ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സൂപ്പര്‍ എട്ടില്‍ തീര്‍ച്ചയായും ഈ റോളില്‍ കളിപ്പിക്കണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങില്‍ ഓപ്പണ്‍ ചെയ്തത്. പക്ഷെ ഈ ജോടി വന്‍ പരാജയമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ വോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ലോകകപ്പിനു മുമ്പ് വരെ ടി20യില്‍ ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ ജയ്‌സ്വാളായിരുന്നു. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഓപ്പണിങില്‍ ഫ്‌ളോപ്പായത് താരത്തിനു വിനയായി. ഇതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഓപ്പണറായി റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ കോലിയെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.

പക്ഷെ ലോകകപ്പില്‍ അദ്ദേഹം വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും രണ്ടക്കം തികയ്ക്കാന്‍ കോലിക്കായിട്ടില്ല. ഒരു കളിയില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. 1, 4, 0 എന്നിങ്ങനെയാണ് സ്‌കോറുകള്‍. നേരത്തേ ഗ്രൂപ്പുഘട്ടം ഇന്ത്യ കളിച്ചത് ന്യൂയോര്‍ക്കിലെ ദുഷ്‌കരമായ പിച്ചിലാണെങ്കില്‍ ഇനി സൂപ്പര്‍ എട്ടില്‍ ഇറങ്ങുക ബാറ്റിങ് കുറേക്കൂടി എളുപ്പമായ വിന്‍ഡീസിലാണ്. അതുകൊണ്ടു തന്നെ കോലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു തന്നെയാണ് ടീം മാനേജ്‌മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.
ക്രിക്ക്ബസുമായി സംസാരിക്കവെയാണ് ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടു വന്നേ തീരുവെന്നു വോന്‍ അഭിപ്രായപ്പെട്ടത്. മൂന്നാം നമ്പറില്‍ രോഹിത്, കോലി ഇവരില്‍ ആരു കളിച്ചാലും അതു വിഷയമല്ലെന്നും അദ്ദേഹം പറയുന്നു.
യശസ്വി ജയ്‌സ്വാളിനെ എനിക്കു ഇഷ്ടമാണ്. അവന്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിയോ, രോഹിത് ശര്‍മയോ കളിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ അത്ര കാര്യമാക്കുന്നില്ല. ശിവം ദുബെയാണ് അഞ്ചാം നമ്പറില്‍ കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും കരീബിയയില്‍ അദ്ദേഹത്തിനു പകരം ഈ സ്ഥാനത്തു റിഷഭ് പന്ത് കളിക്കണമെന്നും വോന്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കു വേണ്ടി ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചിട്ടുള്ളത്. രണ്ടിലും ശ്രദ്ധേയമായ പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടി20യില്‍ 17 മല്‍സരങ്ങളില്‍ നിന്നും 161.93 സ്‌ട്രൈക്ക് റേറ്റില്‍ 502 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ജയ്‌സ്വാള്‍ അതിശയിപ്പിക്കുന്ന കളിക്കാരന്‍ തന്നെയാണ്. വളരെ മികച്ച ബാറ്ററാണ് അവന്‍. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ജയ്‌സ്വാളിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും വോന്‍ പറയുന്നു. ഇത്തവണത്തെ ലോകകപ്പില്‍ കൂടുതല്‍ ഇടംകൈയന്‍ ബാറ്റര്‍മാരെ ടീമിലേക്കു ഇന്ത്യ കൊണ്ടുവന്നത് വളരെ നല്ല നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഇടംകൈയന്‍ ബാറ്റര്‍മാരെ ടീമിലുള്‍പ്പെടുത്തിയത് നല്ല കാര്യമാണ്. മുന്‍ ലോകകപ്പുകളില്‍ ഇടംകൈയന്‍ ബാറ്റര്‍മാരെ ഉള്‍പ്പെടുത്താതെ ഇന്ത്യ അബദ്ധം കാണിച്ചിരുന്നു. ഇത്തവണ ആ തെറ്റ് തിരുത്തിയതായും വോന്‍ നിരീക്ഷിച്ചു. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം 20ന് അഫ്ഗാനിസ്താനുമായിട്ടാണ്.