Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയെ മൂന്നാമനാക്കരുത്! അവനെ എവിടെ ഇറക്കും? പ്രശ്‌നം ചൂണ്ടിക്കാട്ടി ജാഫര്‍

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്കു മാറ്റണമെന്ന അഭിപ്രായങ്ങളുയരവെ ഇതിനെ എതിര്‍ത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഓപ്പണിങ് റോളില്‍ നിന്നും കോലിയെ മൂന്നാം നമ്പറിലേക്കു ഇറക്കിയാല്‍ അതു ബാറ്റിങ് ഓര്‍ഡറിനെയാകെ ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. യശസ്വി ജയ്‌സ്വാളിനെ പുറത്തിരുത്തിയാണ് നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കോലിയെ ഓപ്പണിങില്‍ പരീക്ഷിച്ചത്. പക്ഷെ ഈ നീക്കം വന്‍ പരാജയമാവുകയും ചെയ്തു.

ഗ്രൂപ്പു ഘട്ടത്തില്‍ കളിച്ച മൂന്നു ഇന്നിങ്‌സുകളിലും കോലിക്കു രണ്ടക്കം തികയ്ക്കാനായില്ല. അമേരിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇതോടെയാണ് സൂപ്പര്‍ എട്ടില്‍ കോലിയെ ഓപ്പണിങില്‍ നിന്നു മാറ്റി മൂന്നാം നമ്പറിലേക്കു തിരികെ കൊണ്ടുവരണമെന്നു പല മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ ഇത്തരമൊരു നീക്കം ഇന്ത്യ നടത്തരുതെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞത്. ഇതിന്റെ കാരണം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

VIRAT KOHLI

ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളിലും രോഹിത്- കോലി ഓപ്പണിങ് ജോടിയില്‍ തന്നെ ഉറച്ചുനില്‍ക്കണം. ഇവരെ മാറ്റുന്നത് ശരിയായിരിക്കുമെന്നു എനിക്കു തോന്നുന്നില്ല. കോലിയെ മൂന്നിലേക്കു മാറ്റി യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി കളിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അതിനു ശേഷം മൂന്നാമായി കോലിയെത്തിയാല്‍ റിഷഭ് പന്തിന്റെ കാര്യമെന്താവും? മുന്‍ മല്‍സരങ്ങളില്‍ മൂന്നാമനായി മികച്ച പ്രകടനം നടത്താന്‍ റിഷഭിനായിരുന്നു.

പക്ഷെ കോലി മൂന്നിലേക്കു വന്നാല്‍ അവനു താഴേക്കു ഇറങ്ങേണ്ടതായി വരും. നാലാം നമ്പറായിരിക്കും നല്‍കേണ്ടി വന്നേക്കുക. അപ്പോള്‍ സൂര്യകുമാര്‍ യാദവ് എവിടെ ബാറ്റ് ചെയ്യും? അതുകൊണ്ടു തന്നെ ബാറ്റിങ് ഓര്‍ഡറില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും. ഈ കാരത്താല്‍ തന്നെ ഇപ്പോഴത്തെ ഓപ്പണിങ് കോമ്പിനേഷനില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായിരിക്കും നല്ലതെന്നു താന്‍ കരുതുന്നതായും ജാഫര്‍ നിരീക്ഷിച്ചു.

പവര്‍പ്ലേയില്‍ എതിര്‍ ബൗളിങ് ആക്രമണത്തിനുമേല്‍ ആഞ്ഞടിക്കാന്‍ രോഹിത്തും കോലിയും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ബാറ്റിങില്‍ കൂടുതല്‍ താഴേക്കു ഇറക്കാന്‍ നിങ്ങളാഗ്രഹിക്കില്ല. അതുകൊണ്ടു തന്നെ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യുന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷന്‍.

ROHIT- KOHLI

പക്ഷെ പവര്‍പ്ലേയില്‍ കൂടുതല്‍ അഗ്രസീവായി അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ രോഹിത്തും കോലിയും ശ്രമിക്കണം. ഇംഗ്ലണ്ടുമായുള്ള കളിയില്‍ ഓസ്‌ട്രേലിയന്‍ ടീം അതു ചെയ്തത് നമ്മള്‍ കണ്ടിരുന്നു. പവര്‍പ്ലേയില്‍ തന്നെ ഓസ്‌ട്രേലിയ ഏറെ മുന്നില്‍ കടന്നിരുന്നു. 74 റണ്‍സാണ് പവര്‍പ്ലേയില്‍ അവര്‍ അടിച്ചെടുത്തത്.

ഈ തരത്തിലാണ് കളിയില്‍ നിങ്ങള്‍ക്കു മാറ്റമുണ്ടാക്കാന്‍ സാധിക്കുക. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് മല്‍സരങ്ങളില്‍ രോഹിത്, വിരാട് എന്നിവരില്‍ നിന്നും ഇതു പോലെയുള്ള തുടക്കങ്ങള്‍ ഇന്ത്യന്‍ ടീമിനായി നിങ്ങള്‍ക്കു കാണാന്‍ സാധിച്ചേക്കുമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം 20ന് അഫ്ഗാനിസ്താനെതിരേയാണ്. 22നു നടക്കുന്ന രണ്ടാമങ്കത്തില്‍ ബംഗ്ലാദേശ് /നെതര്‍ലാന്‍ഡ്‌സ് എന്നിവയിലൊരു ടീമിനെയാണ് ഇന്ത്യക്കു ലഭിക്കുക. 24നു മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും.

Story first published: Monday, June 17, 2024, 8:02 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+