ജൂണില്‍ നടക്കാനിരിക്കിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഈ മാസം അവസാനമോ, മേയ് ആദ്യവാരമോ ആയിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് സംഘത്തെ തിരഞ്ഞെടുക്കുക.
നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളാണ് ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുകയെന്നായിരുന്നു ഐപിഎല്ലിനു മുമ്പ് വരെ ഉറപ്പിച്ചിരുന്നത്. പക്ഷെ അപ്രതീക്ഷിത ട്വിസ്റ്റാണ് ഇപ്പോള്‍ സംഭവിക്കാന്‍ പോവുന്നത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ജയ്‌സ്വാളിനെ ലോകകപ്പ് ടീമില്‍ നിന്നു തഴഞ്ഞേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.

ജയ്‌സ്വാളിനു പകരം മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയായിരിക്കും രോഹിത്തിനൊപ്പം ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുകയെന്നാണ് വിവരം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി വീണ്ടുമൊരു സീസണില്‍ കൂടി മികച്ച പ്രകടനമണ് കോലി നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 72.20 ശരാശരിയില്‍ 147.34 സ്‌ട്രൈക്ക് റേറ്റില്‍ 361 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
ഇന്ത്യക്കു വേണ്ടി സ്ഥിരം മൂന്നാം നമ്പറിലാണ് കോലി കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും ഓപ്പണിങിലും തിളങ്ങാന്‍ സാധിക്കുന്നയാളാണ് കോലി. ഈ കാരണത്താല്‍ തന്നെയാണ് ജയ്‌സ്വാളിനെ തഴഞ്ഞ് കോലിയെ ഓപ്പണിങിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിക്കുന്നത്. കോലി ഓപ്പണ്‍ ചെയ്യുന്നതിനെക്കുറിച്ച് ബിസിസിഐ ഒഫീഷ്യലും ഒരു ദേശീയ മാധ്യമത്തോടു അടുത്തിടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
വിരാട് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ ഇതു സഹായിക്കുമെന്നു ടീം മാനേജ്‌മെന്റിനു തോന്നുകയാണെങ്കില്‍ കോലി തീര്‍ച്ചയായും ഓപ്പണറായി തന്നെ കളിച്ചേക്കും. ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ എവിടെയും കളിപ്പിക്കാവുന്നയാളാണ് കോലി. ആര്‍സിബിക്കു വേണ്ടി സ്ഥിരമായി അദ്ദേഹം ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ കോലി ഓപ്പണറാവുന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ ഇക്കാര്യം തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ തുറന്നു പറഞ്ഞത്.

ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി ഓപ്പണറായി ഇറങ്ങി 4000ത്തിനടുത്ത് റണ്‍സ് കോലി നേടിക്കഴിഞ്ഞു. 45നു മുകളില്‍ ശരാശരിയും 136 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഓപ്പണറായി ഇറങ്ങിയപ്പോഴാണ് കോലി എട്ടു സെഞ്ച്വറികളും ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ടി20യിലേക്കു വരികയാണെങ്കില്‍ ഇന്ത്യക്കായി കോലി ഓപ്പണ്‍ ചെയ്തത് ഒമ്പതു മല്‍സരങ്ങളിലാണ്. ഇവയില്‍ 57.14 ശരാശരിയില്‍ 161.29 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സും അടിച്ചെടുത്തു.
ജയ്‌സ്വാള്‍ ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടാല്‍ ബാക്കപ്പ് ഓപ്പണറായി ഇടം പിടിക്കുക മറ്റൊരു ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവയ്ക്കുന്നത്. ലോകകപ്പ് ടീമിലെ മറ്റൊരു സര്‍പ്രൈസ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ്. രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന ഫോമിലാണ് താരം. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ 318 റണ്‍സുമായി പരാഗ് രണ്ടാംസ്ഥാനത്തുമുണ്ട്.