ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്നു നേരത്തേ ആവശ്യപ്പെട്ടു കൊണ്ടിരുന്ന മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ വാക്കുമാറ്റിയിരിക്കുകയാണ്. സഞ്ജു ടീമില്‍ വേണ്ടെന്നും പകരം യശസ്വി ജയ്‌സ്വാളിനെയാണ് പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വരേണ്ടതെന്നുമാണ് ഭാജിയുടെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കോട്ട് ആന്റ് ബോള്‍ഡെന്ന (Caught & Bold) ഷോയില്‍ സംസാരിക്കവെയാണ് തന്റെ മുന്‍ നിലപാടില്‍ നിന്നും അദ്ദേഹം മലക്കം മറിഞ്ഞത്.
സഞ്ജുവല്ല, മറിച്ച് ജയ്‌സ്വാളാണ് ടീമില്‍ വേണ്ടതെന്നു താന്‍ പറയാനുള്ള കാരണവും ഹര്‍ഭജന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഫീല്‍ഡിങില്‍ ജയ്‌സ്വാളിനോളം മിടുക്ക് സഞ്ജുവിനു ഇല്ലെന്ന വളരെ വിചിത്രമായ കാരണമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്തുള്‍പ്പെട്ട ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിനെ ഭാജി തള്ളിപ്പറഞ്ഞത്.

യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരേണ്ട സമയമായിരിക്കുകയാണ്. സഞ്ജു സാംസണല്ല ആദ്യം ടീമിലെത്തേണ്ടത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തന്നെ റിഷഭ് പന്തുണ്ട്. അദ്ദേഹത്തിനു പകരം നിങ്ങള്‍ക്കു സഞ്ജുവിനെ കളിപ്പിക്കാനും കഴിയില്ല. ജയ്‌സ്വാളിന്റെയത്ര മികച്ച ഫീല്‍ഡറാണ് സഞ്ജുവെന്നു എനിക്കു തോന്നുന്നില്ല. ബാറ്ററെന്ന നിലയില്‍ സഞ്ജു കേമനമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
റിഷഭിനോടൊപ്പം വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡിലേക്കു വന്ന സഞ്ജു ഒരു മല്‍സരം പോലും കളിക്കാതെ നാട്ടിലേക്കു മടങ്ങാന്‍ തന്നെയാണ് സാധ്യത. ഗ്രൂപ്പുഘട്ടത്തില്‍ കാനഡയ്‌ക്കെതിരേയുള്ള അപ്രസക്തമായ അവസാന മല്‍സരം അദ്ദേഹത്തെ പരീക്ഷിക്കാനുള്ള നല്ലൊരു അവസരമായിരുന്നു.
സഞ്ജു ഉറപ്പായും പ്ലെയിങ് ഇലവനിലേക്കു വരുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പിച്ചിലെ ഈര്‍പ്പം കാരണം ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടത്തോടെ ഇന്ത്യക്കായി ലോകകപ്പില്‍ അരങ്ങേറുകയെന്ന സഞ്ജുവിന്റെ മോഹം പൊലിയുകയായിരുന്നു.
ലോകകപ്പിനു തൊട്ടുമുമ്പ് ബംഗ്ലാദേശുമായി നടന്ന ഏക സന്നാഹ മല്‍സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് തന്റെ കഴിവ് തെളിയിക്കാനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്ക് അവകാശവാദമുന്നയിക്കാനും കിട്ടിയ സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ ഇതു കളഞ്ഞുകുളിച്ച സഞ്ജു വെറും ഒരു റണ്‍സിനു പുറത്തായി. ഈ കളിയില്‍ മൂന്നാമനായി പരീക്ഷിക്കപ്പെട്ട റിഷഭ് തകര്‍പ്പന്‍ ഫിഫ്റ്റിയുമായി അവസരം മുതലാക്കുകയും ചെയ്തു.

ഇതോടെ ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കാനുള്ള അവസരവും റിഷഭിനെ തേടിയെത്തി. ഇതു മുതലാക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. റിഷഭ് ഇലവനില്‍ സ്ഥാനമുറപ്പിച്ചതോടെ സഞ്ജുവിന്റെ നോട്ടം അഞ്ചാം നമ്പറിലേക്കായിരുന്നു.
വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കാണ് ഇന്ത്യ ഈ റോള്‍ നല്‍കിയത്. ആദ്യ മല്‍സരം മുതല്‍ താരം ഈ റോളില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് പിന്തുണ തുടരുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശുമായി നടന്ന കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു സിക്‌സറുകളടക്കം 34 റണ്‍സെടുത്ത് ദുബെ ക്ലിക്കാവുകയും ചെയ്തു.
ഇതോടെ ടീമിലേക്കു സഞ്ജുവിന്റെ വഴി പൂര്‍ണമായും അടഞ്ഞ മട്ടാണ്. ഓസ്‌ട്രേലിയയുമായുള്ള സൂപ്പര്‍ എട്ട് മല്‍സരവും സെമിയും ഫൈനലുമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. നിലവിലെ സാചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ ഇനി കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.