ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ഇടം ലഭിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോള്‍ ടീം ഇന്ത്യയുടെ പ്ലാനുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്ന താരത്തിന്റെ മുഖ്യ കരാറും റദ്ദാക്കാനാണ് ഇനി ബിസിസിഐയുടെ നീക്കം. ഇതോടെ ഇഷാന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ ഒരുപക്ഷെ അവസാനിക്കാനും സാധ്യതയുമുണ്ട്.
കാര്യങ്ങള്‍ ഇത്ര മാത്രം വഷളായതിനു കാരണക്കാരന്‍ ഇഷാന്‍ തന്നെയാണ്. ടി20 ലോകകപ്പില്‍ തനിക്കു ഇടം ലഭിച്ചില്ലെങ്കില്‍ അതിനു സ്വയം പഴിക്കുകയല്ലാതെ അദ്ദേഹത്തിനു മറ്റൊന്നും ചെയ്യാനില്ല. കാരണം ബിസിസിഐയെയും സെലക്ഷന്‍ കമ്മിറ്റിയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയുമെല്ലാം ധിക്കരിച്ച ഒരാള്‍ക്കു പിന്നീട് ദേശീയ ടീമിനു വേണ്ടി കളിക്കുക അസാധ്യം തന്നെയാണ്.

ഇഷാന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമെല്ലാമാണ് ഇപ്പോള്‍ ഇത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. നേരത്തേ റിഷഭ് പന്ത് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് അദ്ദേഹമാണ്.
പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇഷാന്റെ കരിയറിലെ മോശം സമയം ആരംഭിച്ചത്. സൗത്താഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യ ടെസ്റ്റിനു മുമ്പ് ടീം വിടുകയായിരുന്നു. മാനസികമായി ചെറിയൊരു ബ്രേക്ക് തനിക്കു ആവശ്യമാണെന്നു ടീം മാനേജ്‌മെന്റിനെ അറിയിച്ചായിരുന്നു താരത്തിന്റെ പിന്‍മാറ്റം.
നാട്ടിലെത്തിയ ശേഷം ഇഷാന്‍ അധികം വൈകാതെ രഞ്ജി ട്രോഫിയില്‍ കളിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെയും ബിസിസിഐയുടെയും കണക്കുകൂട്ടല്‍. പക്ഷെ ഇഷാന്‍ എവിടെയാണെന്നു പോലും പിന്നീട് ആര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല. ഇതോടെ അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും ചെയ്തു.
ഇതിനിടെ ടീമിന്റെ ഭാഗമല്ലെങ്കിലും മുന്‍നിര കളിക്കാരും രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ചേതേശ്വര്‍ പുജാരയടക്കമുള്ള വെറ്ററന്‍മാര്‍ പോലും രഞ്ജി കളിച്ചിട്ടും ഇഷാന്‍ ഇതൊന്നും അറിഞ്ഞ ഭാവം നടിച്ചില്ല. ഇതോടെ ബിസിസിഐയും ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നു.
ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി കളിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ ഇഷാന്‍ രഞ്ജി കളിക്കാന്‍ തയ്യാറാവാതെ ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു.

ഇവയെല്ലാമാണ് ഇപ്പോള്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നുള്ള പുറത്താവലിന്റെ വക്കില്‍ ഇഷാനെ എത്തിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇനി മുംബൈയ്ക്കായി മിന്നിച്ചാലും ഇഷാനെ ദേശീയ ടീമില്‍ വേണ്ടെന്ന തീരുമാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും. അതുകൊണ്ടു തന്നെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇഷാന് ഇടമുണ്ടാവില്ലെന്നുറപ്പാണ്.
ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാക്കിയത്. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ ടീമിലേക്കു വരും. പരിക്കു ഭേദമായ ശേഷം റിഷഭ് ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. പക്ഷെ അദ്ദേഹം വിക്കറ്റ് കാക്കാനിടയില്ല.
വിക്കറ്റ് കീപ്പിങില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്ന് ബാറ്ററായി മാത്രമാണ് റിഷഭ് കളിക്കുകയെങ്കില്‍ സഞ്ജുവിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിക്കാം. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജിതേഷും സഞ്ജുവുമായിരിക്കും ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇരുവരും ടീമില്‍ കാണും.