലെങ്കിലും അതിവേഗത്തില്‍ 20-30 റണ്‍സ് അടിച്ചെടുക്കുമെന്നതാണ് ജിതേഷിനെ അപകടകാരിയാക്കുന്നത്. 20 ബോളില്‍ 31, 19 ബോളില്‍ 35, 16 ബോളില്‍ 24 എന്നിങ്ങനെ ചില ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഒരുപാട് ഓപ്പണര്‍മാരും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുമെല്ലാമുണ്ട്. ടോപ് ഓര്‍ഡറില്‍ ഒരു തരത്തിലുള്ള ട്രാഫിക് ജാം തന്നെയാണ് ഇപ്പോഴുള്ളത്. കാരണം അവിടെ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍ തുടങ്ങിയവരെല്ലാം ഓപ്പണിങ് റോളിലേക്കു രംഗത്തുണ്ടെന്നും പാര്‍ഥീവ് വിശദമാക്കി.
അഫ്ഗാനുമായുള്ള ആദ്യ ടി20യില്‍ 10ാമത്തെ ഓവറിനു മുമ്പായിരുന്നു ജിതേഷ് ശര്‍മ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. അവന്‍ സാഹചര്യം നന്നായി മനസ്സിലാക്കുകയും അതിനു അനുസരിച്ചു തന്നെ കളിക്കുകയും ചെയ്തതായി ഞാന്‍ കരുതുന്നു. സാധാരണ രീതിയില്‍ താന്‍ ബാറ്റ് ചെയ്യുന്നതു പോലെ ജിതേഷിനു ഈ കളിയില്‍ ബാറ്റ് ചെയ്യേണ്ടി വന്നില്ല.
ക്രീസില്‍ നിലയുറപ്പിച്ച ശേഷം സ്‌ട്രൈക്ക് റേറ്റ് അല്‍പ്പം കുറച്ച് ഷോട്ടുകള്‍ കളിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തന്റെ ബാറ്റിങിലെ മറ്റൊരു വശം കൂടിയാണ് ജിതേഷ് കാണിച്ചു തന്നത്. ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കഴിയുമെന്നും താരം തെളിയിച്ചതായി പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.