മുബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍. ആര്‍സിബിക്കെതിരേ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ മുംബൈയുടെ വിജയത്തിനു അടിത്തറയിട്ടത് ഇഷാന്റെ ഇടിവെട്ട് പ്രകടനമാണ്. വെറും 34 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 69 റണ്‍സായിരുന്നു.
ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാത്തെ താരമായും ഇഷാന്‍ മാറിയിരിക്കുകയാണ്. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന റിഷഭ് പന്തിനെയാണ് ഇഷാന്‍ പിന്തള്ളിയത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 182.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 32.20 ശരാശരിയില്‍ 161 റണ്‍സ് താരം നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഇതിലുള്‍പ്പെടും റണ്‍വേട്ടയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മലയാളി താരം സഞ്ജു സാംസണ്‍ (246 റണ്‍സ്) മാത്രമേ ഇനി ഇഷാന് മുന്നിലുള്ളൂ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടു ഓപ്പണ്‍ ചെയ്യുകയെന്നാണ് വിവരം. പക്ഷെ ഐപിഎല്ലില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ജയ്‌സ്വാളിനെ മാറ്റി ഇഷാനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടു വരണം. അങ്ങനെ ചെയ്താല്‍ കൂടുതല്‍ സന്തുലിതമായ, ശക്തമായ പ്ലെയിങ് ഇലവനെ അണിനിരത്താന്‍ സാധിക്കും. ഇതു എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.
രോഹിത്തും ജയ്‌സ്വാളും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഇന്ത്യക്കു മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലെ ഒരു വിക്കറ്റ് കീപ്പറെക്കൂടി ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും. അങ്ങനെ വന്നാല്‍ ഹാദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയൂ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ ഇന്ത്യക്കു മാറ്റിനിര്‍ത്താനാവില്ല. ഈ കാരണത്താല്‍ സ്വാഭാവികമായും ദുബെയുടെ ചീട്ടായിരിക്കും കീറുക.
പക്ഷെ രോഹിത്തിനൊപ്പം ഇഷാനെ ഓപ്പണറാക്കിയാല്‍ ഇന്ത്യക്കു രണ്ടു ഗുണങ്ങളുണ്ട്. ഒരു ഇടംകൈയന്‍ ബാറ്ററെ ലഭിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പിങ് ഓപ്ഷനും ഇന്ത്യക്കു ലഭിക്കുകയാണ്. അങ്ങനെ വന്നാല്‍ മധ്യനിരയില്‍ ഒരു അധിക ബാറ്ററെയോ, ഓള്‍റൗണ്ടറെയോ കൂടി ഇന്ത്യക്കു കളിപ്പിക്കാം. അതായത് ഹാര്‍ദിക്കിനോടൊപ്പം വമ്പനടിക്കാരനായ ദുബെയെയും ഇന്ത്യക്കു കളിപ്പിക്കാമെന്നു ചുരുക്കം.

ഹാര്‍ദിക്, ദുബെ, റിങ്കു സിങ് എന്നീ മൂന്നു പേരും കൂടി ചേര്‍ന്നാല്‍ അതു ഇന്ത്യന്‍ ബാറ്റിങിനെ വേറെ ലെവലിലേക്കു ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. പക്ഷ ഇഷാന്‍ ഓപ്പണാറായാല്‍ മാത്രമേ ഇന്ത്യക്കു അതു സാധിക്കുകയുള്ളൂ. വിരാട് കോലിക്കു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാണ്. തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെയായിരിക്കും അദ്ദേഹം കളിക്കുക. നാലാം നമ്പറില്‍ 360 ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യക്കായി ബാറ്റ് ചെയ്യുക.
അഞ്ചാം നമ്പറില്‍ ദുബെ കളിക്കുമ്പോള്‍ ആറാമനായി ഹാര്‍ദിക്കായിരിക്കും ബാറ്റ് ചെയ്യുക. തുടര്‍ന്ന് സൂപ്പര്‍ ഫിനിഷറായ റിങ്കുവിന്റെ ഊഴമായിരിക്കും എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാളെ കളിപ്പിക്കാവുന്നതാണ്. യുസ്വേന്ദ്ര ചഹല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവുമ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും പേസ് ബൗളിങ് കൈകാര്യം ചെയ്യും.
ഇഷാനുള്‍പ്പെട്ട ഇന്ത്യ 11
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.