മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലിയെ തഴയുമെന്ന റിപ്പോര്‍ട്ട് കുറച്ചു ദിവസങ്ങളിലായി സജീവമായി രംഗത്തുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരമാണ് കോലിയെങ്കിലും വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവടങ്ങളിലെ സ്ലോ പിച്ച് വിലയിരുത്തി കോലിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ബിസിസി ഐ വൃത്തങ്ങള്‍ ആലോചിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് കോലിയെ മാറ്റിനിര്‍ത്താന്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.
കോലി ഇന്ത്യന്‍ ടി20 ടീമില്‍ തുടരുന്നതില്‍ ജയ് ഷാക്ക് വലിയ താല്‍പര്യമില്ലെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ജയ് ഷായെ തള്ളി രംഗത്തെത്തിയിരുന്നു. വിരാട് കോലി ടി20 ലോകകപ്പ് കളിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ ബിസിസി ഐ സെക്രട്ടറി ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് രോഹിത് ശര്‍മ പറഞ്ഞത്. കോലിയെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത് വൈറലായിരുന്നു.
രോഹിത്തിനെ ആരാധകര്‍ പ്രശംസിക്കുമ്പോള്‍ ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയ് ഷാക്കെതിരേ രോഹിത് ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബിസിസി ഐ സെക്രട്ടറിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. രോഹിത്തിനെ ടി20 ലോകകപ്പ് നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ജയ് ഷായെ രോഹിത് പരസ്യമായി അപമാനിച്ചുവെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ജയ് ഷാ ടീം മാനേജ്‌മെന്റിനോട് അതൃപ്തി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ജയ് ഷായുടെ ടീമിനുള്ളിലെ ഇടപെടലിനെ രോഹിത് ചോദ്യം ചെയ്യുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം പരാമര്‍ശനം ഉണ്ടായത്. അതുകൊണ്ടുതന്നെ ജയ് ഷാക്കും ബിസിസി ഐക്കും ഇക്കാര്യത്തില്‍ രോഹിത്തിനോട് വിയോജിപ്പും കടുത്ത അമര്‍ഷവുമുണ്ട്. ഇത് പ്രതികാര നടപടിയായി മാറിയാല്‍ രോഹിത്തിന്റെ ടി20 ലോകകപ്പിലെ നായകസ്ഥാനവും തെറിച്ചേക്കും.

രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ട് നിലവില്‍ സജീവമാണ്. ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ മികവ് കാട്ടുകയും പൂര്‍ണ്ണ ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്താല്‍ രോഹിത്തിന് പകരം ഹാര്‍ദിക് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചേക്കും. ഇതിനുള്ള നീക്കം അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്. രോഹിത് ടി20 ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.
ജയ് ഷായെ രോഹിത് പ്രകോപിപ്പിക്കുകയും ചെയ്തതിനാല്‍ പണി കിട്ടാന്‍ സാധ്യത കൂടുതലായിരിക്കുകയാണ്. വിരാട് കോലിയുടെ ടി20 ലോകകപ്പിലെ സീറ്റ് ഇപ്പോഴും സംശയത്തിലാണ്. കോലിയെ കളിപ്പിച്ചാല്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങളെ പുറത്തിരുത്തേണ്ടതായി വരും. ഇക്കാരണത്താലാണ് കോലിയെ ഇന്ത്യ തഴയുന്നതിനെപ്പറ്റി ആലോചിക്കുന്നത്. കോലി കളിച്ചാല്‍ ശുബ്മാന്‍ ഗില്ലിന് പ്ലേയിങ് 11ലേക്കെത്തുക കടുപ്പമായിരിക്കും.
ഇക്കാരണത്താലാണ് കോലിയെ ഒതുക്കാനുള്ള ശ്രമം നടത്തുന്നത്. കോലി ടി20യിലും മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് പരിഗണിക്കുമ്പോള്‍ കോലി മോശമാണ്. പലപ്പോഴും 130ല്‍ താഴെയാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. അതുകൊണ്ടുതന്നെ സ്ലോ പിച്ചിലേക്ക് വരുമ്പോള്‍ ഈ സ്‌ട്രൈക്ക് റേറ്റ് വീണ്ടും കുറയാനാണ് സാധ്യത. ഇത് വിലയിരുത്തി കോലിയെ മാറ്റിനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്.
എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. കോലിയെ തഴഞ്ഞാല്‍ വലിയ പ്രതിഷേധവും വിമര്‍ശനവും നേരിടേണ്ടതായി വരും. കൂടാതെ കോലിയില്ലാതെ ഇന്ത്യ തോല്‍ക്കേണ്ടി വന്നാല്‍ കൂടുതല്‍ പ്രതിഷേധവും ഉയരുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം ആകുമെന്ന കാര്യം ഉറപ്പാണ്.