ന്യൂയോര്‍ക്ക്: ചിരവെരി പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി പാകിസ്താനെ വീഴ്ത്തി ഇന്ത്യ കരുത്തുകാട്ടിയിരിക്കുകയാണ്. ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 7 വിക്കറ്റിന് 113 റണ്‍സാണ് നേടാനായത്. ഇന്ത്യയെ ചെറിയ സ്‌കോറിലേക്കൊതുക്കിയപ്പോള്‍ പാകിസ്താന്‍ സജീവ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്.
പാകിസ്താന്റെ നട്ടെല്ലുകളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെയെല്ലാം പുറത്താക്കി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായത് ബുംറയായിരുന്നുവെന്ന് പറയാം. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്താണ് ബുംറയുടെ നാല് വിക്കറ്റ് പ്രകടനം. കളിയിലെ താരമായത് ബുംറയായിരുന്നു. ഇപ്പോഴിതാ പാകിസ്താനെതിരായ ഹീറോയിസത്തിന് പിന്നാലെ മാസ്റ്റര്‍ പ്ലാനെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.
'അവര്‍ ആദ്യം പന്തെറിഞ്ഞപ്പോള്‍ പിച്ചില്‍ നല്ല സ്വിങ്ങും ബൗണ്‍സുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ ബൗളിങ് ആരംഭിച്ചപ്പോള്‍ ഈ സ്വിങ്ങും ബൗണ്‍സും കുറഞ്ഞു. ചെറിയ വിജയലക്ഷ്യമായതിനാല്‍ ബൗളിങ്ങില്‍ കൃത്യത കൊണ്ടുവരാനാണ് ശ്രമിച്ചത്. മാജിക്കല്‍ പന്തുകളെറിയാന്‍ പോയാല്‍ റണ്‍സ് പോകാന്‍ സാധ്യതയുണ്ട്. ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ ഇത് സാഹസമാണ്. അതുകൊണ്ടുതന്നെ അനാവശ്യ പരീക്ഷണത്തിന് തയ്യാറാവാതെ വലിയ ബൗണ്ടറിയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
ഇതാണ് ടീമിന്റെ പദ്ധതി. ഇതിലൂടെ സമ്മര്‍ദ്ദം സൃഷ്ടിക്കാനും വിക്കറ്റ് നേടിയെടുക്കാനും സാധിച്ചു. ചെറുപ്പം മുതല്‍ നിരവധി ക്രിക്കറ്റ് കളിക്കുന്നയാളാണ് ഞാന്‍. പന്തും ബാറ്റും തമ്മിലുള്ള വെല്ലുവിളിയെ ഞാന്‍ ആസ്വദിക്കുന്നു. ബാറ്റും ബാറ്റും തമ്മിലുള്ള പോരാട്ടങ്ങളെക്കാള്‍ ഞാന്‍ ആസ്വദിക്കുന്നത് ബൗളര്‍മാരുടെ പോരാട്ടമാണ്. പന്തും ബാറ്റും തമ്മിലുള്ള പോരാട്ടമാകുമ്പോഴേ മത്സരം ആവേശകരമാവുകയുള്ളൂ. ഞാന്‍ വളരെ സന്തോഷത്തിലാണ്' ബുംറ പറഞ്ഞു.

കൃത്യമായ സമ്മര്‍ദ്ദം സൃഷ്ടിച്ച് വിക്കറ്റ് നേടിയെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് 1 വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് സിറാജിന് വിക്കറ്റ് നേടാനായില്ലെങ്കിലും 4 ഓവറില്‍ വെറും 19 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിറാജിന് സാധിച്ചു. ആക്രമണോത്സകതയോടെയാണ് സിറാജും പന്തെറിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ ബൗളറെന്ന നിലയില്‍ വളരെ മികച്ച പ്രകടനം നടത്തി.
4 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് ഹാര്‍ദിക് 2 വിക്കറ്റ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ 2 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. അക്ഷര്‍ പട്ടേല്‍ 2 ഓവറില്‍ 11 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് നേടിയത്. ഇക്കോണമി കാത്ത് പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. പാകിസ്താന്റെ ബാറ്റിങ് നിരയുടെ ദൗര്‍ബല്യത്തെ മുതലാക്കാന്‍ ബുംറക്കും സംഘത്തിനുമായി. കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.
ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്നത്. രോഹിത് ശര്‍മ 13 റണ്‍സ് നേടിയപ്പോള്‍ വിരാട് കോലി 4 റണ്‍സാണ് നേടിയത്. റിഷഭ് പന്തിന് നാല് തവണ ജീവന്‍ ലഭിച്ചപ്പോള്‍ 31 പന്തില്‍ 42 റണ്‍സ് നേടാന്‍ സാധിച്ചു. അക്ഷര്‍ പട്ടേല്‍ നിര്‍ണ്ണായകമായ 20 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യയുടെ പല പ്രധാനപ്പെട്ട താരങ്ങളും നിരാശപ്പെടുത്തി.
സൂര്യകുമാര്‍ യാദവ് 8 പന്തില്‍ 7 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ 9 പന്തില്‍ നേടിയത് 3 റണ്‍സ് മാത്രം. ഇന്ത്യയുടെ ബാറ്റിങ് നിര വരുന്ന മത്സരങ്ങളില്‍ മെച്ചപ്പെടാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് പറയാം.