ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. എന്നാല്‍ അഞ്ചാം നമ്പറില്‍ ഫോമില്ലാതെ തപ്പിത്തടയുന്ന ഔള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പകരം സഞ്ജു സാംസണിനെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം യൂട്യുബ് ചാനലില്‍ ആരാധകരുമായുള്ള ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ കസറവെ എന്തുകൊണ്ടാണ് ദുബെയെ ഒഴിവാക്കി മധ്യനിരയില്‍ സഞ്ജുവിനെ കളിപ്പിക്കാത്തത്? ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറാന്‍ അദ്ദേഹത്തിനു കഴിയും. ഇതേക്കുറിച്ച് അഭിപ്രായം എന്താണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഈ അഭിപ്രായത്തോടു താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നായിരുന്നു ശ്രീകാന്തിന്റെ മറുപടി.

യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു കൊണ്ടുവന്ന് വിരാട് കോലിയെ മൂന്നാം നമ്പറിലേക്കു മാറ്റണമെന്ന അഭിപ്രായങ്ങളോടു എനിക്കു യോജിപ്പില്ല. കാരണം ജയ്‌സ്വാള്‍ ഓപ്പണറാവുകയും കോലി മൂന്നിലേക്കു മാറുകയും ചെയ്താല്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെയാകെ അഴിച്ചുപണിയേണ്ടതായി വരും. അതുകൊണ്ടു തന്നെ അത്തരമൊരു നീക്കത്തിനോടു തനിക്കു യോജിപ്പില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
പക്ഷെ ദുബെയ്ക്കു പകരം മധ്യനിരയില്‍ സഞ്ജു സാംസണിനെ കളിപ്പിച്ചു കൂടെയെന്ന അഭിപ്രായത്താടു ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഈ റോളില്‍ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനു കഴിഞ്ഞേക്കും. മാത്രമല്ല ദുബെയ്ക്കു പകരം സഞ്ജുവിനെ ഇറക്കിയാല്‍ അതു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ ഒരു തരത്തിലും ബാധിക്കുകയും ചെയ്യില്ല.
രോഹിത്തും കോലിയും തന്നെ ഓപ്പണിങില്‍ തുടര്‍ന്നേ തീരൂ. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നാലാമനായി സൂര്യകുമാര്‍ യാദവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യശസ്വി ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിക്കുകയാണെങ്കില്‍ കോലിക്കു മൂന്നാം നമ്പറിലേക്കും റിഷഭ്, സൂര്യ എന്നിവര്‍ക്കു നാലും അഞ്ചും സ്ഥാനങ്ങളിലേക്കും ഇറങ്ങേണ്ടതായും വരും.
ചിലപ്പോള്‍ റിഷഭിനു അഞ്ചാം നമ്പറിലേക്കും മാറേണ്ടതായി വരും. ഇതു ബാറ്റിങ് ഓര്‍ഡറിനെയാകെ ബാധിക്കും. അതു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ ബാറ്റിങ് ലൈനപ്പില്‍ ഒരു മാറ്റമാണ് ആവശ്യമെങ്കില്‍ ദുബെയെ ഒഴിവാക്കി പകരം ഇതേ പൊസിഷനില്‍ സഞ്ജുവിനെ ഇന്ത്യക്കു കളിപ്പിക്കാമെന്നും ശ്രീകാന്ത് വിലയിരുത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനമാണ് വമ്പനടിക്കാരനായ ദുബെയ്ക്കു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തത്. വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ സ്പിന്നര്‍മാരുടെ അന്തകനായി താരം മാറുമെന്നും സെലക്ഷന്‍ കമ്മിറ്റി കണക്കുകൂട്ടുകയും ചെയ്തു. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ ദുരന്തമായി ദുബെ മാറിയിരിക്കുകയാണ്.
വലിയ സമ്മര്‍ദ്ദത്തോടെയും ഭയത്തോടെയുമാണ് താരം ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം കാണപ്പെട്ടത്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 22 ശരാശരിയില്‍ 83 സ്‌ട്രൈക്ക് റേറ്റില്‍ വെറും 44 റണ്‍സ് മാത്രമേ ദുബെ നേടിയിട്ടുള്ളൂ. അമേരിക്കയുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ പുറത്താവാതെ നേടിയ 31 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള നാല് ഇന്നിങ്‌സുകളിലും രണ്ടക്കം പോലും തികയ്ക്കാന്‍ താരത്തിനായിട്ടില്ല.
ഓള്‍റൗണ്ടറെന്ന നിലയിലാണ് സഞ്ജുവിനു പകരം ദുബെയ്ക്കു പ്ലെയിങ് ഇലവനിലേക്കു മുന്‍തൂക്കം ലഭിക്കുന്നതെങ്കിലും ബൗളിങില്‍ താരം വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടില്ല. ഒരൊയൊരു മല്‍സരത്തില്‍ ഒരോവര്‍ മാത്രമാണ് ദുബെ ടൂര്‍ണമെന്‍റില്‍ ബൗള്‍ ചെയ്തത്. ഈ ഓവറില്‍ മോശമല്ലാതെ തല്ലുകിട്ടുകയും ചെയ്തു.