ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനായി അവസാനവട്ട പടയൊരുക്കത്തിിലാണ്. ബുധനാഴ്ച രാത്രി ഗ്രൂപ്പ് എയില്‍ അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ അങ്കം. വലിയൊരു മാര്‍ജിനില്‍ തന്നെ ഈ മല്‍സരം ജയിച്ച് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിനു മുന്നോടിയായുള്ള സന്നാഹത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിനു ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് നിലവിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റും ബോളും കൊണ്ടും മാത്രമല്ല തീപ്പൊരി ഫീല്‍ഡിങിലൂടെയും കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. പക്ഷെ ടി20 ലോകകപ്പില്‍ ജഡ്ഡുവിനെ ഇന്ത്യക്കു ബാറ്റിങില്‍ വിശ്വസിക്കാമോയെന്നതാണ് ചോദ്യം. കാരണം ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല.

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ സന്നാഹത്തിലും ജഡ്ഡു ബാറ്റിങില്‍ കാര്യമായൊന്നും ചെയ്തില്ല. ആറു ബോളുകള്‍ നേരിട്ട അദ്ദേഹം പുറത്താവാതെ വെറും നാലു റണ്‍സാണ് നേടിയത്. സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങ് ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ജഡേജയ്ക്കു ഫിനിഷറുടെ റോള്‍ കൂടി നിര്‍വഹിക്കേണ്ടി വരും. പക്ഷെ അദ്ദേഹത്തിന്റെ ടി20യിലെ റെക്കോര്‍ഡ് നോക്കുമ്പോള്‍ വലിയ പ്രതീക്ഷ വേണ്ടെന്നതാണ് സത്യം.
ടി20 ഫോര്‍മാറ്റില്‍ മികച്ചൊരു ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ക്കു ആവശ്യമായ സ്‌ട്രൈക്ക് റേറ്റല്ല ജഡേജയ്ക്കുള്ളത്. 66 ടി20കളില്‍ 36 ഇന്നിങ്‌സുകളില്‍ ബാറ്റ് വീശിയപ്പോള്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് വെറും 125.33 മാത്രമാണ്. ഇതു തീര്‍ച്ചയായും ഒരു ടി20 ബാറ്ററെ സംബന്ധിച്ച് വളരെ മോശമാണെന്നു തന്നെ പറയേണ്ടി വരും. ഇങ്ങനെയൊരാള്‍ക്കു എങ്ങനെ ഫിനിഷറുടെ റോള്‍ ലോകകപ്പില്‍ ഏറ്റെടുക്കാന്‍ സാധിക്കും? ടി20യില്‍ 22.86 ശരാശരിയില്‍ 480 റണ്‍സാണ് ജഡ്ഡുവിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും താരം നേടിയിട്ടുമില്ല. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്.
ജഡേജയേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് ഇന്ത്യക്കു വേണ്ടി വാലറ്റത്ത് ബാറ്റ് ചെയ്യുന്ന യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനുണ്ടെന്നതാണ് കൗതുകകരമായ കാര്യം. 12 ടി20കളില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 130.8 ആണെന്നു കാണാം. ജഡേജയേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അര്‍ഷ്ദീപിനു സാധിക്കുന്നുവെന്നതാണ് ഇതു അടിവരയിടുന്നത്. അങ്ങനെ വരുമ്പോള്‍ ജഡ്ഡുവിനേക്കാള്‍ മികച്ച ഓള്‍റൗണ്ടറും അര്‍ഷ്ദീപ് തന്നെയല്ലേ?

ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ജഡേജ ഇപ്പോഴും ഒഴിവാക്കാന്‍ സാധിക്കാത്ത താരം തന്നെയാണ്. പക്ഷെ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ടീമിനു ബാധ്യതയായി മാറിയിരിക്കുകയാണ്. ബൗള്‍ ചെയ്യുന്നതോടൊപ്പം കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു ഓള്‍റൗണ്ടറെയാണ് ടി20യില്‍ ഇന്ത്യക്കു ഇപ്പോള്‍ ആവശ്യം.
അതുകൊണ്ടു തന്നെ ഈ ലോകകപ്പിനു ശേഷം ജഡ്ഡുവിനെ ടി20 ടീമുകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി പുതിയൊരാളെ ഇന്ത്യ വളര്‍ത്തി കൊണ്ടു വരേണ്ടതുണ്ട്. യുവതാരം റിയാന്‍ പരാഗ് തീര്‍ച്ചയായും വളരെ മികച്ചൊരു ഓപ്ഷന്‍ തന്നെയാണ്. കഴിഞ്ഞ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കസറിയ പരാഗ് അധികം വൈകാതെ തന്നെ ടി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുമെന്നുറപ്പാണ്.