മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം കെട്ടടങ്ങി ഇനി ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ആറ് മാസം മാത്രമാണ് ടി20 ലോകകപ്പിലേക്കുള്ളത്. ക്രിക്കറ്റ് ടീമുകളെല്ലാം അണിയറയില്‍ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇനി പദ്ധതികള്‍ മെനഞ്ഞ് ലോകകപ്പിനായുള്ള കാത്തിരിപ്പാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല.
ഇത്തവണ തട്ടകത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പും കൈവിട്ടു. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകാനാണ് സാധ്യതയെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോലിയുടെ ടി20 ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കോലിക്ക് പകരം മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ എന്ന നിലയിലേക്ക് ഇന്ത്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് വിവരം. കോലി മൂന്നാം നമ്പറിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കോലിക്കായിരുന്നു. അതുകൊണ്ടുതന്നെ ടീമിന്റെ നട്ടെല്ലായി കോലിയെപ്പോലൊരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്.
എന്നാല്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകാനാണ് താല്‍പര്യം കാട്ടുന്നത്. എന്നാല്‍ ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. രോഹിത് ശര്‍മയെ ഇന്ത്യ മാറ്റിനിര്‍ത്തിയാലും അത് ടീമിനെ കാര്യമായി ബാധിച്ചേക്കില്ല. എന്നാല്‍ കോലി ടി20 ടീമില്‍ നിന്ന് വിട്ടുനിന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ എല്ലാ താരങ്ങളും വെടിക്കെട്ട് ബാറ്റിങ് നടത്തുമ്പോള്‍ ആംഗര്‍ റോളില്‍ ഒരാള്‍ വേണം.

ഇപ്പോഴും മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന കോലി ഈ റോളില്‍ എന്തുകൊണ്ടും അനുയോജ്യനാണ്. എന്നാല്‍ പ്രായം 35 പിന്നിടുന്നതിനാല്‍ കോലി ടി20യില്‍ വഴിമാറിക്കൊടുക്കാന്‍ താല്‍പര്യം കാട്ടുന്നുണ്ടെന്നാണ് വിവരം. ഏകദിനത്തിലും ടെസ്റ്റിലും കോലി കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നാണ് വിവരം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് വിരാട് കോലിയായിരുന്നു.
കോലി ടി20 ടീമില്‍ തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്. എന്നാല്‍ തലമുറമാറ്റം അത്യാവശ്യമായതിനാല്‍ കോലിക്ക് പകരക്കാരനെ ആലോചിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ഇഷാന്‍ കിഷന്‍ ഈ റോളിലേക്കെത്തുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. റുതുരാജ് ഗെയ്ക് വാദിന് കോലിയുടെ റോള്‍ ടി20 ഫോര്‍മാറ്റില്‍ ചെയ്യാനാവും. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറുമ്പോള്‍ തല്‍സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാള്‍ എത്താനാണ് സാധ്യത.
ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടാവും ഓപ്പണിങ്ങിലെത്താന്‍ കൂടുതല്‍ സാധ്യത. മധ്യനിരയില്‍ റിങ്കു സിങ്ങിനും ഇടം ലഭിച്ചേക്കും. ജിതേഷ് ശര്‍മ മുഖ്യ വിക്കറ്റ് കീപ്പറാവാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനാവും ഒന്നാം നമ്പര്‍ കീപ്പറെന്നാണ് സൂചന. കെ എല്‍ രാഹുലിനും ടി20 ഫോര്‍മാറ്റില്‍ ഇടം ലഭിച്ചേക്കില്ല. ഇന്ത്യ ടി20യില്‍ പൂര്‍ണ്ണമായും യുവതാരങ്ങളിലേക്ക് മാറുന്നത് ടീമിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.
സൂര്യകുമാര്‍ യാദവ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നട്ടെല്ലായുണ്ടാവും. ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അനുഭവസമ്പന്നരായ താരങ്ങള്‍ ഇന്ത്യക്കൊപ്പം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.